തിരുവനന്തപുരം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ ഫോണ്‍ രേഖകള്‍ അടക്കം വിശദമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
അയാളുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ പൊലീസ് ശ്രദ്ധയോടെ പരിശോധിക്കുമെന്നാണ് കരുതുന്നത്.
ഈ സംഭവം ഇത്ര പെട്ടെന്ന് വാര്‍ത്തയാക്കുകയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം വനംമന്ത്രിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ അവിടെ എത്തപ്പെട്ട ആളുകള്‍ ആസൂത്രമായി എത്തപ്പെട്ടതാണോ, നിലമ്പൂരില്‍ വാഹനം തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോ എന്നും പരിശോധിക്കണം.
ഏതെങ്കിലും സംഭവം നടന്നാല്‍ ഉടന്‍ തന്നെ അതിനെ രാഷ്ട്രീയമായ ആയുധമായി ഉപയോഗിച്ച് ഇടതുമുന്നണിയെ കടന്നാക്രമിക്കുന്നതിന് ഇതുപോലുള്ള ദാരുണ സംഭവങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു