/sathyam/media/media_files/2025/05/20/gte1KCrutsAPe1sXMQTy.jpg)
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ നാല് വർഷം പൂർത്തിയാക്കുമ്പോഴും മലയോര ജനത നേരിടുന്ന ജീവൽപ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനായിട്ടില്ല.
വന്യജീവി ആക്രമണത്തിൽ എല്ലാ ദിവസവും മരണം റിപ്പോർട്ട് ചെയ്യുന്ന അവസ്ഥയിലേക്കാണ് കേരളത്തിന്റെ പോക്ക്. അടുത്തിടെ അതിരപ്പിള്ളിയിൽ 3 പേരെയാണ് ആന ചവിട്ടി കൊന്നത്.
പാലക്കാട് മുണ്ടൂരിലും മേപ്പടിയിലും കണ്ണൂർ ആറളം ഫാം അടങ്ങുന്ന മേഖലയിലും സമീപ പ്രദേശങ്ങളിലും സമീപകാലത്ത് നിരവധി പേരാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാട് വിട്ടിറങ്ങുന്ന ആനയും പന്നിയും മറ്റ് മൃഗങ്ങളും കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.
കാട്ടുപന്നി കൂട്ടം പെറ്റുപെരുകി മലനാടും ഇടനാടും കടന്ന് തീരപ്രദേശങ്ങളിൽ വരെ എത്തിയിരിക്കുന്നു. കാടില്ലാത്ത ജില്ലകളിൽ പോലും ഇന്ന് കാട്ടുപന്നി ശല്യം വ്യാപകമാണ്.
പന്നിയെ ഭയന്ന് കർഷകർ കൃഷി ചെയ്യാൻ മടിക്കുകയാണ്, ഒന്നും കിട്ടിയില്ലെങ്കിൽ റബർ മരം വരെ തേറ്റ കൊണ്ട് കുത്തി നശിപ്പിക്കുന്നതാണ് പുതിയ അനുഭവം.
സ്ഥിതി ഇത്രയേറെ രൂക്ഷമായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത. വന്യജീവി സംഘർഷം പതിവായിട്ടും നോക്കുകുത്തിയായി നിൽക്കുന്ന സർക്കാർ, മലയോര മേഖലയിലെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുത്തിരിക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം.
രണ്ടാം പിണറായി സർക്കാരിൽ വനം വകുപ്പിനോളം പഴികേട്ട മറ്റൊരു വകുപ്പ് ഉണ്ടാകില്ല. ആനയും കടുവയും മനുഷ്യരെ കൊല്ലുന്നത് പതിവായതോടെ വന്യജീവി സംഘർഷങ്ങളിൽ സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് കഴിഞ്ഞ നാലുവർഷംകേരളം വേദിയായത്.
2016 മുതൽ ഇതുവരെ 900 ഓളം പേരാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
കാട്ടാന ചവിട്ടിയും കടുവാ ആക്രമണങ്ങളിലും ജീവൻപൊലിയുമ്പോൾ മലയോരത്ത് നിന്ന് സർക്കാരിനും വനംവകുപ്പിനും എതിരെ വൻജനരോഷമാണ് ഉയർന്നത്.
ഭരണപക്ഷത്ത് നിന്ന് പോലും കടുത്ത വിമർശനങ്ങളാണ് എൻ.സി.പി മന്ത്രി എ. കെ. ശശീന്ദ്രൻ ഭരിക്കുന്ന വനംവകുപ്പിന് നേരിടേണ്ടി വന്നത്. മനുഷ്യർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നത് പതിവായിട്ടും കൃത്യമായ പരിഹാരം നിർദേശിക്കാൻ വനം വകുപ്പിന് കഴിയുന്നില്ല.
കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ പ്രഖ്യാപിച്ച പ്രത്യേക മിഷനുകൾ ഒന്നുപോലും ഫലം കണ്ടിട്ടില്ല.
കിടങ്ങ് കുഴിക്കൽ, സോളാർ വേലി, ആനമതിൽ, റെയിൽ മതിൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ഭേദിച്ചാണ് ഇപ്പോൾ വന്യമൃഗങ്ങൾ കാടിറങ്ങുന്നത്.
വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല.
വനനിയമങ്ങൾ പാലിക്കുന്നതിൽ കാണിക്കുന്ന ശുഷ്കാന്തി മലയോരത്തെ ജനങ്ങളുടെ ജീവനും സ്വത്തും കാക്കുന്നതിൽ വനം ഉദ്യോഗസ്ഥർ കാണിക്കുന്നില്ല എന്നതാണ് പൊതുവെ ഉയരുന്ന വിമർശനം.
വനം മന്ത്രി എന്ന നിലയിൽ വകുപ്പിന് ക്രിയാത്മകമായ നേതൃത്വം വഹിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രന് കഴിയുന്നില്ല.വനം വകുപ്പിനോടുളള ജനങ്ങളുടെ പ്രതിഷേധവും എതിർപ്പും എല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് ഉദ്യോഗസ്ഥരാണ്.
പത്തനംതിട്ട കോന്നിയിൽ ഭരണപക്ഷ എം.എൽ.എ കെ.യു.ജനീഷ്‌കുമാർ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത പ്രതികളെ മോചിച്ചതാണ് ഇതിൻെറ ഏറ്റവും നല്ല ഉദാഹരണം.
നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തളളിപ്പറഞ്ഞെങ്കിലും സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ന്യായീകരിക്കുകയാണ് ചെയ്തത്.
കസ്റ്റഡിയിലുളള പ്രതികളെ എം.എൽ.എ ഇറക്കികൊണ്ടുപോയത് വകുപ്പിന് വൻ നാണക്കേടായി. വന്യജീവി ആക്രമണങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശ്വാസ പദ്ധതികൾക്ക് മതിയായ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
നിയമത്തിന്റെ നൂലാമാലകളും നടപടികൾക്ക് തടസമുണ്ടാക്കുന്നുണ്ട്. പ്രഖ്യാപനങ്ങൾ കൊണ്ടുമാത്രം മലയോര ജനത നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല.
പ്രായോഗികമായ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കാനുളള ഇച്ഛാശക്തിയും നിശ്ചയ ദാർഢ്യവും പ്രകടമാക്കിയില്ലെങ്കിൽ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സർക്കാർ ജനരോഷത്തിൻെറ തീവ്രതയറിയും.