തിരുവനന്തപുരം: ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനായിരുന്നു ഷാജി എൻ കരുൺ എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ.
മലയാള സിനിമയ്ക്കും സാംസ്‌കാരിക ലോകത്തിനും വലിയ ആഘാതമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
മലയാള സിനിമാമേഖലയുടെ വളർച്ചയ്ക്കായി അദ്ദേഹം നടത്തിയ പ്രയത്നങ്ങൾ വളരെ വലുതാണ്.
1975ൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണവേളയിൽ അതിന്റെ ആസൂത്രണത്തിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു.
1976ൽ കെഎസ്എഫ്ഡിസിയിൽ ഫിലിം ഓഫീസറായി ചുമതലയേറ്റു. 1998ൽ രൂപം കൊണ്ട സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു.
കെഎസ്എഫ്ഡിസി ചെയർമാനായി പ്രവർത്തിച്ചു വരവേയാണ് വിയോഗം. സംസ്ഥാന സിനിമാ നയത്തിന്റെ രൂപീകരണം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്തിമഘട്ടത്തിലായിരുന്നു.
വരാൻ പോകുന്ന സിനിമാ കോൺക്ലേവിന്റെ മുഖ്യസംഘാടകനും അദ്ദേഹമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലെ പുരോഗമനാശയങ്ങളുടെ വഴിവിളക്കായി അദ്ദേഹം നിലകൊണ്ടു.
സാംസ്‌കാരിക മന്ത്രിയെന്ന നിലയിൽ ചുമതലയേറ്റെടുത്ത മുതൽ സിനിമാ സംബന്ധിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിർദേശങ്ങളും ആശയങ്ങളും ഏറെ സഹായകരമായിട്ടുണ്ട്.
ഒരു സഹോദരനെന്ന നിലയിലുള്ള അടുപ്പവും സ്നേഹവും തിരിച്ചും ഉണ്ടായിരുന്നു. വ്യക്തിപരമായി വലിയ വേദനയാണ് ഈ വേർപാട്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി സജി ചെറിയാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.