സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തുടർഭരണത്തിന് വഴിവെട്ടി പിണറായി. തിരഞ്ഞെടുപ്പിനെ നേരിടുക വികസനം, ക്ഷേമം മുദ്രാവാക്യവുമായി. എല്ലാ വകുപ്പുകൾക്കും എ പ്ലസ് ഗ്രേഡുള്ള പ്രോഗ്രസ് കാർഡിറക്കി തിരഞ്ഞെടുപ്പിന് ഒരുക്കം. 5വർഷം വികസനത്തിന് ചെലവിട്ടത് 90,000 കോടി. നിക്ഷേപ സംഗമത്തിലൂടെ ഒന്നര ലക്ഷം കോടി നിക്ഷേപമെത്തി. ഒരുലക്ഷം പട്ടയങ്ങൾ ഉടൻ. നാലര ലക്ഷം ലൈഫ് വീടുകൾ പൂർത്തിയായി. 10ലക്ഷം കുട്ടികളെ സർക്കാർ സ്കൂളുകളിൽ തിരിച്ചെത്തിച്ചു. വിവാദങ്ങളെ വികസനം കൊണ്ട് മറികടന്ന് തിരഞ്ഞെടുപ്പുകളിൽ പിണറായി വീണ്ടും ക്യാപ്‍റ്റൻ ആവുമ്പോൾ

ദേശീയപാതാ വികസനവും സർക്കാരിന്റെ നേട്ടമായി പ്രോഗ്രസ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

New Update
PINARAYI 3RD

തിരുവനന്തപുരം: വാഗ്ദാനം ചെയ്തതെല്ലാം നടപ്പാക്കിയെന്ന് പ്രഖ്യാപിച്ച് സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രോഗ്രസ് കാർഡ്, വരുന്ന തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കത്തിന്റെ കാഹളം മുഴക്കുന്നതാണ്.

Advertisment

സാമൂഹിക നീതിയിൽ അധിഷ്ഠിതമായി, സർവതല സ്പർശിയായ വികസനപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം മൂന്നാം പിണറായി സർക്കാരിനുള്ള വഴിയൊരുക്കലായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

വികസനം എന്ന ഒറ്റ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.


രാജീവ് ചന്ദ്രശേഖർ ബിജെപി പ്രസിഡന്റായ ശേഷം വികസിത കേരളം എന്ന മുദ്രാവാക്യവുമായാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്നത്. വികസന പദ്ധതികളുടെ ക്രെഡിറ്റ് കേന്ദ്രത്തിന് പോവുന്നത് തടയാനും, സംസ്ഥാനത്തെ വികസനത്തിന്റെ ക്രെഡിറ്റ് മുഴുവൻ സംസ്ഥാന സർക്കാരിൽ നിലനിർത്താനും ലക്ഷ്യമിട്ടുള്ളതാണ് പ്രോഗ്രസ് കാർഡ്. 


ദേശീയപാതാ വികസനവും സർക്കാരിന്റെ നേട്ടമായി പ്രോഗ്രസ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദേശീയപാതാ അതോറിട്ടിക്കാണ് റോ‍ഡ് നിർമ്മാണത്തിന്റെ മുഴുവൻ ചുമതലയെന്നും വീഴ്ചകളുടെ ഉത്തരവാദിത്തം അവർക്കാണെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

2016 മുതലുള്ള തുടർച്ചയാണ് പിണറായി സർക്കാരിനുള്ളത്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശരിയായ ദിശാബോധം നൽകുന്ന വികസനമാണ് കേരളത്തിൽ നടപ്പാക്കിയതെന്ന പ്രചാരണത്തോടെ തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ഒരുക്കം.

2016 ലെ സംസ്ഥാനത്തിന്റെ അവസ്ഥയിൽ  നിന്നുണ്ടായ മാറ്റം എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുന്നെന്ന് സർക്കാർ വിലയിരുത്തുന്നു.


ഓരോ മേഖലയിലെയും വികസനവും മാറ്റങ്ങളും എണ്ണിപ്പറഞ്ഞാണ് ഇനിമുതൽ സർക്കാർ മുന്നോട്ടുനീങ്ങുക. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. 


