/sathyam/media/media_files/2025/05/06/bgWNAWgyb1DjUafXvzol.jpg)
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തം തടവ്.
10 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു.
പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു. പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്.
ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അപകടമെന്ന നിലയിൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസിൽ നിർണായക തെളിവായി.
പ്രിയരഞ്ജൻ കാറിലിരിക്കുന്നതും ആദിശേഖർ സൈക്കിളിൽ കയറിയ ഉടൻ കാറോടിച്ചു കയറ്റി കൊലപ്പെടുത്തും ദൃശ്യങ്ങളിൽ വ്യക്തമായി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്.
സംഭവശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.