/sathyam/media/media_files/2025/05/10/8Hit6dof5TrNiRU6vcoZ.jpg)
തിരുവനന്തപുരം: ജില്ലാ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താത്തിനെതിരെ ഫേസ് ബുക്കിൽ അതൃപ്തി പങ്കുവെച്ച് സി.പി.എം ജില്ലാ കമ്മിറ്റി അംഗം.
ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷനും ഇപ്പോൾ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി.കെ.മധുവാണ് പരോക്ഷ പ്രതികരണത്തിലൂടെ അതൃപ്തി പരസ്യമാക്കിയത്.
''ഇരയായി മരിക്കുന്നതിനേക്കാൾ നല്ലത് പൊരുതി മരിക്കുന്നതാണ്" എന്നാണ് വി.കെ.മധുവിൻെറ ഫേസ് ബുക്ക് പോസ്റ്റ്. അതിർത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തിൻെറ പശ്ചാത്തലത്തിൽ അതേപ്പറ്റിയായിരിക്കും വി.കെ.മധുവിൻെറ പോസ്റ്റ് എന്നാണ് ജില്ലാ നേതൃത്വവും പ്രവർത്തകരും സൈബർ സഖാക്കളും ആദ്യം ധരിച്ചത്.
എന്നാൽ ഏപ്രിൽ മാസത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരണത്തിൽ വി.കെ.മധുവിന് അതൃപ്തിയുണ്ടായിരുന്നു.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ട വി.കെ.മധുവിനെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.
ഈ സമ്മേളനത്തിന് ശേഷം ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും ഇടം ലഭിച്ചില്ല.വി.കെ.മധുവിനെ ജില്ലാ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി കടകംപളളി സുരേന്ദ്രൻ ഏറെ സമ്മർദ്ദം ചെലുത്തി നോക്കിയെങ്കിലും അതും ഫലം കണ്ടില്ല.
ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരണത്തിന് ശേഷം നിരാശനായ വി.കെ.മധു,സഹപ്രവർത്തകരിൽ അടുപ്പമുളളവരോട് സങ്കടവും അതൃപ്തിയും പങ്കുവെച്ചിരുന്നു.ജില്ലാ സെക്രട്ടറി വി.ജോയിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തു.
ആനാവൂർ നാഗപ്പൻ തനിക്ക് കുഴവെട്ടിയെങ്കിൽ, വി.ജോയി അതിൽ മണ്ണിടുകയാണ് ചെയ്തതെന്ന വൈകാരിക പ്രതികരണവും നടത്തിയതായാണ് പുറത്തുവന്ന വിവരം.
ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരണം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും ഇതുവരെയും വി.കെ.മധുവിൻെറ സങ്കടവും നിരാശയും മാറിയില്ലെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.
രാവിലെ പോസ്റ്റ് ചെയ്ത കുറിപ്പിന് പ്രവർത്തകരിൽ നിന്ന് പ്രതികരണങ്ങൾ വന്നുതുടങ്ങിയതോടെ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻെറയും മുഖ്യമന്ത്രി പിണറായി വിജയൻെറയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറയും അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ കമന്റായി പോസ്റ്റ് ചെയ്ത് വിഷയം മാറ്റാനും വി.കെ.മധു ശ്രമിച്ചു.
പാർട്ടിക്ക് ഉളളിലെ പ്രശ്നങ്ങളാണ് മധുവിൻെറ പോസ്റ്റിന് പിന്നിലെ വ്യംഗ്യമെന്ന് തിരിച്ചറിഞ്ഞ ചിലർ രൂക്ഷമായ പ്രതികരണങ്ങളും നടത്തി.
അതിൽ ഒരു പ്രതികരണം ഇതായിരുന്നു.''പാർട്ടി, പാർട്ടി, പാർട്ടി സങ്കടങ്ങളും പ്രയാസങ്ങളും ഉണ്ടാവാം. അത് പ്രസ്ഥാനത്തിന് വേണ്ടി മാത്രമെങ്കിൽ ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല.
ഉളളിൻെറ ഉളളിൽ അത് എൻെറ ഉയരങ്ങൾക്ക് വേണ്ടി മാത്രമെങ്കിൽ, ഉയരങ്ങളിൽ എത്താതാവുമ്പോ ഇത്തരം ചിന്തകൾ കൂടെപ്പിറപ്പാണ് സഖാവേ! '' റെചെൻസ് മൊറെയ്സ് വിഴിഞ്ഞം എന്നയാളാണ് ഈ കമന്റ് ഇട്ടത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജി.സ്റ്റീഫന് വേണ്ടി പ്രവർത്തിക്കാനിറങ്ങാതെ മാറിനിന്നതിൻെറ പേരിലാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ വി.കെ.മധു അച്ചടക്ക നടപടി നേരിട്ടത്.
അരുവിക്കരയിൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്ന മധു,സീറ്റ് കിട്ടാത്തതിൻെറ നിരാശയിലാണ് പ്രവർത്തനത്തിൽ നിന്ന് മാറിനിന്നത്.സംസ്ഥാന നേതാക്കൾ നേരിട്ട് വിളിച്ചശേഷം മാത്രമാണ് പ്രചരണരംഗത്തിറങ്ങിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അരുവിക്കര സീറ്റ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയ മധു,നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.
അരുവിക്കര സീറ്റീൽ ജി.സ്റ്റീഫൻ വിജയിച്ചെങ്കിലും മധുവിനെതിരെ പരാതി വരികയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.ജില്ലാ സെക്രട്ടറി ആകുമെന്ന് വരെ കരുതിയിടത്ത് നിന്നായിരുന്നു മധുവിൻെറ പതനം.
അതാണ് ഇപ്പോഴത്തെ നിരാശക്കും ഫേസ്ബുക്ക് പോസ്റ്റ് വഴിയുളള അതൃപ്തി പ്രകടനത്തിനും കാരണമെന്നാണ് ആക്ഷേപം.അർഹതയുണ്ടായിട്ടും ജില്ലാ സെക്രട്ടേറിയേറ്റിൽ ഇടം ലഭിക്കാതെ പോയ തിരുവനന്തപുരത്തെ മറ്റ് ചില നേതാക്കളും അതൃപ്തിയിലാണ്.എന്നാൽ അവരാരും പരസ്യ പ്രതികരണത്തിന് മുതിർന്നിട്ടില്ലെന്ന് മാത്രം.