പൊതു വിദ്യാലയങ്ങളിൽ നിന്നും അഞ്ച് ലക്ഷം വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്ന സാഹചര്യവും ഉണ്ടായി. ഈ ആശങ്കകൾ നിലനിൽക്കുന്ന സമയത്ത് പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സർക്കാർ തുടക്കം കുറിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയിൽ നീതിആയോഗിന്റെ ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ രംഗം എന്ന നിലയിലേക്ക് ഉയർന്നതിനൊപ്പം പത്തു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയത്. 5000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി ചെലവഴിച്ചത്.

ആരോഗ്യരംഗത്ത്ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, മരുന്നുകളുടെ ലഭ്യത എന്നിവയിലെല്ലാം പരിതാപകരമായ അവസ്ഥയായിരുന്നു.


എന്നാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ  കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയും ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും സൂപ്പർസ്‌പെഷ്യാലിറ്റി ബ്ലോക്കുകൾ അനുവദിച്ചും മെഡിക്കൽ കോളേജുകൾക്ക് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയും സർക്കാർ നവീകരണം ആരംഭിച്ചു.


 ഇതിന്റെ ഫലമായി ലോകം പകച്ചുനിന്ന കാലയളവിൽ കേരളം കോവിഡിനെ അതിജീവിക്കുകയും കേരളത്തിലെ ആരോഗ്യ നേട്ടത്തെ ലോക രാജ്യങ്ങൾ അദ്ഭുതാദരങ്ങളോടെ നോക്കിക്കാണുകയും ചെയ്തു. 

ജനങ്ങൾക്ക് മതിയായ ചികിത്സ സൗകര്യം ഏർപ്പെടുത്തുന്നതിനായി സർക്കാർ നടത്തിയ ആർദ്രം മിഷന്റെ ആകെത്തുകയാണ് ഈ നേട്ടങ്ങൾ.

ദേശീയപാതാ വികസനം യുഡിഎഫ് സർക്കാർ നടപ്പിലാകില്ലെന്ന് നിലപാടെടുത്ത് ഒഴിവാക്കിയതാണ്. ഒരുഘട്ടത്തിൽ 2016 -ൽ ദേശീയപാത അതോറിറ്റി കേരളത്തിലെ ഓഫീസ് തന്നെ ഉപേക്ഷിച്ച് സംസ്ഥാനത്തു നിന്നും പോയ സാഹചര്യം ഉണ്ടായിരുന്നു.


എന്നാൽ 45 മീറ്റർ വീതിയുള്ള ദേശീയപാത എന്ന ലക്ഷ്യത്തിനായി  ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക വഹിച്ചുകൊണ്ടാണ് കേരളം പദ്ധതി പൂർത്തീകരിക്കുന്നത്. ദേശീയപാത വികസനത്തിന് രാജ്യത്തുതന്നെ പണം ചെലവഴിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറി. 5600 കോടി രൂപയാണ് ഇതിനായി സംസ്ഥാനം നീക്കിവെച്ചത്. 


ഇന്ന് ദേശീയപാത വികസനം നല്ലരീതിയിൽ മുന്നേറുകയും സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്. എന്നാൽ ദേശീയപാത നിർമാണ ഘട്ടത്തിലെ അപാകതകൾ സംസ്ഥാന സർക്കാരിന്റെ  കുഴപ്പമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

നിർമ്മാണ ഘട്ടത്തിലെ പിഴവുകൾ ഗൗരവമായി പരിശോധിച്ച് നടപടി എടുക്കുവാൻ ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട കേന്ദ്ര സർക്കാർ വകുപ്പിനും കഴിയുമെന്നും സർക്കാർ വിശദീകരിക്കുന്നു.

മറ്റ് സംസ്ഥാനങ്ങൾ  സമയബന്ധിതമായി പൂർത്തിയാക്കിയ ഗെയിൽ പൈപ്പ് ലൈനും ഇതേ അവസ്ഥ തന്നെയായിരന്നു  ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിൽ നിന്ന് പിന്മാറുന്ന അവസ്ഥയിൽ സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഭൂമി ഏറ്റെടുത്ത് നൽകി. ഇന്ന് വീടുകളിൽ  പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തുന്ന അവസ്ഥയിലേക്ക് എത്തി.


കേരളത്തിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി നിലവിൽ വന്ന ഇടമൺ-കൊച്ചി പവർ ഹൈവേയും ഒരുഘട്ടത്തിൽ പദ്ധതി പൂർത്തീകരിക്കാൻ ആവാതെ പാതി വഴിക്ക് ഉപേക്ഷിച്ചിരുന്നു. 


