തിരുവന്തപുരം: മുഖ്യമന്ത്രിക്കും, പാര്‍ട്ടി സെക്രട്ടറിക്കും എതിരായ വിമര്‍ശന വാര്‍ത്തകള്‍ തള്ളാതെ പി. ജയരാജന്‍.
വിമര്‍ശനവും, സ്വയം വിമര്‍ശനവും പാര്‍ട്ടിയില്‍ ഉള്ളതാണെന്ന് പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എം.വി ഗോവിന്ദനെതിരായ വിമര്‍ശനത്തിലാണ് പി. ജയരാജന്റെ പ്രതികരണം.
താന്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചു എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടു.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പി. ജയരാജന്‍ പറഞ്ഞു.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജൂൺ 26,27 തീയതികളിൽ ചേർന്ന സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ച എന്ന രൂപത്തിൽ ചില മാധ്യമങ്ങളിൽ എന്റെ പേരുമായി ബന്ധപ്പെട്ട ഒരു വാർത്ത കാണുകയുണ്ടായി.
പാർട്ടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രിയുടെ പേരുപറയാതെയും വിമർശിച്ചു എന്നാണ് ഈ വാർത്തകളിൽ പറയുന്നത്.
വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണ്.
പക്ഷേ ഇത്തരം വാർത്തകൾ, വലതുപക്ഷ രാഷ്ട്രീയത്തെ, വിശേഷിച്ച് കോൺഗ്രസ്സിനെയും ആർ.എസ്.എസ്-ബി.ജെ.പിയെയും നിശിതമായി എതിർത്തുകൊണ്ട് യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ(എം) നെ തകർക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്.
സി.പി.ഐ(എം)നും ഇടതുപക്ഷ രാഷ്ട്രീയത്തിനും നേതൃത്വം നൽകികൊണ്ടും സമൂഹത്തിലെ വിവിധമേഖലകളിൽ ഉയർന്നുവരുന്ന ജീർണ്ണതകൾക്കെതിരായും മുഖ്യമന്ത്രി സ:പിണറായിയും പാർടി സെക്രട്ടറി സ:എം.വി. ഗോവിന്ദൻ മാസ്റ്ററും നൽകുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുള്