സ്വന്തം മരണവാർത്ത പലവട്ടം കേട്ട തെന്നല. അന്ത്യാഞ്ജലിയർപ്പിച്ചുളള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കണ്ട് തെന്നല പറഞ്ഞു, ആർക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ. അടൂരിന്റെ വികസന നായകനെന്ന് പേരെടുത്ത നേതാവ്. താലൂക്ക് രൂപീകരിച്ചതും കെ.എസ്.ആർ.ടി.സി ഡിപ്പോ കൊണ്ടുവന്നതും കോളനികളിൽ അടിസ്ഥാന സൗകര്യമെത്തിച്ചതും ഗ്രാമങ്ങളിലേക്ക് ബസോടിച്ചതും തെന്നല എം.എൽ.എയായിരിക്കെ. പവർപെളിറ്റിക്‌സും ജനങ്ങളുടെ രാഷ്ട്രീയവും ഒരുപോലെ വഴങ്ങിയ നേതാവ്

അടൂരിനെ പ്രതിനിധീകരിച്ച് രണ്ടു തവണയാണ് തെന്നല നിയമസഭയിലെത്തിയത്

New Update
thennala balakrishnan

തിരുവനന്തപുരം: സ്വന്തം മരണവാർത്ത പലവട്ടം കേട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തെന്നല അന്തരിച്ചെന്ന വാർത്ത അദ്ദേഹം മൊബൈലിൽ വായിക്കുമായിരുന്നു.

Advertisment

2021 ജൂണിലും ഇത്തരം വാർത്തകൾ പ്രചരിച്ചു. തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചുളള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

കൂടുതൽ പേർ പോസ്റ്റ് ഷെയർ ചെയ്‌തതോടെ പ്രവർത്തകരടക്കമുള്ളവർ തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് വിളിച്ചു. ചി‌ലർ വാർത്തയറിഞ്ഞ് വീട്ടിലേക്ക് നേരിട്ടെത്തി. ഇതോടെയാണ് വ്യാജ പ്രചാരണത്തെ കുറിച്ച് തെന്നല അറിയുന്നത്.

തുടർന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം പ്രചാരണത്തിലൂടെ ആർക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ ആയിക്കോട്ടേയെന്നായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള അന്ന് പറഞ്ഞത്.

അടൂരിനെ പ്രതിനിധീകരിച്ച് രണ്ടു തവണയാണ് തെന്നല നിയമസഭയിലെത്തിയത്. ശൂരനാട് സ്വദേശിയായ അദ്ദേഹത്തെ അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന അടൂരിൽ മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

അടൂരിൽ വികസനം എത്തിച്ചതിന്റെ ഒരു പിടി ക്രെഡിറ്റ് തെന്നലയ്ക്ക് അവകാശപ്പെട്ടതാണ്.

അടൂർ താലൂക്ക് രൂപീകരിക്കാൻ കഴിഞ്ഞത്, അടൂരിൽ കെ എസ് ആർ ടി സി, ഡിപ്പോ അനുവദിച്ചത് തുടങ്ങിയ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞത് തെന്നല എം.എൽ.എയായിരിക്കുമ്പോഴാണ്

അഞ്ച് നിയമസഭാ തിരഞ്ഞെടുപുകളിലാണ് തെന്നല അടൂരിൽ മത്സരിച്ചത്. 1967, 77, 80,82, 87, വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ. രണ്ട് തവണ വിജയിച്ചു.

77 ലും 82 ലും . 67 ൽ സപ്തകക്ഷി മുന്നണിക്കെതിരെയായിരുന്നു മത്സരം. തോൽവി മുന്നിൽ കണ്ടുതന്നെയായിരുന്നു മത്സരിച്ചത്.

 പ്രതീക്ഷിച്ചതു പോലെ തോറ്റു. അന്ന് തിരഞ്ഞെടുപ്പ് ചെലവ് സ്വന്തമായി വഹിക്കണമായിരുന്നു. 33000 രൂപയാണ് അന്ന് ആകെ ചെലവായത്. പറക്കോട്ടെ ഒരു വ്യാപാരി 100 രൂപ സംഭാവന നൽകി.

 ബാക്കി തുക ശൂരനാട്ടെ വസ്തു വിറ്റ് കണ്ടെത്തി. 1970-ൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ അടൂർ സീറ്റ് സി.പി.ഐക്ക് നൽകി. തെങ്ങമം ബാലകൃഷ്ണനായിരുന്നു സ്ഥാനാർത്ഥി.

 തെങ്ങമത്തിനു വേണ്ടി പ്രവർത്തിച്ചു ജയിപ്പിച്ചു. 75 ൽ തിരത്തെടുപ്പ് നടന്നില്ല. 77 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചു. 80 ൽ വീണ്ടും മത്സരിച്ചു.

എ.കെ ആന്റണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് വിട്ട് ഇടതു പക്ഷവുമായി സഹകരിച്ചത് അന്ന് തോൽവിക്ക് കാരണമായി.

1982-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇക്കാലയളവിലാണ് അടൂർ താലൂക്ക് രൂപീകരിച്ചതും അടൂരിൽ ഇന്നു കാണുന്ന കെ.എസ് ആർ ടി സി സ്റ്റാൻഡ് അനുവദിച്ചതും.

പട്ടികജാതി കോളനികളിൽ അടിസ്ഥാന സൗകര്യവികസനം എത്തിക്കാനും പുതിയ റോഡുകൾ നിർമ്മിക്കാനും കഴിഞ്ഞു. ഗ്രാമീണ മേഖലകളിലേക്ക് കൂടുതൽ ട്രാൻസ്പോർട്ട് ബസുകൾ ആരംഭിച്ചു. 1987 ലെ തിരത്തെടുപ്പിൽ ആർ. ഉണ്ണികൃഷ്ണപിള്ളയോട് 1226 വോട്ടിന് പരാജയപെട്ടു.

മത്സരത്തിന് നേതൃത്വം കൊടുക്കേണ്ട ചിലരുടെ വ്യക്തി താൽപര്യങ്ങളായിരുന്നു അന്ന് തിരിച്ചടിയായത്.

പവർപെളിറ്റിക്‌സും ജനങ്ങളുടെ രാഷ്ട്രീയവും തെന്നലയ്ക്ക് ഒരുപോലെ വഴങ്ങുമായിരുന്നു. ഉദാത്തമായ ജനസേവനം നടത്തിയ വ്യക്തിത്വമാണ് അദ്ദേഹം.

പൊതുപ്രവർത്തനത്തിലേക്ക് വരുന്ന ആളുകൾക്ക് മികച്ച മാതൃകയാക്കാൻ പറ്റുന്ന ആളാണ് തെന്നല. അയ്യപ്പ സേവാ സംഘത്തിന്റെ മുൻ അദ്ധ്യക്ഷൻ കൂടിയായിരുന്നു തെന്നല. ഏറെക്കാലം സംഘത്തിന്റെ രക്ഷാധികാരിയായിരുന്നു.