തിരുവനന്തപുരം : കെ.പി.സി.സി പുന:സംഘടനയ്ക്ക് ശേഷമുള്ള ആദ്യയോഗത്തിൽ ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി നൽകാൻ കച്ച മുറുക്കി സുധാകരപക്ഷം.
കൂടിയാലോചനകളില്ലാതെ കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റിയ സംഭവത്തിൽ ആഞ്ഞടിക്കാനാണ് സുധാകര പക്ഷത്തിന്റെ തീരുമാനം.
സുധാകരന്റെ വിശ്വസ്തരായി ഉന്നത സ്ഥാനത്തുള്ളവരും ജനറൽ സെക്രട്ടറി സ്ഥാനത്തുള്ളവരും തുടരണമെന്ന വാദമാണ് അവർ മുന്നോട്ട് വെയ്ക്കുക.
യോഗത്തിൽ രേഖപ്പെടുത്തുന്ന പ്രതിഷേധം ചോർത്തി വാർത്തയാക്കി പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് പൊതുസമൂഹത്തിൽ സന്ദേശം നൽകാനുള്ള നീക്കവുമുണ്ട്.
കെ.സുധാകരൻ അധ്യക്ഷനായ ശേഷം വെച്ച ജനറൽ സെക്രട്ടറിമാരിൽ എല്ലാവരും തുടരണമെന്ന നിലപാടാവും സുധാകരപക്ഷം സ്വീകരിക്കുക.
സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനമടക്കം തങ്ങൾക്കുള്ള ജനറൽ സെക്രട്ടറിമാരെ നിലനിർത്തണമെന്നും സുധാകരനെ മാറ്റിയതിനാൽ പുന:സംഘടനയിൽ കൂടുതൽ സ്ഥാനം വേണമെന്നുമാണ് സുധാകരപക്ഷത്തിന്റെ വാദം.
കെ.പി.സി.സി ഉന്നതന്റെ നേതൃത്വത്തിലാണ് പടയൊരുക്കം നടക്കുന്നത്. നിലവിൽ നടക്കുന്ന നേതൃയോഗത്തിൽ ഡി.സി.സി അദ്ധ്യക്ഷൻമാരെ കൂടി കൂട്ടുപിടിച്ചാണ് ആഞ്ഞടിക്കാൻ സുധാകരപക്ഷം തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ പ്രവർത്തന മികവില്ലാത്ത ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി അദ്ധ്യക്ഷൻമാരെയും മാറ്റുമെന്ന സന്ദേശമാണ് നിലവിലെ നേതൃത്വം നൽകുന്നത്. പുന:സംഘടന നീണ്ട് പോകരുതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നുമാണ് ഹൈക്കമാന്റ് നൽകുന്ന നിർദ്ദേശം.
എന്നാൽ വിവിധ വിഷയങ്ങളുയർത്തി പുന:സംഘടനാ നടപടികൾ തടസപ്പെടുത്താനുള്ള നീക്കമാണ് സുധാകരപക്ഷം നടത്തുന്നത്.
ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് സുധാകരൻതന്നെ പ്രസിഡൻറ് സ്ഥാനത്തുനിന്നും തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയത്.
എന്നാൽ സുധാകരന്റെ എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ ജനറൽ സെക്രട്ടറിയടങ്ങുന്ന സംഘം ജില്ലാതലത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാത്രയ്ക്ക് ഒരുങ്ങിയിരുന്നു.
അതിനിടയിലാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാവുന്നത്.
ഇതോടെ യാത്ര പുനരാരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ സുധാകരപക്ഷം ചർച്ചയാക്കും. കൂടുതൽ സംഘടനാ കാര്യങ്ങളിൽ മുഴുകി പുന:സംഘടന പരമാവധി വൈകിപ്പിച്ച് സ്ഥാനങ്ങൾ സംരക്ഷിക്കാനാണ് നീക്കം.
യോഗത്തിൽ പ്രതിഷേധ സ്വരമുയർത്തി ഇറങ്ങിപ്പോക്ക് നടത്താൻ മുതിർന്ന നേതാക്കളുടെയും മുൻ അദ്ധ്യക്ഷൻമാരുടെയും സഹായം സുധാകരപക്ഷം തേടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കെ.പി.സി.സിയിൽ നടക്കുന്ന സാമ്പത്തിക തിരിമറികളെപ്പറ്റി അന്വേഷണം നടത്തണമെന്ന വാദവും ഒരു വിഭാഗം നേതാക്കളിൽ ശക്തമാണ്.
ഇതിനിടെ പ്രതിഷേധം കെ.പി.സി.സിയിലെ ജീവനക്കാർ വഴി മാദ്ധ്യമങ്ങളിൽ ചോർത്തി നൽകാനുള്ള നീക്കവും സജീവമാണെന്നും പറയപ്പെടുന്നു.
മീഡിയ സെല്ലിലുള്ള ചിലരെ മുൻകാലങ്ങളിൽ ഇതിനായി ഉപയോഗിച്ചിരുന്നുവെന്നും അവരെ ചുമതലകളിൽ നിന്നും മാറ്റി നിർത്തണമെന്നും ചില നേതാക്കൾ ആരോപിക്കുന്നു.
മുമ്പ് കെ.പി.സി.സി ഓൺലൈനായി നടത്തിയ യോഗത്തിൽ നിന്നും പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്ത ചോർത്തിയതിന് രണ്ട് ജനറൽ സെക്രട്ടറിമാരുടെ പേരിൽ ഹൈക്കമാന്റിന് നേതാക്കളുടെ പരാതി ലഭിച്ചിരുന്നു.