തിരുവനന്തപുരം: സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ.
പതിമൂന്നു ദിവസം നടത്തിയ മേളയിൽ കുടുംബശ്രീ ഉൽപന്ന വിപണനത്തിലൂടെ മാത്രം 11 കോടിയും ഫുഡ് കോർട്ട് വഴി 1,09 കോടി രൂപയും ലഭിച്ചു.
പതിമൂന്ന് ജില്ലകളിൽ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദർശനത്തിലും കുടുംബശ്രീ സംരംഭകർ പങ്കെടുത്തിരുന്നു.
ഉത്പന്ന വിപണനവും ഫുഡ് കോർട്ടു വഴിയും ആകെ 2.70 കോടി രൂപയുടെ വിറ്റുവരവ് വനിതാ സംരംഭകർ സ്വന്തമാക്കി.
ഇതുകൂടി ചേർത്ത് എന്റെ കേരളം പ്രദർശനമേളയുടെ ഭാഗമായി പങ്കെടുത്ത് ആകെ 14.8 കോടി രൂപയുടെ വിറ്റുവരവ് സംരംഭകർ സ്വന്തമാക്കി.
കുടുംബശ്രീയുടേതായി 250-ലേറെ ഉൽപന്ന സ്റ്റാളുകളും അമ്പതിലേറെ ഫുഡ്സ്റ്റാളുകളും ദേശീയ സരസ്‌മേളയുടെ ഭാഗമായി.
ഇരു വിഭാഗത്തിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരും പങ്കെടുത്തിരുന്നു. കോഴിക്കോട് ഒഴികെ ബാക്കി ജില്ലകളിൽ സംഘടിപ്പിച്ച പരിപാടിയിൽ 276 കുടുംബശ്രീ യൂണിറ്റുകൾ പങ്കെടുത്തു.