/sathyam/media/media_files/2025/06/07/NFkKLYEClDQ5Poklltyu.jpg)
തിരുവനന്തപുരം: യുവനേതാവ് എം.സ്വരാജിൻെറ സ്ഥാനാർത്ഥിത്വത്തോടെ നിലമ്പൂരിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കുന്നതെന്നാണ് ഈയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൻെറ വിലയിരുത്തുന്നത്.
പി.വി.അൻവറിൻെറ രാഷ്ട്രീയ വഞ്ചനയിൽ നിരാശയുണ്ടായിരുന്ന ഇടത് പ്രവർത്തകരും അനുഭാവികളും സ്വരാജിൻെറ കടന്ന് വരവോടെ ആവേശഭരിതാരായി പ്രചാരണരംഗത്തേക്കിറങ്ങിയത് ഗുണം ചെയ്യും.
പ്രവർത്തകരുടെ ആവേശം വോട്ടർമാരെ മുന്നണിക്കൊപ്പം നിർത്തുന്നതിൽ കൂടി വിജയിച്ചാൽ നിലമ്പൂർ മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൻെറ വിലയിരുത്തൽ.
നിലമ്പൂരിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാൻ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ പി.പി.സുനീർ എം.പിയാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം സുനീർ എക്സിക്യൂട്ടീവ് യോഗത്തിൽ റിപോർട്ട് ചെയ്തു.ഇതിന് ശേഷമാണ് വിശദമായ വിലയിരുത്തലിലേക്ക് കടന്നത്.
ഇടത് പക്ഷത്ത് നിന്ന് കൂറുമാറിയ സി.പി.എമ്മിൻെറ മുൻ എം.എൽ.എ കൂടിയായ പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ടെങ്കിലും അത് എൽ.ഡി.എഫിനെ ദോഷകരമായി ബാധിക്കില്ലെന്നാണ് സി.പി.ഐ നേതൃത്വം വിലയിരുത്തുന്നത്.
ഇരുമുന്നണികളെയും ഒരു പോലെ കടന്നാക്രമിച്ച് കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന് മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
അയ്യായിരം മുതൽ എണ്ണായിരം വരെ വോട്ട് മാത്രമേ അൻവറിന് ലഭിക്കാൻ സാധ്യതയുളളു. പ്രചാരണം അവസാനിക്കുന്ന ഘട്ടത്തിൽ ആവേശം ഉണ്ടാക്കാൻ കഴിഞ്ഞാൽ പോലും പരമാവധി പതിനായിരം വോട്ടുകൾ മാത്രമേ അൻവറിന് ലഭിക്കാൻ സാധ്യതയുളളുവെന്നാണ് സി.പി.ഐയുടെ കണക്കുകൂട്ടൽ.
അടിക്കടി നിലപാട് മാറ്റുന്ന പി.വി.അൻവറിന് വിശ്വാസ്യതയില്ല.സാമുദായിക നേതാക്കളുടെയും മലയോരജനതയുടെയും പിന്തുണ തനിക്കുണ്ടെന്ന് അൻവർ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊക്കെ വോട്ടായി മാറുമോയെന്ന് സംശയമാണ്.
അൻവർ പിടിക്കുന്ന വോട്ടുകളിൽ കൂടുതലും യു.ഡി.എഫ് വോട്ടുകളായിരിക്കും. എന്നാൽ കഴിഞ്ഞ 9 കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ച അൻവറിന് ഇടതുപക്ഷത്തും സ്വാധീനമുണ്ടാകുമെന്നതിനാൽ കുറഞ്ഞ അളവിൽ ഇടത് വോട്ടുകളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ പി.വി അൻവറിൻെറ സ്ഥാനാർത്ഥിത്വം ഏതെങ്കിലും ഒരു മുന്നണിക്ക് മാത്രമായിരിക്കില്ലെന്നാണ് സി.പി.ഐയുടെ നിരീക്ഷണം.
യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാനിടയില്ലാത്ത യാഥാസ്ഥിതിക മുസ്ളിം വോട്ടുകൾ ഇടത് മുന്നണിയിലേക്ക് വരാതെ അൻവറിലേക്ക് പോകുന്നത് യു.ഡി.എഫിന് സഹായകരമായേക്കാമെന്നും സി.പി.ഐ നേതാക്കൾ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ 9 വർഷമായി പി.വി.അൻവറിലൂടെ എൽ.ഡി.എഫ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണെങ്കിലും നിലമ്പൂർ അടിസ്ഥാനപരമായി യു.ഡി.എഫിന് മുൻതൂക്കമുളള മണ്ഡലമാണെന്നാണ് സിപിഐയുടെ നീരീക്ഷണം.
എന്നാൽ ഇടതുപക്ഷത്തിന് ശക്തമായ സംഘടനാ സംവിധാനം നിലവിലുളള നിലമ്പൂരിൽ വിജയിക്കാനുളള എല്ലാ സാധ്യതയുമുണ്ട്. പുറമേക്ക് ഐക്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും യു.ഡി.എഫിലെ പ്രധാന കക്ഷികളായ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നത ഉണ്ടെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ.
പി.വി.അൻവറിനെ യു.ഡി.എഫിലേക്ക് അടുപ്പിക്കുന്നതിൽ പാർട്ടി നടത്തിയ മധ്യസ്ഥശ്രമങ്ങൾ വിജയിക്കാതെ പോയതിൽ ലീഗിൻെറ നേതൃനിരക്ക് അതൃപ്തിയുണ്ട്.
യു.ഡി.എഫ് സ്ഥാനർത്ഥി ആര്യാടൻ ഷൌക്കത്തിനെതിരെ ലീഗിൽ നിന്ന് പടനീക്കം ഉണ്ടായാൽ എൽ.ഡി.എഫിന് നല്ല വിജയസാധ്യതയുണ്ട്.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ലീഗിൽ നിന്ന് അത്തരമൊരു നീക്കം ഉണ്ടാകുമോയെന്നാണ് സി.പി.ഐയുടെ ആശങ്ക.
നിലമ്പൂർ മുൻസിപ്പാലിറ്റി , ചുങ്കത്തറ, പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകൾ എന്നിവയാണ് എൽ.ഡി.എഫിന് മുൻതൂക്കമുളള മേഖലകളാണ്.
അമരമ്പലം പഞ്ചായത്തിലെ ലീഡ് കൊണ്ടാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി.അൻവർ 2700 വോട്ടിന് കടന്നുകൂടിയത്.ഭരണവിരുദ്ധ വികാരത്തിൻെറ തോത് എത്രമാത്രം ശക്തമാണെന്നതിൽ മാത്രമാണ് സി.പി.ഐയുടെ ആശങ്ക.
ക്ഷേമപെൻഷൻ, വനമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ നിലമ്പൂരിലെ നീറുന്ന പ്രശ്നങ്ങളാണ്.
ഇതൊക്കെ വോട്ടർമാരെ സ്വാധീനിക്കാനും ഭരണവിരുദ്ധ വികാരത്തിന് ശക്തിപകരാൻ പോന്നതുമായ കാര്യങ്ങളാണ്.സർക്കാരിനെ കുറിച്ച് മണ്ഡലത്തിലും പുറത്തും ഇടത് അണികളിൽ ഉൾപ്പെടെ നല്ല വിമർശനമുണ്ടെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ.
പാർട്ടിയുടെ മണ്ഡലം സമ്മേളനങ്ങളിൽ നടക്കുന്ന ചർച്ചകളിലൂടെയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ഈ നിഗമനത്തിൽ എത്തിച്ചേരുന്നത്. ഇതൊരു നല്ല പ്രവണത അല്ലെന്നും സി.പി.ഐ കാണുന്നുണ്ട്.