തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്‌ളോഗറെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്.
വിഷയത്തില്‍ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്.
പ്രവേശനോത്സവത്തിലെ പോക്‌സോ കേസ് പ്രതിയുടെ സാന്നിധ്യം ഉണ്ടായതില്‍ പ്രധാന അധ്യാപകന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല.
വിവാദ വ്യക്തിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് പരിപാടിയുടെ സ്‌പോണ്‍ര്‍ ആകാം. എന്നാല്‍ വിഷയത്തില്‍ മതിയായ കരുതല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഡിഡിയുടെ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ഡിജിഇ മടക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വിഷയത്തില്‍ ആര്‍ക്കാണ് വീഴ്ച സംഭവിച്ചത് എന്നും ആര്‍ക്കെല്ലാം എതിരെ നടപടി വേണമെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഡിജിഇയുടെ നടപടി.