സിൽവർലൈനിന്റെ വഴിയട‌ച്ച് കേന്ദ്രത്തിന്റെ വന്ദേഭാരത് സ്ലീപ്പർ. 1128 പേർക്ക് കിടന്നുറങ്ങി സഞ്ചരിക്കാവുന്ന ആഡംബര ട്രെയിൻ വരുന്നത് തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ. അതിവേഗവും ആഡംബരവും ഒരുമിക്കുന്ന വന്ദേഭാരത് സ്ലീപ്പർ വരുന്നതോടെ, ഒന്നര ലക്ഷം കോടി ചെലവിട്ട് സിൽവർലൈൻ നിർമ്മിക്കുന്നത് അനാവശ്യം. സുരക്ഷയ്ക്ക് കവച് സംവിധാനവും ജി.പി.എസ് അധിഷ്ഠിത എൽ.ഇ.ഡി ഡിസ്‌പ്ലേയുമടക്കം കിടിലൻ ട്രെയിൻ. പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി പൊളിച്ചടുക്കി കേന്ദ്രം

ഭൂമിയേറ്റെടുക്കലിനെത്തുടർന്നുണ്ടായ പൊതുജനങ്ങളുടെ എതിർപ്പിന് പിന്നാലെ സിൽവർലൈൻ പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്.

New Update
vande bharath

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിന്റെ വഴിയടച്ച് കേന്ദ്രത്തിന്റെ വന്ദേഭാരത് സ്ലീപ്പർ വരുന്നു.

Advertisment

സിൽവർ ലൈനിന്റെ റൂട്ടായ തിരുവനന്തപുരം- മംഗലാപുരം റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പറും വരുന്നത്.

ഒന്നര ലക്ഷം കോടിയോളം രൂപ ചെലവിട്ട് സർക്കാർ സിൽവർലൈൻ നിർമ്മിക്കേണ്ട സാഹചര്യം ഇതോടെ ഇല്ലാതായി.

അത്യാധുനിക സൗകര്യങ്ങളോടെ 1128 പേർക്ക് കിടന്നുറങ്ങി സഞ്ചരിക്കാവുന്ന ആഡംബര ട്രെയിനാണ് വന്ദേഭാരത് സ്ലീപ്പർ.

ദക്ഷിണ റെയിൽവേയ്ക്ക് ലഭിക്കുന്ന സ്ലീപ്പർ ട്രെയിനാണ് തിരുവനന്തപുരം- മംഗലാപുരം റൂട്ടിലോടുക. 

ഇന്ത്യയിൽ വന്ദേഭാരത് ട്രെയിനുകളിൽ യാത്രയ്ക്ക് ഏറ്റവും ഡിമാന്റുള്ളത് കേരളത്തിലാണ്.

160 ശതമാനമാണ് കേരളത്തിൽ വന്ദേഭാരതിന്റെ ഒക്യുപെൻസി നിരക്ക്.ഈ വർഷം പകുതിയോടെ വന്ദേസ്ളീപ്പർ ട്രെയിനുകൾ പുറത്തിറങ്ങും.

10 ട്രെയിനുകളാണ് നിർമ്മിക്കുന്നത്. ആദ്യ അലോട്ട്മെന്റ് ഉത്തരേന്ത്യയിലേക്കും രണ്ടാമത്തേത് കേരളത്തിലേക്കുമാണ് പരിഗണിച്ചിട്ടുള്ളത്.

ചെലവേറിയ വന്ദേഭാരതിന് രാജ്യത്ത് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത് കേരളത്തിലാണ്.

അതുകൊണ്ടാണ് വന്ദേസ്ളീപ്പർ സർവ്വീസിലും കേരളത്തിന് മുൻഗണന നൽകുന്നത്. തിരക്കേറിയ ബംഗളൂരു - എറണാകുളം റൂട്ടിലും വന്ദേസ്ളീപ്പർ സർവ്വീസ് വന്നേക്കും.

ചെന്നൈ - ഹൈദരാബാദ് റൂട്ടും പരിഗണനയിലുണ്ട്. ഇക്കൊല്ലം10ഉം അടുത്തവർഷം 50 എണ്ണവുമാണ് പുറത്തിറക്കുക.

16 കോച്ചുകളുള്ള വന്ദേസ്ളീപ്പർ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐ.സി.എഫ്) രൂപകല്പന ചെയ്യുന്നത്.

ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ആണ് നിർമ്മിച്ചത്. പൂർണമായും ശീതീകരിച്ച വണ്ടിയിൽ 1,128 യാത്രക്കാരെ ഉൾക്കൊള്ളും. 

വായനയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രകാശസംവിധാനം. ജി.പി.എസ് അധിഷ്ഠിത എൽ.ഇ.ഡി ഡിസ്‌പ്ലേ. മോഡുലാർ പാൻട്രി.

ഓട്ടോമാറ്റിക് വാതിലുകൾ എന്നിവയാണ് വന്ദേസ്ളീപ്പറിന്റെ സവിശേഷതകൾ. പ്രത്യേക പരിഗണന ആവശ്യമായവർക്കായി ബെർത്തുകളും ശൗചാലയങ്ങളും ക്രമീകരിച്ചിട്ടുണ്ടാവും.

ഓട്ടോമാറ്റിക് വാതിലുകളും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കവച് എന്നറിയപ്പെടുന്ന സമഗ്ര സുരക്ഷാ സംവിധാനവും കോച്ചുകളിൽ ഉണ്ടായിരിക്കും.

