മൂന്നാം തുടർഭരണം ലക്ഷ്യമിടുന്ന പിണറായിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് ? കണ്ണൂരിൽ നിന്ന് എം.വി ജയരാജൻ തിരിച്ചെത്തുമോ. അതോ മുൻ ചീഫ്സെക്രട്ടറി വി.വേണു വരുമോ. ജയരാജൻ വന്നാൽ ഓഫീസിന്റെ പ്രതിച്ഛായ മാറുമെന്ന് വിലയിരുത്തൽ. പ്രഖ്യാപിത ലെഫ്‍റ്റായ വേണു വന്നാൽ ഉദ്യോഗസ്ഥരുമായുള്ള പ്രശ്നങ്ങൾ തീർത്ത് സർക്കാരിന് പുതിയ മുഖമാവും. തിരഞ്ഞെടുപ്പിന് മുൻപ് മാദ്ധ്യമങ്ങളുമായും ഉദ്യോഗസ്ഥരുമായും അനുനയം ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇനിയെങ്കിലും ജനകീയമായി മാറുമോ

രണ്ടാം പിണറായിസർക്കാർ വന്നപ്പോൾ മന്ത്രിമാരുടെ ഓഫീസുകൾക്ക് സിപിഎം പെരുമാറ്റച്ചട്ടം കൊണ്ടുവന്നു.

New Update
pinarayi vijayan

തിരുവനന്തപുരം: മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് മുന്നോട്ടു പോവുന്ന സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറിയായി ആര് വരുമെന്നാണ് രാഷ്ട്രീയ, ഭരണ കേന്ദ്രങ്ങളിലെ ച‌ർച്ച. 

Advertisment

ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ. വി.വേണു, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പദമൊഴിഞ്ഞ എംവി ജയരാജൻ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. 

നേരത്തേ ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സജീവമായിരുന്നത്. 

മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോൾ നിർജീവമാണെന്നും പാർട്ടിക്കാർക്കു പോലും ഒരു കാര്യവും സാധിച്ചെടുക്കാൻ കഴിയുന്നല്ലെന്നും പാർട്ടി സമ്മേളനങ്ങളിൽ വിമർശനം ഉയർന്നിരുന്നു. 

ഇതിനു പിന്നാലെയാണ് കെ.കെ.രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയത്.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സർക്കാരിന്റെ മുഖം കൂടുതൽ ജനകീയമാക്കുകയും വികസന പ്രവർത്തനങ്ങൾ സമയത്ത് തന്നെ പൂർത്തിയാക്കുകയും ചെയ്യുകയെന്നതാണ് ഇനിയുള്ള വെല്ലുവിളി. 

ഇതിന് ഭരണ രംഗത്ത് മികവു തെളിയിച്ചയാളെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചാൽ വി.വേണുവിന് നറുക്ക് വീഴും. 

വേണു ഇടത് സഹയാത്രികൻ മാത്രമല്ല, പാർട്ടിയുടെ കേ‍ഡറായിരുന്ന ആളാണ്. 

വിദ്യാർത്ഥി സംഘടനാ കാലത്തേ ഇടതുമായി ചേർന്നായിരുന്നു പോക്ക്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി സർക്കാരിന് ഇപ്പോൾ നല്ല അനുഭാവമല്ല ഉള്ളത്. 

ഉദ്യോഗസ്ഥർ ചേരി തിരിഞ്ഞ് പോരടിക്കുകയാണ്.

ഇപ്പോഴത്തെ ചീഫ്സെക്രട്ടറി ശാരദാ മുരളീധരനെതിരേ പ്രശാന്ത് അടക്കം ഉദ്യോഗസ്ഥർ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. 

വേണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയാൽ ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോര് പരിഹരിക്കാനും അവരുടെ പ്രതിഷേധവും എതിർപ്പും തണുപ്പിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.

എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കവേ, ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളുമായടക്കം നല്ല ഏകോപനം നടത്തിയിരുന്നു. 

ഒന്നാം പിണറായി സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ ജയരാജൻ നല്ല പങ്കാണ് വഹിച്ചത്. അതിനാൽ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലക്കാരന് ഏറെ പ്രാധാന്യമുണ്ട്. 

 പഴയ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ തിരിച്ചെത്തുമോയെന്നാണ് ഉയരുന്ന ചോദ്യം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് പ്രൈവറ്റ് സെക്രട്ടറിയെ നിശ്ചയിക്കേണ്ടത്.

ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് എം.വി. ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചത്.

പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര സ്ഥാനാർഥിയായപ്പോഴായിരുന്നു ഈ ചുമതലമാറ്റം.

 പകരം രാഷ്ട്രീയനിയമനമുണ്ടായില്ല. മുൻ ആദായനികുതി കമ്മിഷണർ ആർ. മോഹനനെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. 

പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടരുന്നതിനാലാണ് ഉദ്യോഗസ്ഥപരീക്ഷണത്തിന് അന്ന് തയ്യാറായത്.

രണ്ടാം പിണറായിസർക്കാർ വന്നപ്പോൾ മന്ത്രിമാരുടെ ഓഫീസുകൾക്ക് സിപിഎം പെരുമാറ്റച്ചട്ടം കൊണ്ടുവന്നു. 

മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ രാഷ്ട്രീയ നിയമനമായിരിക്കണമെന്ന് തീരുമാനിച്ചു

ധനം, വ്യവസായം തുടങ്ങിയ വകുപ്പുകൾക്കാണ് ഇതിൽ ഇളവുനൽകിയത്. കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത് അങ്ങനെയാണ്. 

പുത്തലത്ത് ദിനേശൻ സെക്രട്ടേറിയറ്റ് അംഗമാവുകയും ദേശാഭിമാനിയുടെ പത്രാധിപച്ചുമതല ഏറ്റെടുക്കുകയും ചെയ്തപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയും വന്നു. 

എന്നാൽ ശശി വിവിധ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. സർക്കാരിന്റെ പ്രതിച്ഛായയും അത്ര മെച്ചമല്ല.

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള മുഖം മിനുക്കലിന് പാർട്ടിയും മുഖ്യമന്ത്രിയും ഒരുങ്ങുന്നത്. 

ജയരാജനെയോ വേണുവിനെയോ നിയമിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുഖം മിനുങ്ങുമെന്നും പ്രതിച്ഛായ മെച്ചപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.

മാദ്ധ്യമങ്ങളുമായി മികച്ച ഏകോപനവും അതുവഴി മാദ്ധ്യമ പിന്തുണ ഉറപ്പാക്കാനുമാവും. 

ആരാവണം പ്രൈവറ്റ് സെക്രട്ടറിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് അറിയിക്കുകയെങ്കിലും അക്കാര്യം നിശ്ചയിക്കുന്നത് പിണറായി വിജയൻ തന്നെയായിരിക്കും.