തിരുവനന്തപുരം: ഗവർണർക്കെതിരെ അപ്രതീക്ഷിതമായി കിട്ടിയ രാഷ്ട്രീയ ആയുധം തക്കത്തിന് ഉപയോഗിക്കാനുള്ള സിപിഐ തീരുമാനത്തിൽ അസ്വസ്ഥരായി സിപിഎം നേതൃത്വം.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നിരന്തരം സംഘർഷത്തിലായിരുന്ന സിപിഎമ്മും സർക്കാറും, പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമിക്കപ്പെട്ടതിന് ശേഷം ഒത്തുപോകലിന്റെ സമീപനമായിരുന്നു.
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ഗവർണർ വഴി കേന്ദ്രവുമായി യുദ്ധത്തിന് നിൽക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും. അത്തരമൊരു നിലപാട് തുടരുന്നതിടയിലാണ് പരിസ്ഥിതി ദിനത്തിൽ അപ്രതീക്ഷിതമായി 'ബോംബ്' പൊട്ടിയത്.
രാജ്ഭവനിൽ കൃഷിവകുപ്പ് നടത്താൻ നിശ്ചയിച്ച പരിസ്ഥിതി ദിന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിക്കുമെന്ന് കണ്ടതോടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയും ചെയ്തു.
മന്ത്രിയുടെ നിലപാട് പൊതുവെ അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാൽ ഒഴുക്കൻ മട്ടിലാണ് സിപിഎം ഈ സംഭവത്തോട് പ്രതികരിച്ചത്.
തങ്ങൾ പിന്തുണ ശക്തമാക്കി പ്രതികരിച്ചാൽ, സിപിഐക്ക് രാഷ്ട്രീയ നേട്ടവും ഗവർണർക്ക് അപ്രിയവും ഉണ്ടാവുമെന്ന കണക്കു കൂട്ടലാണ് സിപിഎമ്മിനുണ്ടായത്. രാജ്ഭവൻ സംഭവത്തിൽ മുഖ്യമന്ത്രി അധികമൊന്നും പ്രതികരിച്ചില്ല.
എന്നാൽ മന്ത്രി പ്രസാദിന്റെ നിലപാടിനെ പൂർണമായി പിന്തുണച്ച സിപിഐ നേതൃത്വം, വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കുകയും ചെയ്തു.
സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി. സന്തോഷ്‌കുമാർ ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകിയതിന് പിന്നാലെ പ്രത്യക്ഷ പ്രതിഷേധത്തിന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ബ്രാഞ്ചുകളിൽ ദേശീയ പതാക ഉയർത്തി വൃക്ഷതൈകൾ നടനാണ് പാർട്ടി തീരുമാനം.
അതേസമയം സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി സിപിഐ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയതും സിപിഎം സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്. സിപിഐക്ക് അവരുടെ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രാജ്ഭവൻ വിഷയത്തിൽ അവർ സ്വീകരിച്ച നിലപാട് ധീരമാണെന്നുമാണ് എം എ ബേബി വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇങ്ങനെയൊരു ഗവർണർ പദവി തന്നെ ആവശ്യമില്ലെന്ന നിലയിൽ ശക്തമായ നിലപാടിലാണ് സിപിഐ.പാർട്ടിയുടെ യുവജന വിഭാഗമായ എ ഐ വൈ എഫ് രാജ്ഭവൻ മാർച്ചും നിശ്ചയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നിരയിൽ നിന്ന്, കോൺഗ്രസ് ഗവർണറുടെ നടപടിയേ വിമർശിച്ചതോടൊപ്പം മുഖ്യമന്ത്രി ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഒരിടവേളക്ക് ശേഷം ഗവർണർ-ഭരണകക്ഷി പോര് ഉടലെടുത്തിരിക്കുന്ന അവസ്ഥയാണ് നിലവിൽ.