'വെറുതെ വന്ന് വിമാനമിറങ്ങിയപ്പോള്‍ എംപി ആയതല്ലെന്ന് മറക്കാന്‍ പാടില്ല'.ഖാര്‍ഗേ എന്തുകൊണ്ട് എഐസിസി പ്രസിഡന്റായി എന്നുള്ളതിന്റെ ഉത്തരമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ശശി തരൂരിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍

രാജ്യം എല്ലാരീതിയിലും സംഘപരിവാര്‍ വത്ക്കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ സര്‍വ്വതല സ്പര്‍ശിയായി ചെറുത്തുനില്‍ക്കാന്‍ അടിമുടി കോണ്‍ഗ്രസ്സായ ഒരു പ്രസിഡന്റ് വേണമെന്നുള്ളത് ചരിത്രപരമായ നിയോഗവും രാജ്യത്തോടുള്ള ഉത്തരവാദിത്തവും ശരിയുമായതു കൊണ്ടാണ്.

New Update
jinto john

തിരുവനന്തപുരം: പാകിസ്ഥാന്‍ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്ന ശശി തരൂരിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. 

Advertisment

ഈ രാജ്യത്തെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആത്മാഭിമാനത്തേയും ആത്മവീര്യത്തേയും പെരുവഴിയില്‍ വിഴുപ്പലക്കാന്‍ ബിജെപിക്ക് സോപ്പിട്ട് പതപ്പിച്ചു കൊടുക്കുന്ന നിലപാട് ആരെടുത്താലും അതിനെ തുറന്നെതിര്‍ക്കേണ്ടത് കാലികമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ജിന്റോ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ എന്തുകൊണ്ട് എഐസിസി പ്രസിഡന്റായി എന്നുള്ളതിന്റെ ഉത്തരമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

രാജ്യം എല്ലാരീതിയിലും സംഘപരിവാര്‍ വത്ക്കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ സര്‍വ്വതല സ്പര്‍ശിയായി ചെറുത്തുനില്‍ക്കാന്‍ അടിമുടി കോണ്‍ഗ്രസ്സായ ഒരു പ്രസിഡന്റ് വേണമെന്നുള്ളത് ചരിത്രപരമായ നിയോഗവും രാജ്യത്തോടുള്ള ഉത്തരവാദിത്തവും ശരിയുമായതു കൊണ്ടാണ്.


വർക്കിങ് കമ്മിറ്റിയംഗത്തിന് പരസ്യമായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ നടത്താമെങ്കിൽ അതെല്ലാം പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് തിരുത്താനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന പ്രവർത്തകരുമുണ്ട്.


പഹൽഗാം അക്രമത്തിനുള്ള തിരിച്ചടിക്ക് ശേഷമുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ്സിൽ നിന്നാരെ തെരഞ്ഞെടുത്താലും അഭിമാനമാണ്.

പക്ഷേ കോൺഗ്രസ്സിനോട് ആ കമ്മിറ്റിയിലേക്ക് പ്രതിനിധികളെ അയക്കണമെന്ന് പറയുമ്പോൾ ഒരു പാർട്ടിയെന്ന നിലയിൽ ആലോചിച്ചെടുത്ത് കൊടുക്കുന്ന ലിസ്റ്റ് കേന്ദ്രസർക്കാർ അംഗീകരിക്കണം.

എഐസിസി ആലോചിച്ച് കൊടുക്കുന്ന ലിസ്റ്റിനു പുറത്തു നിന്നും മാറ്റാളുകളെ സെലക്ട് ചെയ്യുന്നത് മര്യാദകേടാണ്. എല്ലാകാലത്തും ഒരാൾ മാത്രം വിദേശ പര്യടന സംഘത്തിന്റെ ഭാഗമായിരുന്നാൽ പോരായെന്നുള്ളത് കൊണ്ടും ഇത്തരം അവസരങ്ങൾക്ക് തുല്യാവകാശം ഉള്ളതുകൊണ്ടും മാറിമാറി അവസരങ്ങൾ കൊടുക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടി എന്നുള്ള നിലയിലെ നടപടിക്രമങ്ങൾ മാത്രമാണ്.


ഏതെങ്കിലും എം പി സ്വന്തം പാർട്ടിയിൽ ഒരു കമ്മ്യൂണിക്കേഷനും നടത്താതെ മോദി സർക്കാർ വിളിക്കുന്ന നിമിഷം തന്നെ താൽപര്യം പറയുന്നത് ഒരു പാകപ്പെട്ട നിലപാടല്ല. 


വെറുതെ വന്ന് വിമാനമിറങ്ങിയപ്പോൾ എംപി ആയതല്ല ആരുമെന്ന് മറക്കാനും പാടില്ല. സ്വാഭാവികമായും പാർട്ടിയോട് കാണിക്കേണ്ട ചില ഉത്തരവാദിത്വങ്ങളും മര്യാദകളും ഓർക്കണമായിരുന്നു. ഡോ. ജിന്റോ ജോൺ ഫെയ്‌സ്ബുക്കിൽ കുറിച്ചു.