തിരുവനന്തപുരം : കെപിസിസി പുനസംഘടന സംബന്ധിച്ച കോൺഗ്രസിലെ ആശയക്കുഴപ്പത്തിൽ കുളംകലക്കാൻ ലക്ഷ്യമിട്ട് ഇടത് നവമാധ്യമ പ്രൊഫൈലുകളും രംഗത്ത്.
പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് ബെന്നി ബഹന്നാൻ, ആൻറോ ആൻറണി എന്നിവരെ മാറി മാറി പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നിരന്തരം ഇറക്കിക്കൊണ്ടാണ് ചില ഇടത് അനുകൂല പ്രൊഫൈലുകൾ രംഗത്തുള്ളത്.
ബിഷപ്പുമാർ പറയുന്ന കത്തോലിക്കനെ രംഗത്തിറക്കാനാണ് ആലോചിക്കുന്നതെങ്കിൽ ബെന്നി ബഹന്നാനെ പരിഗണിച്ചുകൂടെ .. എന്നും ക്രൈസ്തവനാണെങ്കിൽ ആൻറോ ആൻറണി തന്നെ ഭേദം..എന്നുമുള്ള പോസ്റ്റുകളാണ് ഇത്തരം പ്രൊഫൈലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
അതേസമയം ഹൈക്കമാണ്ടിൻറെ പരിഗണനാ ലിസ്റ്റിൽ ഉള്ള സണ്ണി ജോസഫിൻറെ പേരിൽ ഇത്തരം പോസ്റ്റുകൾ വരുന്നുമില്ല.
പുതിയ പ്രസിഡൻറിനെ ചൊല്ലി പാർട്ടിയിൽ ചർച്ചകൾ സജീവമായിരിക്കവേ കോൺഗ്രസിൻറെ അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും തർക്കം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പോസ്റ്റുകൾ.
മാത്രമല്ല ഇടതുപക്ഷത്തിന് ഭീക്ഷണിയാകുന്ന നേതാവ് ഈ പദവിയിലേയ്ക്ക് വരാതിരിക്കാനുള്ള കരുതലും ഈ നീക്കങ്ങൾക്ക് പിന്നിലുണ്ട്.