തിരുവനന്തപുരം: കോളജുകളിൽ എസ്എഫ്ഐക്കാർ അല്ലാത്തവരെ തിരഞ്ഞു പിടിച്ച് തോൽപ്പിക്കുന്നു എന്ന് ആക്ഷേപം.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലെ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്ക് നേടിയ സൈക്കോളജി അവസാന സെമസ്റ്റർ ബിഎസ് സി വിദ്യാർഥിനിയെ പ്രോജക്ട് മൂല്യനിർണയത്തിൽ ബോധപൂർവ്വം പരാജയപ്പെടുത്തിയ അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കാലിക്കറ്റ് വിസിക്കും പരാതി ലഭിച്ചു.
വിക്ടോറിയ കോളേജ് കെ എസ് യൂ യൂണിറ്റിന്റെ നേതാവാണ് പരാജയപെട്ട വിദ്യാർഥിനി. എസ്എഫ്ഐയുമായി ഗൂഢാലോചന നടത്തിയാണ് അധ്യാപിക വിദ്യാർഥിനിയുടെ മാർക്ക് കുറച്ചതാ യാണ് ആരോപണം.
അധ്യാപകരുടെ മേൽനോട്ടത്തിലാണ് റിസർച്ച് പ്രൊജക്റ്റ് വിദ്യാർത്ഥിനി പൂർത്തീകരിച്ച് സമർപ്പിക്കുന്നത്. ഇത്തരം പ്രോജക്ടുകൾക്ക് എല്ലാ അധ്യാപകരും മിനിമം പാസ്സ് മാർക്ക് നൽകാറുണ്ട്.
അതുകൊണ്ടുതന്നെ പ്രൊജക്റ്റിൽ പുനർ മൂല്യനിർണ വ്യവസ്ഥ പരീക്ഷ ചട്ടങ്ങളിൽ ഉൾപെടുത്തിയിട്ടില്ല. എല്ലാ പേപ്പറിലും ജയിച്ച ജംഷിയ ഷെറിൻ പ്രോജക്ടിൽ തന്നെ പ്രത്യേക ലക്ഷ്യം വച്ച് തോല്പിച്ചു എന്നും വിഷയം അന്വേഷിച്ചു നീതിപൂർവകമായ നടപടി വേണമെന്നും കാണിച്ച് വിദ്യാർഥിനി വൈസ് ചാൻസലർക്കു പരാതി നൽകിയിരുന്നു.
വൈസ് ചാൻസലർ പ്രസ്തുത പരാതി പരീക്ഷ കൺട്രോളർക്ക് കൈമാറുകയും പരീക്ഷ ബോർഡ് ചെയർമാനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം പരീക്ഷാഭവൻ പരീക്ഷ, ബോർഡ് ചെയർമാനോട് പ്രൊജക്റ്റ് പുനഃപരിശോധിക്കാനും കൊടുത്ത മാർക്കിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിരുന്നു.
പുന പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രോജക്റ്റിന് കൂടുതൽ മാർക്കിന് വിദ്യാർഥിനിക്ക് അർഹതയുണ്ടെന്ന് പരീക്ഷാ ബോർഡ് ചെയർമാൻ റിപ്പോർട്ട് നൽകി.
ഈ മാർക്ക് വിദ്യാർത്ഥിനിക്ക് ഫൈനൽ മാർക്ക് ആയി നൽകണമെന്നും ചെയർമാൻ ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാർഥിനി പരീക്ഷ യിൽ വിജയിച്ചതായി പ്രഖ്യാപിച്ചു വെങ്കിലും വിദ്യാർത്ഥിനിയെ ബോധപൂർവ്വം പരാജയപ്പെടുത്തിയ അധ്യാപികക്കെതിരെ ഇതുവരെ യാതൊരു നടപടിയും സർവകലാശാല സ്വീകരിച്ചിട്ടില്ല.
ക്യാമ്പസുകളിൽ എസ്എഫ്ഐക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പരീക്ഷാ പ്രതികാരങ്ങൾ നടക്കുന്നുണ്ട്. എസ്എഫ്ഐ അനുകൂലികളായ അധ്യാപകരുടെയും സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരുടെയും ഒത്താശ യോടെയാണ് ഇത്തരം നടപടികൾ സർവ്വകലാശാലയിൽ അരങ്ങേരുന്നത്.
കെഎസ്‌യു പ്രവർത്തകയായ വിദ്യാർഥിനിക്ക് മാർക്ക് കുറച്ച് പരീക്ഷയിൽ തോൽപ്പിക്കാനുള്ള ഗൂഢാലോചനയിൽ പാലക്കാട് ജില്ല എസ്എഫ്ഐക്ക് നേതാക്കൾക്ക് പങ്കുണ്ട്.
അതുകൊണ്ട് രാഷ്ട്രീയ കാരണങ്ങളാൽ വിക്ടോറിയ കോളേജിലെ വിദ്യാർഥിനിയെ പ്രോജക്ടിൽ തോൽപ്പിച്ച അധ്യാപികക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറോടും വിസി യോടും ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്എഫ്ഐ ഭീഷണിക്ക് വഴങ്ങാത്ത വിദ്യാർത്ഥികളെ തിരഞ്ഞ് പിടിച്ച് പരീക്ഷകളിൽ തോൽപ്പിക്കുന്ന സമ്പ്രദായം അംഗീകരിക്കാനാവില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറഞ്ഞു.