ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണദണ്ഡ് കാണാതായതെങ്ങെനെ ? ജീവനക്കാരുടെ ഇടയിലുളള ഭിന്നതയാണ് സ്വർണദണ്ഡ് കാണാതാകുന്നതിന് വഴിവെച്ചെന്ന് കണ്ടെത്തൽ. സംഭവത്തിൻെറ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ജീവനക്കാരെ നുണപരിശോധനക്ക് വിധേയമാക്കിയേക്കും

രഹസ്യന്വേഷണത്തിലാണ് ക്ഷേത്ര ജീവനക്കാർക്കിടയിൽ ചേരിപ്പോരും ഭിന്നതയും നിലനിൽക്കുന്ന വിവരം ലഭിച്ചത്. ഇതോടെയാണ്  ഭിന്നതയുടെ ഭാഗമാണോ സ്വർണ്ണം കാണാതാകലെന്ന സംശയം ബലപ്പെട്ടത്. 

New Update
padmanabhaswamy temple2

തിരുവനന്തപുരം: ശതകോടികളുടെ നിധിശേഖരമുളള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണദണ്ഡ് കാണാതായതെങ്ങെനെയെന്ന് കണ്ടുപിടിക്കാൻ നുണ പരിശോധന നടത്താൻ പൊലിസ്. 

Advertisment

സ്വർണം കാണാതായ സംഭവത്തിൻെറ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ജീവനക്കാരെ നുണപരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.


ആറുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. 


ജീവനക്കാരുടെ ഇടയിലുളള ഭിന്നതയാണ് 108 ഗ്രാം തൂക്കം വരുന്ന സ്വർണദണ്ഡ് കാണാതാകുന്നതിന് വഴിവെച്ചത് എന്ന അനുമാനത്തിലാണ് പൊലീസ് നുണപരിശോധനക്ക് ഒരുങ്ങുന്നത്. 

രഹസ്യന്വേഷണത്തിലാണ് ക്ഷേത്ര ജീവനക്കാർക്കിടയിൽ ചേരിപ്പോരും ഭിന്നതയും നിലനിൽക്കുന്ന വിവരം ലഭിച്ചത്. ഇതോടെയാണ്  ഭിന്നതയുടെ ഭാഗമാണോ സ്വർണ്ണം കാണാതാകലെന്ന സംശയം ബലപ്പെട്ടത്. 


ജീവനക്കാരെ പലതവണ ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ല എന്ന മറുപടിയാണ് എല്ലാവരിൽ നിന്നും ലഭിച്ചത്. 


പൊലീസ് ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നതായി ആരോപിച്ച് ക്ഷേത്ര ജീവനക്കാരുടെ സംഘടന പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് സ്വർണ്ണം കാണാതായ ദിവസങ്ങളിൽ സ്ട്രോങ്ങ് റൂമിന്റെ സൂക്ഷിപ്പിൻെറയടക്കം  ചുമതലയുണ്ടായിരുന്ന 6 ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ്  തീരുമാനിച്ചത്. 


ഇതിനുളള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഫോർട്ട് പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.നുണ പരിശോധനയ്ക്ക് വിധേയമാകേണ്ട വ്യക്തി കോടതിയെ സമ്മതം അറിയിച്ചാൽ മാത്രമേ നുണ പരിശോധന നടത്താൻ കഴിയു.


നുണപരിശോധനക്ക് വിധേയനാകാൻ സമ്മതമാണോ എന്ന് അറിയുന്നതിനായി ക്ഷേത്ര ജീവനക്കാർക്ക് കോടതി നോട്ടീസ് അയയ്ക്കും. ജീവനക്കാർ സമ്മതം അറിയിച്ചാൽ മാത്രമേ നുണപരിശോധന നടക്കു. 

സ്വർണം കാണാതയതിൽ ജീവനക്കാരെ സംരംക്ഷിക്കുന്ന സമീപനമാണ് ഭരണ സമിതി കൈക്കൊണ്ടിരിക്കുന്നത്.സ്വർണ്ണം മോഷ്ടിച്ച്  മനപ്പൂർവം ഒളിച്ചുവയ്ക്കാൻ സാധ്യതയില്ലെന്നാണ് ക്ഷേത്ര ഭരണ സമിതിയുടെ വിശദീകരണം. 


സ്വർണ ദണ്ഡ് മോഷണം പോയ വിവരം പുറത്ത് അറിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ്  ക്ഷേത്ര മതിലകത്തെ മണ്ണിൽ നിന്നാണ് 108 ഗ്രാം തൂക്കം വരുന്ന  ദണ്ഡ് കണ്ടെടുത്തത്. 


കഴിഞ്ഞ മാസം 10നാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 108 ഗ്രാം സ്വർണ്ണം കാണാതായത്. ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശാനായി സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കാണാതായത്. 

സ്ട്രോങ്ങ് റൂമിൽ നിന്ന് സ്വർണം കാണാതായതിലും രണ്ടു ദിവസത്തിനുശേഷം മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. 


തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.


കനത്ത പൊലിസ് സുരക്ഷയും മുഴുവൻ സമയവും ജീവനക്കാരുമുളള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം മോഷണം പോയതിന്റെ ഉത്തരവാദികളെ കണ്ടെത്താനാകാത്തത് പൊലീസിനും വലിയ നാണക്കേടാണ്.

ഇത്രയും കനത്ത സുരക്ഷ ഭേദിച്ച് സ്ട്രോങ്ങ് റൂമിൽ നിന്ന് സ്വർണം കടത്തി എന്ന ചോദ്യമാണ് പൊലിസിനെ കുഴക്കുന്നത്. 


വലിയസുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും മോഷണ ശ്രമം നടന്നത് സുരക്ഷ വീഴ്ചയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജീവനക്കാരുടെ അറിവോ പങ്കാളിത്തമോ ഇല്ലാതെ മോഷണശ്രമം നടക്കില്ലെന്ന് ഉറപ്പാണ്.


ഇതാണ് ജീവനക്കാരെ കേന്ദ്രീകരിച്ചുളള അന്വേഷണത്തിന് പൊലീസ് തയാറായത്.ശ്രീകോവിലിൻെറ മൂന്ന് വാതിലുകളിൽ സ്വർണം പൂശുന്ന ജോലികൾക്കായി സ്ട്രോങ്ങ് റൂമിൽ നിന്ന് പുറത്തെടുത്ത സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.

സ്ട്രോങ് റൂമിൽ നിന്ന് സ്വർണം പുറത്തെടുക്കുമ്പോഴും തിരികെ വെയ്ക്കുമ്പോഴും അളന്ന് തൂക്കി തിട്ടപ്പെടുത്തിയാണ് വെയ്ക്കുന്നത്.ഇതിനിടയിൽ 108 ഗ്രാം തൂക്കം വരുന്ന സ്വർണ ദണ്ഡ് എങ്ങനെ മോഷണം പോയി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴക്കുന്നത്.

Advertisment