2016-ൽ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പവർഗ്രിഡ് കോർപ്പറേഷനുമായി ചർച്ചകൾ നടത്തി ആവശ്യമായ സൗകര്യങ്ങളൊരുക്കി കൊണ്ട് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി.

കോവളം -ബേക്കൽ ജലപാത നിർമ്മാണം, മലയോര ഹൈവേ, തീരദേശ ഹൈവേ, പാലങ്ങൾ, ഓവർബ്രിഡ്ജുകൾ അടക്കം നിരവധി മാറ്റങ്ങളാണ് അടിസ്ഥാന സൗകര്യ മേഖലയിൽ വന്നുകൊണ്ടിരിക്കുന്നത് മലയോര ,തീരദേശ ഹൈവേ നിർമാണത്തിന് മാത്രമായി 10000 കോടിയിലേറെ തുകയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്.

എല്ലാവർക്കും വീട് എന്ന ആശയം പ്രാവർത്തികമാക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം ഭവനങ്ങൾ ലൈഫ് പദ്ധതിയിലൂടെ കൈമാറാനാണ് സംസ്ഥാന ഗവൺമെന്റ് തീരുമാനിച്ചത്.

ഇതിനകം നാലരലക്ഷം ഭവനങ്ങൾ  കൈമാറി. നാലു ലക്ഷം പട്ടയങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം പട്ടയും കൂടി വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


നവംബർ ഒന്നോടെ അതിദാരിദ്ര്യർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. പൊതുവിതരണ ശൃംഖല അടക്കം ശക്തിപ്പെടുത്തി കൊണ്ട് ദാരിദ്ര്യനിർമാർജനത്തിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരളം നടത്തിയത്. 


കഴിഞ്ഞ സാമ്പത്തിക വർഷം  വാർഷിക പദ്ധതി അടങ്കൽ തുക 30370 കോടി രൂപ ആയിരുന്നെങ്കിൽ 29224 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. 90 ശതമാനം ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്കായി 8532 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 9452 കോടിയോളം രൂപയാണ്. വകയിരുത്തിയ തുകയുടെ  110 ശതമാനം ആണ് ചെലവഴിച്ചത് എന്നത് ഭരണ നേട്ടമാണ്.

2021 വരെയുള്ള അഞ്ചുവർഷം കൊണ്ട് 67,000 കോടി രൂപയാണ് ആകെ പദ്ധതി നിർവഹണത്തിനായി ചെലവഴിച്ചതെങ്കിൽ ഈ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 90,000 കോടി രൂപയിലേറെ വികസനപദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്.

പ്രകടനപത്രികയിലെ ഉറപ്പുകൾക്കപ്പുറം വിവിധ ദുരന്തങ്ങളെയും നേരിടേണ്ടി വന്ന സാഹചര്യം സർക്കാരിന് ഉണ്ടായി. കോവിഡ്, നിപ്പ, ഓഖി, പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ വിവിധ വിഷമഘട്ടങ്ങളെ നേരിടേണ്ടിവന്നു.


രാജ്യത്തിലെ ഒന്നാം നമ്പർ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുന്നതോടൊപ്പം കൊച്ചിയിൽ നടത്തിയ നിക്ഷേപക സംഗമത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം ആർജിക്കാനും കേരളത്തിനായി. 


ഉന്നതവിദ്യാഭ്യാസരംഗത്ത് 2016 ൽ നമ്മുടെ സ്ഥാനം വളരെ പിന്നിലായിരുന്നു. ഇന്ന് രാജ്യത്തെ ആദ്യത്തെ 12 സർവകലാശാലകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്. രാജ്യത്തെ മികച്ച ആദ്യ നൂറ് കോളേജുകളിൽ 16 എണ്ണം കേരളത്തിൽ നിന്നാണെന്നത് നമ്മുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ആയിരം കോടി വിറ്റുവരവുള്ള കെൽട്രോൺ ഉൾപ്പെടെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ശാക്തീകരിക്കപ്പെട്ടു.  

വിഴിഞ്ഞം പദ്ധതി സാക്ഷാത്ക്കരിക്കപ്പെട്ടത് മറ്റൊരു ചരിത്രനേട്ടമാണ്. 8877 കോടി രൂപ വേണ്ടിവന്ന പദ്ധതിക്ക് 5593 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചു.