തിരുവനന്തപുരം : നിയുക്ത കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ നാളെ ഡൽഹിക്ക് തിരിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരെ നേരിൽ സന്ദർശിച്ച് ചർച്ച നടത്തിയ ശേഷം അദ്ദേഹം 11ന് തലസ്ഥാനത്ത് മടങ്ങിയെത്തും.
12ന് കെ.പി.സി.സിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ അദ്ദേഹം അദ്ധ്യക്ഷപദവി ഏറ്റെടുക്കും. ഒപ്പം വർക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, കെ.പി അനിൽകുമാർ എന്നിവരും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും അന്ന് തന്നെ ചുമതലയേൽക്കും. പിന്നീട് കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ കെ.പി.സി.സി ഭാരാവാഹികളെ നിയമിക്കാനുള്ള ചർച്ചയും സജീവമാകും. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഭാരാവാഹികളെ നിയമിക്കാനുള്ള നീക്കങ്ങളാണ് ഊർജ്ജിതമായി നടക്കുന്നത്.
സംസ്ഥാനം നിർണ്ണായകമായ രണ്ട് തിരഞ്ഞെടുപ്പകളെ നേരിടാനിരിക്കുന്ന അവസരത്തിൽ ചെറുപ്പക്കാർക്ക് കെ.പി.സി.സി ഭാരാവാഹി പട്ടികയിൽ മുൻഗണന നൽകണമെന്നാണ് ആവശ്യമുയരുന്നത്.
നിലവിൽ ജനറൽ സെ്രകട്ടറിമാരായിരിക്കുന്ന ഭൂരിഭാഗം പേരും മാറാനുള്ള സാധ്യതയാണ് ഉരിത്തിരിഞ്ഞിട്ടുള്ളത്. സംഘടനാ ജനറൽ സെക്രട്ടറിയടക്കമുള്ള പദവികളിലേക്ക് പുതിയ ആളുകളെ നിയമിക്കുന്നതടക്കം തലമുറ മാറ്റത്തിന്റെ സൂചനയാണ് പുന:സംഘടന നൽകുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അദ്ധ്യക്ഷനായ കാലത്ത് നിയമിച്ച കെ.പി.സി.സി സെക്രട്ടറിമാർക്ക് പകരം പുതിയ ആൾക്കാർക്കും നിയമനം നൽകും. എക്‌സിക്യൂട്ടീവ് അംഗങ്ങളെയും നിശ്ചയിക്കും.
വനിതാ പ്രാതിനിധ്യം പ്രധാന ഘടകമായി മുന്നിൽക്കണ്ടാവും നിയമനങ്ങൾ നടത്തുക.
ഭരണപക്ഷത്തുള്ള സി.പി.എമ്മും സംസ്ഥാനത്ത് മൂന്നാം ശക്തിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും പുന:സംഘടനയിൽ ചെറുപ്പക്കാർക്ക് നൽകിയ പ്രാധാന്യവും കേരളത്തിലുണ്ട്.
ഇത്തരമൊരു കാര്യം കൂടി ഉൾക്കൊണ്ടാവും ഭാരവാഹിപ്പട്ടിക പുറത്തിറക്കുക.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കോൺഗ്രസിനെ താഴേത്തട്ടിൽ സമര സംഘടനയെന്ന രൂപത്തിൽ നിലനിർത്തുകയെന്ന ഭഗീരഥ പ്രയത്‌നമാണ് കെ.പി.സി.സി അദ്ധ്യക്ഷനു മുന്നിലുള്ളത്.
യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സി എന്നീ പോഷക സംഘടനകളെയും സർക്കാരിനെതിരായ സമരത്തിൽ ഭാഗമാക്കി സജീവമാക്കാനുള്ള നിർദ്ദേശങ്ങളും ഉണ്ടാകും.
ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ സജീവമാക്കി താഴേത്തട്ടിൽ സർക്കാരിനും സി.പി.എമ്മിും ബി.ജെ.പിക്കും ഒരേ പോലെ പ്രതിരോധം തീർക്കുന്ന പ്രവർത്തനങ്ങളാവും പുതിയ അധ്യക്ഷന്റെ അജൻഡയിലുണ്ടാവുക.