/sathyam/media/media_files/2025/06/20/ravatt-dgp-2025-06-20-13-15-20.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡി.ജി.പി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും ഡി.ജി.പിയാകാൻ ഏറെ സാധ്യതയുള്ളതുമായ രവാഡ ചന്ദ്രശേഖർ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച കൂത്ത്പറമ്പ് വെടിവെയ്പ്പിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ.
അന്ന് കണ്ണൂർ എ.എസ്.പിയും കൂത്ത് പറമ്പ് വെടിവെയ്പ്പ് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതും പിന്നീട് കോടതി കുറ്റവിമുക്തനാക്കിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
വെടിവെയ്പ്പിനെ തുടർന്നാണ് സി.പി.എം കടുത്ത എതിർപ്പുന്നയിച്ചതിനെ തുടർന്നാണ് രവാഡ ചന്ദ്രശേഖർ കേന്ദ്രത്തിലേക്ക് പോയത്.
കാൽ നൂറ്റാണ്ട് മുൻപ് 1995 നവംബർ 25 നാണ് കൂത്തുപറമ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
പരിയാരം മെഡിക്കൽ കോളജ് സ്വകാര്യ സ്വാശ്രയവൽക്കരണത്തെയും സർക്കാർ ക്വാട്ടയിലുള്ള സീറ്റുകൾ മാനേജ്‌മെൻറുകൾക്ക് നൽകി വിദ്യാഭ്യാസം കച്ചവടവൽക്കരിച്ചതിന് എതിരെയും ആയിരുന്നു അന്ന് ഡി.വൈ.എഫ്.ഐയുടെ സമരം.
മന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ സമരക്കാരെ പൊലീസ് ലാത്തിയുപയോഗിച്ച് നേരിട്ടു. തുടർന്ന് രണ്ടിടത്ത് വെടിവെപ്പിലേക്ക് നീങ്ങുകയും അത് അഞ്ചുപേർ കൊല്ലപ്പെടുന്നതിലും ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിലും കലാശിക്കുകയും ചെയ്തു.
കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം.വി രാഘവനെതിരെ കരിങ്കൊടി കാട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചത്.
കെ കെ രാജീവൻ, ഷിബുലാൽ, കെ വി റോഷൻ, മധു, ബാബു എന്നിവരാണ് മരിച്ചത്. വെടിയേറ്റ് ശരീരം തളർന്ന് കിടപ്പിലായ പുഷ്പൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 28ന് അന്തരിച്ചു.
നിരവധി കമ്മീഷനുകൾ അന്വേഷണം നടത്തിയെങ്കിലും നിയമ നടപടികൾ എങ്ങുമെത്തിയില്ല. വെടിവയ്പിനു പിന്നാലെ മന്ത്രി എം.വി രാഘവനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേൃത്വത്തിലുള്ള ഇന്ത്യൻ ജനകീയ മനുഷ്യാവകാശ കമ്മീഷനാണ് വെടിവയ്പിനെ കുറിച്ച് ആദ്യമായി അന്വേഷിച്ചത്.
ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എച്ച് സുരേഷ്, അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹരിസ്വരൂപ് എന്നിവരുൾപ്പെട്ട ട്രിബ്യൂണൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് വെടിവയ്പ് നടത്തിയതെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി രാഘവൻ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ടി ടി ആന്റണി, ഡിവൈഎസ്പി ഹക്കിം ബത്തേരി, എ.എസ.്പി രവാഡ ചന്ദ്രശേഖർ, പൊലീസുകാർ എന്നിവരെ പ്രോസിക്യൂട്ട്ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.
പിന്നീട് ജില്ലാ ജഡ്ജി പത്മനാഭൻ നായർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡി.ഐ.ജിയായരുന്ന ശേഖരൻ മിനിയോടൻ അന്വേഷണം നടത്തി എം.വി രാഘവൻ, ടി.ടി ആന്റണി, ഹക്കിം ബത്തേരി എന്നിവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്തു.
എ.എസ്.പി രവത ചന്ദ്രശേഖർ, വെടിവയ്പിൽ നേരിട്ടു പങ്കെടുത്ത 14 പൊലീസുകാർ എന്നിവർക്കെതിരെയും നടപടിയുണ്ടായി.
എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഐ.ജി അൽഫോൻസ് ലൂയീസ് ഇറയിലിന്റെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം നടത്തി തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകി.
2001 ജൂലൈ 12ന് സുപ്രീംകോടതി ഉദ്യോഗസ്ഥരുടെ എഫ്.ഐ.ആർ റദ്ദാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കേസുമായി മുന്നോട്ടു പോയെങ്കിലും എങ്ങുമെത്തിയില്ല.
കൂത്തു പറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് എം.വി രാഘവനോടുള്ള രാഷ്ട്രീയ വൈര്യം മറന്ന് സി.പി.എം അദ്ദേഹവുമായി പിന്നീട് ചർച്ച നടത്തി. അദ്ദേഹത്തിന്റെ മകനും മുൻ മാധ്യമപ്രവർത്തകനുമായി എം.വി നികേഷ് കുമാർ ഇന്ന് കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
മുമ്പും ഇത്തരം നടപടികൾ സി.പി.എം സ്വീകരിച്ചിട്ടുണ്ട്. പാലക്കാട് സിറാജുന്നീസ വെടിവെയ്പ്പിൽ കുറ്റാരോപിതനായ രമൺ ശ്രീവാസ്തവയെ സേനയിൽ നിന്നും പുറത്താക്കണമെന്ന് അന്ന് സി.പി.എം വാദിച്ചിരുന്നു.
പിന്നീട് 2006ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുമ്പ് ചാരക്കേസിൽ കൂടി കുറ്റാരോപിതനായ ശ്രീവാസ്തവയെ ഡി.ജി.പിയാക്കാൻ സി.പി.എമ്മിന് മടിയുണ്ടായിരുന്നില്ല. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായും അദ്ദേഹത്തെ നിയമിച്ചിരുന്നു.