തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2025 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ ജൂൺ 5 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.
പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽ കുമാർ, കേരള നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണ കുമാർ, യുണിസെഫ് (ചെന്നൈ) സോഷ്യൽ പോളിസി വിഭാഗം ചീഫ് കെ എൽ റാവു, പരിസ്ഥിതി വകുപ്പ് ഡയറക്ടർ സുനീൽ പമിടി എന്നിവർ പങ്കെടുക്കും. തുടർന്ന് വിവിധ ടെക്നിക്കൽ സെഷനുകൾ നടക്കും.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികളേയും സംഘടനകളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ആദരിക്കുന്നതിനാണ് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഐ. ബി. സതീഷ് എം.എൽ.എയ്ക്കാണ് പരിസ്ഥിതി സംരക്ഷക പുരസ്കാരം. കോഴിക്കോട് സ്വദേശിയായ വിദ്യാർഥിനി ദേവിക കെ.പിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
കേരള സർവ്വകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം പ്രൊഫസർ ഡോ. ശാലോം ജ്ഞാന തങ്ക വി പരിസ്ഥിതി ഗവേഷക പുരസ്‌കാരത്തിനും പരിസ്ഥിതി മാധ്യമ പ്രവർത്തക പുരസ്‌കാരത്തിന് ദി ഹിന്ദു കൊച്ചി ബ്യൂറോ ചീഫ് കെ. എസ്. സുധിയും അർഹരായി.
കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിനാണ് പരിസ്ഥിതിസംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്‌കാരം. പരിസ്ഥിതിസംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്‌കാരത്തിന് ഗുരുവായൂർ മുനിസിപ്പാലിറ്റിയെ തിരഞ്ഞെടുത്തു.