ഖജനാവിൽ പണമില്ല. പിണറായി സർക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും കേരളം ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് എത്തും. ലഹരി മാഫിയ, ​ഗുണ്ടാവിളയാട്ടം, പൊലീസ് രാജ്, പിൻവാതിൽ നിയമനം പിണറായി സർക്കാരിന്റെ സ്വന്തം മാതൃക. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതികളല്ലാതെ വേറെ എന്തുണ്ട് പറയാൻ സർക്കാരിനു? പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിൽ പ്രതിപക്ഷ നേതാവിന്റെ ലേഖനം

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഈ സർക്കാരാണ് ഖജനാവിൽ നിന്നും പൊതുപണമെടുത്ത് വർഷിക മാമാങ്കം നടത്തുന്നത്. അതിനുള്ള ഒരു അവകാശവും ഇവർക്കില്ല. 

New Update
satheesan

തിരുവനന്തപുരം: 'മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പി. ശശിയെ കണ്ട് പരാതി കൊടുത്തപ്പോൾ വായിച്ചു നോക്കുക പോലും ചെയ്യാതെ മേശപ്പുറത്തിട്ടു. 

Advertisment

പരാതി കിട്ടിയാൽ പൊലീസ് വിളിപ്പിക്കും. അതിൽ പരാതിപ്പെട്ടിട്ട് കാര്യമില്ല. വേണമെങ്കിൽ കോടതിയിൽ പൊയ്‌ക്കോളൂ എന്നാണ് പറഞ്ഞത്.'


മാല മോഷണക്കുറ്റം ആരോപിച്ച് 20 മണിക്കൂറിൽ അധികം പൊലീസ് മാനസികമായി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ ബിന്ദു എന്ന ദലിത് യുവതിയുടെ വാക്കുകളാണിത്. 


ഏപ്രിൽ 23-ന് പേരൂർക്കട സ്റ്റേഷനിൽ നടന്ന ഈ സംഭവത്തിൽ ഇതുവരെ ഒരു നടപടിയുമില്ല. ഇതാണ് സർക്കാർ കൊട്ടിഘോഷിക്കുന്ന സ്ത്രീസുരക്ഷ! 

ഇതാണ് പ്രത്യേക പരിഗണന നൽകേണ്ട ജനവിഭാഗങ്ങളോടുള്ള സർക്കാരിന്റെ സമീപനം! മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. സ്‌കോട്‌ലൻഡ് യാർഡിനെ വെല്ലുന്ന കേരള പൊലീസിനെ പാർട്ടിയുടെ അടിമകളാക്കി മാറ്റി. 


'എന്റെ മോൻ രാത്രി വരുമ്പോൾ കതകു തുറന്നു കൊടുക്കാൻ എനിക്കു പേടിയാണ്. അവനു ഭക്ഷണം വിളമ്പിക്കൊടുക്കാൻ ധൈര്യമില്ല. ലഹരി കഴിച്ചിട്ട് അവൻ വരുമ്പോൾ എന്നെ അമ്മയായിട്ടല്ല കാണുന്നത്. 


വിദേശത്തുള്ള അച്ഛനെ കാര്യങ്ങൾ അറിയിച്ചിട്ടില്ല. അറിഞ്ഞാൽ അദ്ദേഹം നെഞ്ചുപൊട്ടി മരിക്കും. ഒറ്റ മകനാണ്. അവൻ ഉണ്ടാക്കുന്ന അടിപിടിക്കേസുകൾ ഒത്തുതീർപ്പാക്കാൻ പണം വാരിക്കോരി ചെലവഴിക്കുകയാണ്.'  

ഭയവിഹ്വലയായ ഒരമ്മയുടെ വാക്കുകളാണിത്. ലഹരി വലയിൽപെട്ട് ജീവിതം ഹോമിക്കുന്ന മക്കളെ ഭയന്നു കഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒൻപതു വർഷത്തെ ഭരണത്തിലൂടെ കഴിഞ്ഞത്. 


ജനവിരുദ്ധ നിലപാടുകളും അഴിമതിയും; ഇതു തന്നെയാണ് നാലാം വർഷത്തിൽ എത്തി നിൽക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്ര. ഈ സർക്കാരിന്റെ അഴിമതിയും പിടിപ്പുകേടും പിൻവാതിൽ നിയമനങ്ങളുമാണ് കേരളത്തെ സമാനതകളില്ലാത്ത കടക്കെണിയിലേക്ക് തള്ളി വിട്ടത്. 


