കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറി. ചികിത്സയിലിരിക്കെ രോ​ഗികൾ മരിച്ചത് പൊട്ടിത്തെറി കൊണ്ടല്ലെന്ന് വരുത്തി തീർക്കാനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപം. ഉത്തർപ്രദേശിലോ ബിഹാറിലോ ബംഗാളിലോ ആണ് ഇത്തരമൊരു അത്യാഹിതം ഉണ്ടായതെങ്കിൽ കേരള മാതൃകയെ പ്രകീർത്തിച്ച് രംഗത്തിറങ്ങുന്നവരെ ഇപ്പോൾ മഷിയിട്ടുനോക്കണം

പൊട്ടിത്തെറിക്ക് പിന്നാലെ അത്യാഹിത വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 5 പേർ മരണത്തിന് കീഴടങ്ങി എന്നതാണ് ഏറെ ദൗർഭാഗ്യകരമായ കാര്യം. 

New Update
kozhikode medical college2

തിരുവനന്തപുരം: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ബ്ലോക്കിലെ പൊട്ടിത്തെറി വിദഗ്ധ സംഘത്തെ കൊണ്ട്  അന്വേഷിപ്പിക്കാൻ തീരുമാനം. 

Advertisment

സംസ്ഥാനത്തെ ഇതര മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്നുള്ള വിദഗ്ധ ഡോക്ട‌ർമാരാകും അന്വേഷണത്തിന് നേതൃത്വം നൽകുക.


തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റ‍ർ സംവിധാനത്തിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നവർ അടക്കം അഞ്ച് പേരാണ് പൊട്ടിത്തെറിയോട് മരണപ്പെട്ടത്.


യു.പി.എസ് സംവിധാനത്തിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടോ  ബാറ്ററിക്കകത്തെ തകരാറുകളോ  ആകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സാങ്കേതിക വിദഗ്ധരുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യു.പി.എസ് സംവിധാനത്തിലെ പൊട്ടിത്തെറിയെ കുറിച്ച് സ‍ർക്കാരിന് കീഴിലുളള ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റാണ് പ്രാഥമിക അന്വേഷണം നടത്തിയത്.


മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്തതിന് ശേഷം തയാറാക്കിയ പ്രാഥമിക റിപോർട്ടിൽ മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ് അനുമാനം.


എന്നാൽ മരിച്ചത് പൊട്ടിത്തെറി കൊണ്ടല്ലെന്ന് വരുത്തി തീർക്കാനുളള ആസൂത്രിത നീക്കത്തിൻെറ ഭാഗമാണിതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കേരളത്തിലെ പ്രധാന മെഡിക്കൽ കോളജുകളിൽ ഒന്നും സാധാരണ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ആശുപത്രിയിലുമാണ് പൊട്ടിത്തെറി നടന്നത്.

പൊട്ടിത്തെറിക്ക് പിന്നാലെ അത്യാഹിത വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 5 പേർ മരണത്തിന് കീഴടങ്ങി എന്നതാണ് ഏറെ ദൗർഭാഗ്യകരമായ കാര്യം. 

ഉത്തർ പ്രദേശിലോ ബിഹാറിലോ ബംഗാളിലോ ആണ് ഇത്തരമൊരു അത്യാഹിതം ഉണ്ടായതെങ്കിൽ അതിനെ വിമർശിച്ചും കേരള മാതൃകയെ പ്രകീർത്തിച്ചും രംഗത്തിറങ്ങുന്ന സി.പി.എം നേതാക്കളെയും സൈബർ പോരാളികളെയും ഒന്നും ഇപ്പോൾ കാണാനില്ല.


സർക്കാർ സംവിധാനത്തെ വിശ്വസിച്ചും മികച്ച ചികിത്സ ലഭിക്കുമെന്ന് കരുതിയും ആണ് പാവപ്പെട്ട ആളുകൾ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് എത്തുന്നത്.


എന്നാൽ സർക്കാർ സംവിധാനത്തിലെ പോരായ്മകൾ മുലം 5 പേരുടെ ജീവനാണ് പൊലിഞ്ഞത്.കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേര്‍ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

സംഭവത്തില്‍ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന്  ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. 


അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. 


ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊട്ടിത്തെറിയിൽ സർക്കാരിൻെറ വീഴ്ച ആരോപിച്ച്  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

കോഴിക്കോട് മെഡിക്കല്‍കോളജ് സംഭവം സർക്കാർ അനാസ്ഥ കൊണ്ടുണ്ടായ കൊലപാതകങ്ങളാണെന്ന് ചെന്നിത്തല ആരോപിച്ചു. നിലവാരം കുറഞ്ഞ ബാറ്ററികള്‍ ഉപയോഗിച്ചതാണ് അപകട കാരണം.ഇതിലെ അഴിമതി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ബ്ലോക്കിലെ തീപിടുത്തത്തിൽ മരിച്ച നാലുപേരുടെ പ്രാധമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നത്.


മൂന്നു പേരുടെ മരണം ഹൃദയാഘാതം മൂലം ആണെന്നാണ് പ്രഥമിക വിലയിരുത്തൽ.മരിച്ചവരിൽ ഒരാൾ അപകടത്തിന്  മുൻപേ മരിച്ചതാണെന്നാണ് കണ്ടെത്തൽ.

ബന്ധുക്കൾ എത്താതിനാൽ ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല. പൊട്ടിത്തെറി നടന്ന യു.പി.എസ് മുറിയിൽ  പൊതുമരാമത്ത് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തി. 


അപകടകാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന നിഗമനത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 


സ്വകാര്യ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് ആര് വഹിക്കുമെന്നതിൽ  ഡോക്ടർമാർ അടങ്ങിയ സംഘത്തിൻ്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് ആരോഗ്യമന്ത്രി വീണാജോർജിൻെറ പ്രതികരണം. 

ചികിത്സാ ചെലവ് വഹിക്കുന്ന കാര്യം സർകാർ ചർച്ച ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചിട്ടുണ്ട്.

Advertisment