/sathyam/media/media_files/2025/02/13/73ybi4wjH0mezwFMw3UC.jpg)
തിരുവനന്തപുരം: കേരളത്തിലെ തൊഴിൽ അന്വേഷകരെ ആത്മവിശ്വാസത്തോടെ തൊഴിൽ അഭിമുഖങ്ങൾ നേരിടാൻ ശാക്തീകരിക്കുന്നതിന് വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്റ്റ്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന സൗജന്യ എം ഐ ടി ആർ (മെന്റൽ ഇനിഷ്യേറ്റഡ് ട്രെയിനിങ് ഫോർ റിക്രൂട്ട്മെന്റ്) ക്യാമ്പുകൾ ആരംഭിച്ചു.
മിത്ര് ക്യാമ്പുകളിലൂടെ തൊഴിൽ അന്വേഷകർക്ക് അഭിമുഖ പരിശീലനം, വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, തൊഴിൽ മേഖല പരിജ്ഞാനം എന്നിവ നൽകും.
കെ-ഡിസ്‌കിന്റെ പ്രധാന നൈപുണ്യ പരിശീലനങ്ങൾ കോർത്തിണക്കിയാണ് മിത്ര് ക്യാമ്പുകൾ സജ്ജമാക്കിയിരിക്കുന്നത്.
കേരളത്തിൽ ഉടനീളം വിജ്ഞാന കേരളത്തിന്റെ ഭാഗമായി തൊഴിൽ മേളകൾ നടന്നു വരികയാണ്. നൈപുണ്യ വികസനത്തിലൂടെ 25,000 തൊഴിൽ അന്വേഷകർക്ക് ആത്മ വിശ്വാസം വർദ്ധിപ്പിച്ചു അവരെ തൊഴിലിലേക്ക് നയിക്കുകയെന്നതാണ് മിത്ര് ക്യാമ്പുകൾ ലക്ഷ്യം വെക്കുന്നത്.
കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ വെച്ച് നടത്തുന്ന ക്യാമ്പുകളിൽ, കെഡിസ്‌കിന്റെ പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ട്രെയിനർമാരും മെന്റർമാരുമാണ് പരിശീലനം നൽകുന്നത്.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും തുടർ കരിയർ കൺസൽറ്റേഷനും ലഭ്യമാകും. എല്ലാ ജില്ലകളിലുമായി ഇരുനൂറിലധികം ക്യാമ്പുകളാണ് ഈ മാസത്തിൽ നടത്തുന്നത്. ക്യാമ്പുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് seed@kdisc.kerala.gov.in മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.