സിൽവർലൈൻ പദ്ധതിയെ റെയിൽവേ മന്ത്രാലയം തുടക്കംമുതലേ എതിർക്കുകയായിരുന്നു. അതിനാൽ കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകിയതുമില്ല.

സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിന്നുമാറ്റി, സാധാരണ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജിലാക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇതിലൂടെ വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളുമോടിക്കാം.

ബുള്ളറ്റ്ട്രെയിൻ ട്രാക്കൊഴികെയുള്ളതെല്ലാം ബ്രോഡ്‌ഗേജിലാവണമെന്ന് റെയിൽവേ നയം. 

ഇപ്പോഴുള്ള ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മീ വേഗമുള്ള രണ്ട് ലൈനുകൾ അനുവദിക്കാമെന്നും ഇത്തരത്തിൽ ഡി.പി.ആർ മാറ്റാനുമാണ് ദക്ഷിണറെയിൽവേ കെ-റെയിലിന് കത്തുനൽകിയത്.

നിലവിലെ ഇരട്ട റെയിൽപ്പാതയ്ക്ക് സമാന്തരമായി കേരളത്തിന്റെ പകുതിചെലവോടെ രണ്ട് പാതകൾ കൂടി നിർമ്മിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.

സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈനിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പക്ഷേ റെയിൽവേ എതി‌ർത്തതോടെ കേന്ദ്രം നിലപാട് മാറ്റുകയായിരുന്നു.  

ഭൂമിയേറ്റെടുക്കലിനെത്തുടർന്നുണ്ടായ പൊതുജനങ്ങളുടെ എതിർപ്പിന് പിന്നാലെ സിൽവർലൈൻ പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കും മുൻപ് സർക്കാർ പൊടിച്ചത് 70കോടി രൂപയാണ്. കഴിഞ്ഞ വർഷം മാത്രം 22.59കോടി രൂപ ചെലവിട്ടു.

പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ നാലുവർഷം മുൻപ് വിജ്ഞാപനമിറക്കിയെങ്കിലും ഒരു സെന്റുപോലും ഏറ്റെടുക്കാനായിട്ടില്ല. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിൽ 9.27കോടി ചെലവിട്ടു.

 സ്വകാര്യഭൂമിയിൽ മഞ്ഞക്കുറ്റിയിടാനുള്ള ശ്രമം ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.

955.13 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ 11 ജില്ലകളിൽ നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഓഫീസുകൾ പൂട്ടിക്കെട്ടുകയും ചെയ്തു.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അനുമതിക്കായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം തുടരുകയാണെന്നുമാണ് സർക്കാർ പറയുന്നത്.

എന്നാൽ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ വ്യക്തമാക്കിയതോടെ, സിൽവർലൈനിന്റെ വഴിയടഞ്ഞ മട്ടാണ്.

ഒമ്പത് ജില്ലകളിലെ 108ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭാവിവികസനത്തിന് തടസമാകുമെന്നും നിലവിലെ ലൈനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് റെയിൽവേയുടെ എതിർപ്പ്.

നേരത്തേ തത്വത്തിലുള്ള അനുമതി നൽകിയിരുന്നെങ്കിലും, സാമ്പത്തിക–സാങ്കേതിക സാദ്ധ്യതകൾ പരിഗണിച്ചായിരിക്കും അന്തിമാനുമതിയെന്നാണ് കേന്ദ്ര നിലപാട്.

പദ്ധതിരേഖയിൽ 63,940 കോടിയാണെങ്കിലും ചെലവ് 1.26 ലക്ഷം കോടിയാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക്. 

സിൽവർലൈൻ അനിശ്ചിതത്വത്തിലായതോടെ, കൽപ്പറ്റ വഴിയുള്ള തലശേരി-മൈസൂർ പുതിയ ബ്രോ‌ഡ്ഗേജ് ലൈൻ, നിലമ്പൂർ- നഞ്ചൻകോട് റെയിൽ, 27റെയിൽ ഓവർബ്രിഡ്‌ജുകൾ, ശബരി റെയിൽ തുടങ്ങിയ പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുത്തിരിക്കുകയാണ് കെ-റെയിൽ കോർപ്പറേഷൻ.

ഇതുവരെയുള്ള ചെലവുകൾ ഇങ്ങനെയാണ്- കൺസൾട്ടൻസി -29.30കോടി, എസ്റ്റാബ്ലിഷ്മെന്റ് -20.50കോടി, ലിഡാർ സർവേ --2.09കോടി, അതിർത്തി കല്ലിടൽ -1.14കോടി, മണ്ണുപരിശോധന -75.91ലക്ഷം, നീതി ആയോഗിന് മറുപടി -56.64ലക്ഷം, തീരദേശ മാപ്പിംഗ് -49.39ലക്ഷം.

പരിസ്ഥിതി ആഘാത പഠനം -40.12ലക്ഷം, ഹൈഡ്രോഗ്രാഫിക് സർവേ---32.03ലക്ഷം, സാമൂഹ്യാഘാത പഠനം -29.85ലക്ഷം, ഗതാഗത സർവേ -20.80ലക്ഷം, സ്റ്റേഷൻ ഡിസൈൻ 10.58ലക്ഷം. പദ്ധതിക്ക് അനുമതി കിട്ടിയില്ലെങ്കിലും വൻതോതിൽ ഇങ്ങനെ കോടികൾ ചെലവിടാനാണ് സർക്കാരിന് താത്പര്യമെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.