തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നു. 

New Update
images(108)

തിരുവനന്തപുരം: പൂജപ്പുരയിൽ വനിതാ ശിശു വകുപ്പ് കോംപ്ലക്സിനകത്ത് നിർമ്മിച്ച പുതിയ സഖി വൺ സ്റ്റോപ്പ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. 

Advertisment

60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. 


വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നു. 


നിലവിൽ 14 ജില്ലകളിലും ഒരു വൺ സ്റ്റോപ്പ് സെന്റർ വീതമാണ് പ്രവർത്തിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ അഡീഷണൽ വൺ സ്റ്റോപ്പ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.

കേരളത്തിൽ 14 ജില്ലകളിലുമായി 22,850 സ്ത്രീകൾക്കും കുട്ടികൾക്കും വൺ സ്റ്റോപ്പ് സെന്റർ മുഖേന സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫോളോ അപ്പ് നടപടികൾ ആവിശ്യമായ സാഹചര്യങ്ങളിൽ അതും വൺ സ്റ്റോപ്പ് സെന്റർ മുഖാന്തിരം നടത്തിവരുന്നു. 

നിലവിൽ തിരുവനന്തപുരം ജില്ലയിൽ 2296 സ്ത്രീകൾക്കും കുട്ടികൾക്കും ആണ് വൺ സ്റ്റോപ്പ് സെന്റർ മുഖേന സേവനം നൽകിയിട്ടുള്ളത്. 480 കേസുകൾ വിമൻസ് ഹെൽപ്പ് ലൈൻ (മിത്ര 181) മുഖേനയാണ് വന്നിട്ടുള്ളത്.