തിരുവനന്തപുരത്ത് മദ്യലഹരിയിൽ 13കാരന് മുത്തച്ഛന്റെ ക്രൂര മർദനം. കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയി തേക്ക് മരത്തിൽ കെട്ടിയിട്ട് പലക കൊണ്ട് കുട്ടിയെ മർ​ദിക്കുകയായിരുന്നു

പരിക്കേറ്റ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

New Update
trivndrum child

തിരുവനന്തപുരം: നഗരൂർ വെള്ളല്ലൂരിൽ മദ്യലഹരിയിൽ 13കാരന് മുത്തച്ഛന്റെ ക്രൂര മർദനം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മയുടെ അച്ഛനാണ് മർദിച്ചത്. 

Advertisment

സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ഇയാൾ കുട്ടിയെ മർദിക്കുകയായിരുന്നു.

കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയി തേക്ക് മരത്തിൽ കെട്ടിയിട്ട് പലക കൊണ്ട് കുട്ടിയെ മർ​ദിക്കുകയായിരുന്നു. ഇതു കണ്ട അയൽവാസികൾ വാർഡ് മെമ്പറെ വിവരമറിയിക്കുകയും അദ്ദേഹം സിഡബ്ല്യുസിയെ വിവരമറിയിക്കുകയും ചെയ്തു. 

വാർഡ് മെമ്പറും സിഡബ്ല്യുസി അം​ഗങ്ങളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

കുട്ടിയുടെ കാലിലും തുടയിലുമായി നിരവധി പാടുകളാണുള്ളത്. വയറിനടക്കം സാരമായ പരിക്കുണ്ട്. അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടർന്ന് കുട്ടിയും 14കാരനായ ജ്യേഷ്ഠനും മുത്തച്ഛനൊപ്പമായിരുന്നു താമസം.

കുട്ടികളെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറയുന്നു. കുട്ടികളെ നോക്കാറില്ലന്നും ഭക്ഷണം പോലും കൃത്യമായി കൊടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

പരിക്കേറ്റ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ മുത്തച്ഛനെതിരെ നഗരൂർ പൊലീസ് കേസ് എടുത്തു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.