വിഴിഞ്ഞവും കൊച്ചി മെട്രോയും ഉൾപ്പെടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതികളല്ലാതെ എന്തു വികസന പ്രവർത്തനങ്ങളാണ് ഒൻപതു വർഷത്തിനിടെ ഈ സർക്കാർ നടപ്പാക്കിയത്? 

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഈ സർക്കാരാണ് ഖജനാവിൽ നിന്നും പൊതുപണമെടുത്ത് വർഷിക മാമാങ്കം നടത്തുന്നത്. അതിനുള്ള ഒരു അവകാശവും ഇവർക്കില്ല. 


ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വർഗങ്ങളെ പൂർണമായും അവഗണിച്ചു. ആരോഗ്യ കാർഷിക വിദ്യാഭ്യാസ രംഗങ്ങൾ അനിശ്ചിതത്വത്തിലായി. 


മലയോര ജനത വന്യജീവി ആക്രമണത്തിൽ കഷ്ടപ്പെടുമ്പോൾ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. തീരപ്രദേശം വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ക്ഷേമ- വികസന പദ്ധതികൾ പൂർണമായും നിർത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തി. 

ഖജനാവിൽ പണമില്ല. ഈ സർക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും കേരളം ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് എത്തും.


സാമൂഹിക സുരക്ഷാ പെൻഷനുകൾ പല തവണ മുടങ്ങി. ക്ഷേമനിധി ബോർഡുകളും തകർച്ചയുടെ വക്കിലാണ്. 


പാവപ്പെട്ട തൊഴിലാളികൾ അവരുടെ ജീവിതകാലം മുഴുവൻ അധ്വാനിച്ച പണം അംശാദായമായി കൊടുത്ത ക്ഷേമനിധികളിൽ നിന്നു പോലും പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല. 

കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡുകളിലേത് ഉൾപ്പെടെ പെൻഷൻ മുടങ്ങിയിട്ട് 16 മാസമായി. അംഗൻവാടി ജീവനക്കാർക്ക് പെൻഷൻ നൽകുന്നില്ല. ആശ വർക്കർമാരോടും അംഗൻവാടി ജീവനക്കാരോടും ദയാരഹിതമായാണ് പൊലീസ് പെരുമാറുന്നത്. 


വേതനത്തിലെ തുച്ഛ വർധനവിന് വേണ്ടി സമരം ചെയ്യുന്നവരെ അപഹസിക്കുന്ന മന്ത്രിമാർ കോർപറേറ്റ് മുതലാളിമാരെപ്പോലെയാണ് പെരുമാറുന്നത്. സമരം ചെയ്യുന്നവരെ കളിയാക്കുന്ന തീവ്രവലതുപക്ഷ സർക്കാരായി ഇവർ മാറി. 


എസ്.സി. എസ്.ടി പദ്ധതി തുക (എസ്.സി.പി, ടി.എസ്.പി) കഴിഞ്ഞ മൂന്ന് വർഷമായി വർധിപ്പിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വർഷം എസ്.സി ഫണ്ടിൽ 500 കോടിയും എസ്.ടി ഫണ്ടിൽ 120 കോടിയും വെട്ടിക്കുറച്ചു. 

കെ.എസ്.ഇ.ബിയും സപ്ലൈകോയും കെ.എസ്.ആർ.ടിയും വാട്ടർ അതോറിട്ടിയും ഉൾപ്പെടെ എല്ലാത്തിനോടും അവഗണനയാണ്. വാട്ടർ അതോറിട്ടിയിൽ 4500 കോടിയാണ് ജൽജീവൻ പദ്ധതിയിലെ കരാറുകാർക്ക് നൽകാനുള്ളത്. 


കേന്ദ്ര പദ്ധതിക്ക് സംസ്ഥാന വിഹിതം നൽകാൻ പോലും സാധിക്കുന്നില്ല. കരാറുകാർ ആത്മഹത്യാ മുനമ്പിലാണ്. 


സംസ്ഥാനത്തെ ഏറ്റവും ദുരിതപൂർണമാക്കി കടത്തിന്റെ കാണാക്കയത്തിലേക്ക് തള്ളിയിട്ട സർക്കാർ എന്നാകും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്താൻ പോകുന്നത്. 

1996-2001 ൽ നായനാർ ഭരണകാലത്ത് ണ്ടായതിനേക്കാൾ രൂക്ഷമായ ധനപ്രതിസന്ധിയാണ് ഇവർ സംസ്ഥാനത്തിന് ഉണ്ടാക്കിയത്. 


ആശുപത്രികളിൽ മരുന്നില്ല. പേവിഷ ബാധയ്ക്ക് വാക്‌സിൻ എടുത്ത കുഞ്ഞുങ്ങൾക്ക് പോലും ജീവൻ നഷ്ടമായി. കാരുണ്യ പദ്ധതി പൂർണമായും മുടങ്ങി. 


റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞവർ ആ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാർഷിക ഉൽപന്നങ്ങളുടെയും വില ഇടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ലു സംഭരണം പൂർണമായും പാളിപ്പോയി. 

മില്ലുടമകളുമായി ചേർന്ന് കർഷകരെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാലു മാസത്തിനിടെ 18 പേരെയാണ് ആന ചവിട്ടിക്കൊന്നത്. എന്നിട്ടും സർക്കാർ അനങ്ങാതിരിക്കുകയാണ്. 


ജി.എസ്.ടിയിൽ ഏറ്റവും കൂടുതൽ ഗുണം കിട്ടേണ്ടിയിരുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരുന്നു. 2022-23, 2023-24, 2024-25 വർഷങ്ങളിൽ യഥാക്രമം 29,513.28, 30,563.6, 33,581.61 കോടി. 


6.75% മാത്രമാണ് ശരാശരി വളർച്ച. ഉൽപാദക സംസ്ഥാനങ്ങൾ പോലും 12, 18, 20 ശതമാനം വളർച്ചയിലേക്ക് വന്നപ്പോഴാണ് കേരളത്തിന്റെ ശരാശരി ജി.എസ്.ടി വരുമാന വളർച്ച 6.75% ആയത്. 

എത്ര ദയനീയമായ സ്ഥിതിയാണിത്. നികുതി പിരിവിൽ പരാജയപ്പെട്ട സർക്കാർ ധൂർത്തിനും അഴിമതിക്കും വേണ്ടി ജനങ്ങളെ വീണ്ടും വീണ്ടും പിഴിയുകയാണ്. നികുതി പരിഷ്‌കാരങ്ങൾ പെട്രോൾ ഡീസൽ സെസ് വസ്തുകരം വിവിധ സേവനങ്ങളുടെ ഫീസ്, മോട്ടോർ വാഹന നികുതി തുടങ്ങി എല്ലായിടത്തും കൊള്ളയാണ്.


ആശ വർക്കർമാക്ക് പണം നൽകാനില്ലാത്തവരാണ് പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ശമ്പളവും പെൻഷനും വർധിപ്പിച്ചു നൽകിയത്. വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പെൺകുട്ടികൾ സഹന സമരം ചെയ്തിട്ടും നിങ്ങൾ അവരെ ഒന്നു കാണാനെങ്കിലും തയാറായോ?


പണമില്ലെന്നു പറയുന്ന അതേ സർക്കാരാണ് അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിന് ആറര ലക്ഷം രൂപയാണ് ശമ്പളമായി നൽകുന്നത്. 

മുഖ്യമന്ത്രിയുടെ ഒരു പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ പോയി. മറ്റൊരാൾക്കെതിരെ ഗുരുതര ആരോപണമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 


കേരളത്തെ ലഹരിയുടെ ഹബ്ബാക്കി. സി.പി.എം നേതാക്കളാണ് ലഹരി മാഫിയകൾക്ക് രാഷ്ട്രീയരക്ഷാകർതൃത്വം നൽകുന്നത്. ഏത് ഗ്രാമത്തിലും ഏത് ലഹരിയും ലഭ്യമാണ്. 


മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകം എടുത്താലും അതിൽ ലഹരിയുടെ പങ്ക് കാണാം. നിയമസഭയിൽ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴും കേസെടുത്തതിന്റെ കണക്കാണ് സർക്കാർ പറഞ്ഞത്. 

എവിടെ നിന്നാണ് ലഹരി മരുന്ന് എത്തുന്നതെന്നാണ് കണ്ടെത്തേണ്ടത്. രണ്ട് ഐ.ജിമാരെ എൻഫോഴ്സ്മെന്റിനായി നിയോഗിക്കണം. സപ്ലെ ചെയിൻ ബ്രേക്ക് ചെയ്യാതെ കേരളത്തെ രക്ഷിക്കാനാകില്ല. 


എക്സൈസിന്റെയും പൊലീസിന്റെയും ജോലിയല്ല ബോധവത്ക്കരണം. ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയാണ് വേണ്ടത്. വചകമടി കൊണ്ട് ഒന്നും നടക്കില്ല. 


മുനമ്പത്ത് സംസ്ഥാന സർക്കാർ കാട്ടിയ കള്ളക്കളിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘ്പരിവാർ അജണ്ടയ്ക്കാണ് പിണറായി വിജയനും സംഘവും കുടപിടിച്ചു കൊടുക്കുന്നത്. 

മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം വഖഫ് ട്രിബ്യൂണൽ സ്വീകരിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം വഖഫ് ബോർഡ് ട്രിബ്യൂണലിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. 


ഈ മാസം 19 വരെയാണ് നിലവിലെ ട്രിബ്യൂണലിന്റെ കാലാവധി എന്നിരിക്കെ ഈ മാസം 29 വരെയാണ് സംസ്ഥാന സർക്കാർ സ്റ്റേ സമ്പാദിച്ചിരിക്കുന്നത്. ഈ ഗൂഡാലോചനയിൽ വഖഫ് മന്ത്രിക്കും പങ്കുണ്ട്. 


യഥാർത്ഥത്തിൽ മുനമ്പത്തെ ഭൂമി വഖഫ് ആണെന്നാണ് വഖഫ് ബോർഡിനെക്കൊണ്ട് പിണറായി വിജയൻ സർക്കാർ പറയിപ്പിച്ചിരിക്കുന്നത്. അപ്പോൾ മുനമ്പം നിവാസികൾ കയ്യേറ്റക്കാരാണെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 

എന്നിട്ടും എന്തിനാണ് മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന പച്ചക്കള്ളം മുഖ്യമന്ത്രി പറയുന്നത്. മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ പത്തു മിനിട്ട് മതി. യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരാം. 


2016 മുതൽ ബാറുകളുടെ എണ്ണം 29 ൽ നിന്നും 900 ന് മുകളിൽ എത്തിയിട്ടും മദ്യവില ഇരട്ടിയിലധികം വർധിച്ചിട്ടും ബാറുകളിൽ നിന്നുള്ള ടി.ഒ.ടി പിരിച്ചെടുക്കുന്നില്ല. 


ദിവസേന മൂന്നും നാലും ലക്ഷം വരുമാനമുള്ള ബാറുകൾ ടേൺ ഓവർ കാണിക്കുന്നത് ഒരു ലക്ഷമായിട്ടാണ്. സ്വർണത്തിൽ നിന്നുളള നികുതി പിരിവിലും കാര്യമായ നടപടിയില്ല. 

ഇതൊക്കെ കിട്ടിയാലല്ലേ വികസന പ്രവർത്തനങ്ങൾ നടത്താനാകൂ. അത് ഇല്ലാതാകുമ്പോഴാണ് പദ്ധതി അടങ്കൽ വെട്ടിക്കുറയ്ക്കുന്നത്. 


സംസ്ഥാനങ്ങളുടെ സാമ്പത്തികനില വിലയിരുത്താൻ നീതി ആയോഗ് 2025 ൽ പുറത്തിറക്കിയ 2023 വർഷത്തെ  പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയുണ്ട് (Fiscal Health Index). ഇതിൽ 18 പ്രധാന സംസ്ഥാനങ്ങളുടെ നിരയിൽ കേരളം പതിനഞ്ചാമതാണ്. 


സർവമേഖലയിലും ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി പി.ആർ വർക്ക് നടത്തുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. പെൻഷൻ നൽകാൻ പണം ഇല്ലാത്തപ്പോഴും മുഖ്യമന്ത്രിയുടെ ഹോൾഡിങ് വയ്ക്കാൻ മാത്രം പതിനഞ്ച് കോടി രൂപ മുടക്കാൻ ഈ സർക്കാരിന് നാണമുണ്ടോ? 

കോർപറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സർക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളത്. കേസുകൾ ഒത്തുതീർപ്പാക്കാനും സ്വന്തം തടി രക്ഷിക്കാനും സംഘ്പരിവാറുമായി ഒത്തുതീർപ്പുണ്ടാക്കാൻ ഒരു മടിയും ഇല്ലാത്തവരാണിവർ. കേരളത്തിൽ സർക്കാരില്ലായ്മയാണ്. 

അതുകൊണ്ടാണ് സർക്കാരിന്റെ വാർഷിക ദിനം യു.ഡി.എഫ് കരിദിനമായി ആചരിക്കുന്നത്.