തിരുവനന്തപുരം: സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി വി.ശിവൻകുട്ടി. കണ്ണൂരിൽ ചില പ്രശ്നങ്ങളുണ്ടെന്നും സർക്കാർ അറിയാതെ സ്കൂളുകൾ പൂട്ടാനാവില്ലെന്നും മന്ത്രി.
വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും. ഏതെങ്കിലും സ്കൂൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് തുറക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ എട്ട് എയ്ഡഡ് സ്കൂളുകൾ പൂട്ടിയതിനോടാണ് മന്ത്രിയുടെ പ്രതികരണം.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കണ്ണൂർ ജില്ലയിൽ മാത്രം അടച്ചുപൂട്ടിയത് എട്ട് പൊതു വിദ്യാലയങ്ങളാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പൂട്ടുവീണതിൽ മൂന്ന് വിദ്യാലയങ്ങളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്നായിരുന്നു റിപ്പോർട്ട്. വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ചു പൂട്ടിയത്.
അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകാത്തതാണ് അടച്ചുപൂട്ടലിനു കാരണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം.