തിരുവനന്തപുരം: വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് മാലിന്യ സംസ്‌കരണ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വേസ്റ്റത്തോണിന് ലഭിച്ചത് മികച്ച പ്രതികരണം.
വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ സ്റ്റാർട്ടപ്പുകളിൽ നിന്ന് 21, വിദ്യാർഥികളിൽ നിന്ന് 23, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്ന വിഭാഗത്തിൽ നിന്ന് 12 ഉൾപ്പെടെ ആകെ 56 ആശയങ്ങളാണ് ലഭിച്ചത്.
വിദ്യാർഥികളുടെ വിഭാഗത്തിൽ മത്സരിച്ച തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർഥി ധനുഷ് വിജയ് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയ്ക്ക് അർഹനായി.
ഇതിന് പുറമെ വിവിധ വിഭാഗങ്ങളിലായി ഖരമാലിന്യ സംസ്‌കരണ മേഖലയിൽ അഞ്ചും ദ്രവ മാലിന്യ സംസ്‌കരണ മേഖലയിൽ മൂന്നും ആശയങ്ങൾക്ക് അവയുടെ തുടർ ഗവേഷണ വികസന സാധ്യതകൾ പരിഗണിച്ച് പ്രോത്സാഹന സമ്മാനങ്ങൾ നല്കിയിട്ടുണ്ട്.
ഡോ. ജെന്നിഫർ ജോസഫ് (ബ്ലൂനോവ എക്കോഹബ്), സൗരബ് സാക്കറേയും സംഘവും (സിഎസ്ഐആർ-എൻഐഐഎസ്ടി), മുഹമ്മദ് ഇക്ബാൽ ടി (ചെന്നൈ ഐഐടി), മാത്യു സെബാസ്റ്റിയൻ (ലിവിംഗ് വാട്ടർഫൈൻ ടെക്നോളജീസ്), ശരവണൻ ജി (എൻഐടി തിരുച്ചിറപ്പള്ളി), ആഷിഷ് ഷാജനും സംഘവും (സെയിന്റ്ഗിറ്റ്സ് കോളജ് കോട്ടയം), നിതിൻ അനിൽ (ടീംസ്റ്റാർബേസ്), ദിലീപ് മാത്യു പോൾ (വിവിഫിക്ക സസ്റ്റെയ്നബിൾ സൊല്യൂഷൻസ്) എന്നിവർ 25,000 രൂപ വീതമുള്ള പ്രോൽസാഹന സമ്മാനത്തിന് അർഹരായി.