തിരുവനന്തപുരം : 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി പാർട്ടി സമ്മേളനങ്ങളിലേക്ക് കടന്ന സി.പി.ഐയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ നീക്കം നിരീക്ഷിക്കാൻ ഔദ്യോഗിക പക്ഷം.
കഴിഞ്ഞ ദിവസം സംസ്ഥാന നിർവാഹക സമിതിഅംഗവും സ്വന്തം പാളയത്തിലെ വിശ്വസ്തയുമായിരുന്ന കമലാ സദാനന്ദന്റെയും മുതിർന്ന നേതാവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ.എം ദിനകരന്റെയും ശബ്ദരേഖ ഗൗരവമായാണ് ഔദ്യോഗിക പക്ഷം കാണുന്നത്.
ജില്ലാ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ പുറത്ത് വന്ന ശബ്ദരേഖയെ അത്ര നിഷ്‌ക്കളങ്കമായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ഔദ്യോഗിക പക്ഷവും കരുതുന്നുമില്ല.
മുമ്പ് പാർട്ടിയിൽ കാനം- ഇസ്മായിൽ പക്ഷങ്ങൾ പരസ്പരം പോരടിക്കുമ്പോൾ എറണാകുളം ജില്ലയിലെ ഇസ്മയിൽ പക്ഷത്തിന്റെ കുന്തമുനകളായിരുന്നു കമലയും ദിനകരനും. പിന്നീട് സംസ്ഥാനസെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഇവരെ തന്നെ നിയോഗിച്ചാണ് ജില്ല തന്റെ വരുതിയിലാക്കിയത്.
കാനത്തിന്റെ മരണശേഷം ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് എത്തിയപ്പോഴും ഇവർ അദ്ദേഹത്തിനൊപ്പം ഉറച്ച് നിൽക്കുകയായിരുന്നു.
തുടർന്ന് കിസാൻ സഭയുടെ സംസ്ഥാന സെക്രട്ടറിയാക്കി ദിനകരനെ ബിനോയ് വിശ്വം അവരോധിക്കുകയും ചെയ്തിരുന്നു.
തന്നോട് ഏറ്റവും കൂറുള്ള കമല സ്വകാര്യസംഭാഷണത്തിൽ തന്നെ മാറ്റണമെന്ന വാദമുയർത്തിയത് ബിനോയ് നിസാരമായി കാണില്ലെന്ന് കരുതേണ്ടിയും വരും. ഇരുവരും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വന്നതും പാർട്ടിയിൽ ചർച്ചയായി കഴിഞ്ഞു.
ഒരു കാറിൽ സഞ്ചരിക്കുമ്പോഴാണ് കമലയും ദിനകരനും എറണാകുളത്തെ പ്രാദേശിക നേതാവും പാർട്ടി സംസ്ഥാന സെക്രട്ടറിയെ താറടിച്ച് സംസാരിച്ചത്.
ഇവരെ കൂടാതെ വാഹനത്തിനുള്ളിൽ മറ്റൊരു പ്രാദേശിക നേതാവും ഡ്രൈവറും ഉണ്ടായിരുന്നു. അവരിലൊരാൾ ഈ സംഭാഷണം റെക്കോർഡ് ചെയ്ത് ചോർത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇതിന് മുമ്പും സംസ്ഥാന സെക്രട്ടറിയെ ഇകഴ്ത്തി ഇവർ മൂവരും സംസാരിച്ചിട്ടുണ്ടാവാമെന്നും ഈ യാത്രയിലും അതുണ്ടാകുമെന്ന ഉറപ്പുള്ള ഒരാളാവാം ഫോൺ റെക്കോഡർ ഉപയോഗിച്ച് ഇവരുടെ സംസാരം റെക്കോർഡ് ചെയ്ത് ചോർത്തിയതെന്നും കരുതപ്പെടുന്നു.
സംഭവത്തിന് ശേഷ പാർട്ടിക്കുള്ളിൽ അതീവ ജാഗ്രതയിലാണ് നേതാക്കളുള്ളത്. മണ്ഡലം സമ്മേളനങ്ങൾക്ക് ശേഷം ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്ന പാർട്ടിയിൽ ബിനോയിക്കെതിരായ പടനീക്കം പല ജില്ലകളിലും അടിത്തട്ടിൽ പ്രകടമായുണ്ടെന്ന് ഔദ്യോഗിക നേതൃത്വം വിലയിരുത്തിക്കഴിഞ്ഞു.
അതുകൊണ്ട് തന്നെ ഒരോ ജില്ലയിലെ സമ്മേളനങ്ങളിൽ തങ്ങളുടെ പക്ഷക്കാരെ സെക്രട്ടറിയതാക്കാൻ ഔദ്യേഗിക പക്ഷം നീക്കമാരംഭിച്ചു കഴിഞ്ഞു. പുറത്ത് വന്ന ശബ്ദരേഖ ജില്ലാ സമ്മേളനങ്ങളിലടക്കം ചർച്ചയാകാനും വഴിയുണ്ട്.
സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ബിനോയി പാർട്ടിയുമായി കൂടിയാലോചിച്ചു നടപ്പാക്കേണ്ട കാര്യങ്ങൾ അട്ടിമറിക്കുകയാണെന്നും പല വിഷയങ്ങളിലും സി.പി.എമ്മിന് കീഴടങ്ങുന്ന ശൈലിയാണ് സ്വീകരിക്കുന്നതെന്നുമാണ് മറുപക്ഷം ഉയർത്തുന്ന ആരോപണം. ഇദ്ദേഹത്തിനെതിരെ കടുത്ത അവമതിപ്പ് പാർട്ടിയിലെ ചില മുതിർന്ന നേതാക്കളും പങ്കുവെയ്ക്കുന്നുണ്ട്.
ഒരു മുൻ എം.എൽ.എയെ ബിനോയ് വിരുദ്ധ ക്യാമ്പിന്റെ ചുക്കാൻ ഏൽപ്പിക്കാനും ചില നേതാക്കൾക്കിടയിൽ ധാരണയുണ്ട്. എന്നാൽ ബിനോയ് വിരുദ്ധപക്ഷത്തിന്റെ പഗടയൊരുക്കം തികഞ്ഞ ജാഗ്രതയോടെ വീക്ഷിക്കുന്ന ഔദ്യോഗിക പക്ഷം വേണ്ടി വന്നാൽ അച്ചടക്കത്തിന്റെ വാൾ വീശി വിരുദ്ധപക്ഷത്തെ ചിലരെ ഒഴിവാക്കാനും നീക്കം നടത്തിയേക്കും.