നിലമ്പൂരിൽ പിഡിപിയുടെ പരസ്യപിന്തുണ സി.പി.എം സ്വീകരിച്ചത് തിരുവനന്തപുരത്ത് ലോ കോളേജ് ചെയർമാനായിരുന്ന സക്കീറിന്റെ രക്തസാക്ഷിത്വം മറന്ന്. സക്കീറിനെ വീട്ടിൽ കയറി അച്ഛന്റെയും കൊച്ചു സഹോദരിയുടെയും മുന്നിൽ കൊലപ്പെടുത്തിയത് മുപ്പതംഗ പി.ഡി.പി സംഘം. മദനിയെ ‌പിടിച്ചകൊടുത്തത് ഭരണനേട്ടമായി പറഞ്ഞപാർട്ടി നാലു വോട്ടിന് മലക്കംമറിഞ്ഞെന്ന് ആക്ഷേപം. മുസ്‌ലിം വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട പിഡിപി ബന്ധം സിപിഎമ്മിനെ തിരിച്ചടിക്കുമോ

രക്തസാക്ഷിയെ മറന്നാണ് നാല് വോട്ടിന് സി.പി.എം നിലമ്പൂരിൽ പിഡിപിയെ കൂട്ടുപിടിച്ചതെന്നാണ് ആക്ഷേപമുയരുന്നത്

New Update
CPM

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.ഡി.പിയുടെ പിന്തുണ സ്വീകരിച്ച എൽ.ഡി.എഫിനെയും സി.പി.എമ്മിനെയും അവരുടെ മുൻ നിലപാടുകൾ തിരിച്ചടിക്കുന്നു. 

Advertisment

1995ൽ തിരുവനന്തപുരം ലോ കോളേജ് ചെയർമാനായിരുന്ന എസ്.എഫ്.ഐ നേതാവ് സക്കീറിന്റെ കൊലപാതകത്തിലെ പിഡിപി ബന്ധമാണ് സി.പി.എമ്മിനെ തിരിച്ചടിക്കുന്നത്. മുപ്പതംഗ പിഡിപി സംഘമാണ് സക്കീറിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. 


സക്കീറിന്റെ പിതാവിനും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. പിഡിപി പ്രവർത്തകർ ഈ കേസിൽ ശിക്ഷയനുഭവിച്ചു.


രക്തസാക്ഷിയെ മറന്നാണ് നാല് വോട്ടിന് സി.പി.എം നിലമ്പൂരിൽ പിഡിപിയെ കൂട്ടുപിടിച്ചതെന്നാണ് ആക്ഷേപമുയരുന്നത്. ഇതെല്ലാം മറന്നാണ് പിഡിപി പീഡിപ്പിക്കപ്പെട്ട പാർട്ടിയാണെന്ന് സിപിഎം നേതാക്കൾ നിലപാടെടുക്കുന്നത്.

സക്കീറിന്റെ നേതൃത്വത്തിൽ ഈവനിംഗ് ലോ കോളേജ് തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ ചരിത്രപരമായ വിജയം നേടിയിരുന്നു. 

യൂണിയൻ ചെയർമാനായി സക്കീർ തിരഞ്ഞെടുക്കപ്പെട്ടു. അതേ ദിവസം അർദ്ധരാത്രിയിൽ കയ്യുറകൾ ധരിച്ച 30 ഓളം പിഡിപി പ്രവർത്തകർ  സക്കീറിന്റെ ഒരു മുറിയിലേക്ക് സായുധരായി വന്ന് വാതിൽ തുറന്ന് അച്ഛന്റെയും കൊച്ചു സഹോദരിയുടെയും മുന്നിൽ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. 

കഴുത്തിൽ രക്തസ്രാവമുണ്ടായി, അയൽവാസിയുടെ വീട്ടിലേക്ക് തന്റെ ജീവൻ രക്ഷിക്കാൻ സ്ക്കീർ ഓടി, പക്ഷേ കുറ്റവാളികൾ അദ്ദേഹത്തെ പിന്തുടർന്ന് പിടിച്ച് ഒരു തെങ്ങിന്മേൽ അമർത്തി 1995 ജനുവരി 16 ന് വെട്ടിക്കൊന്നു- ഇതാണ് കൊലപാതകം സംബന്ധിച്ച രേഖ. 


പിഡിപി നേതാവായിരുന്ന അബ്ദുൾ നാസർ മദനിയെ തമിഴ്നാട് പോലീസിന് കൈമാറിയത് ഇടത് സർക്കാരായിരുന്നു. 


കോയമ്പത്തൂർ സ്ഫോടന കേസിലായിരുന്നു ഈ നടപടി. 2010ൽ ഇടത് സർക്കാരിന്റെ കാലത്താണ് മൈനാഗപ്പള്ളയിൽ മദനിയുടെ യതീംഖാന വളഞ്ഞു കേരള പോലീസ് അദ്ദേഹത്തെ തമിഴ്നാട്പോലീസിന് പിടിച്ചു കൊടുത്തത്.  

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിഡിപിയുടെ പിന്തുണ പരസ്യമായി സ്വീകരിച്ചതിലൂടെ സി.പി.എം ലക്ഷ്യമിടുന്നത് മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിലാണ്. മണ്ഡലത്തിൽ ചുരുങ്ങിയ വോട്ടാണ് പിഡിപിക്കുള്ളത്. 

എന്നാൽ മുസ്‌ലിം സമുദായത്തിനിടയിൽ പൊതുവികാരം സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഈ നീക്കത്തിന് പിന്നിൽ.


പി.ഡി.പി പിന്തുണയും അബ്ദുന്നാസർ‌ മഅ്ദനിയുടെ പൂർവ്വകാലവും ഓർമ്മപ്പെടുത്തി സി.പി.എമ്മിനെ പ്രതിരോധിക്കുകയാണ് കോൺഗ്രസ്. പി.ഡി.പിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല.


പി.ഡി.പി പീഡിപ്പിക്കപ്പെട്ട വിഭാഗമാണ് എന്നാൽ മതരാഷ്ട്രവാദം ഉയർത്തുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. മഅ്ദനി തെറ്റായ മുൻനിലപാടുകൾ തിരുത്തി മതനിരപേക്ഷ നിലപാട് സ്വീകരിച്ചാണ് പിന്തുണ നൽകിയതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജ് പറഞ്ഞു.


സി.പി.എമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടിയും യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ വർഗീയ പാർട്ടിയെന്നും ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സി.പി.എമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. 


ജമാഅത്തെ ഇസ്ലാമിയെ കുറിച്ചും വെൽഫെയർ പാർട്ടിയെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരത്തെ നടത്തിയ പരാമർശങ്ങൾ എം.വി ഗോവിന്ദൻ ഓർക്കണം. നിലമ്പൂരിൽ ബി.ജെ.പിയെ കാണാനില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയായി. 

പി.ഡി.പി പിന്തുണ കിട്ടിയതിൽ സി.പി.എമ്മിന് എന്തേ പരിഭവം ഇല്ലാത്തതെന്നും വി.ഡി. സതീശൻ ചോദിച്ചു. യു.ഡി.എഫ് മുന്നണിയായാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. പുറത്തുനിന്ന് ആര് പിന്തുണ നൽകിയാലും അത് അവരുടേതായ കാരണത്താലാണ്. അതിന് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.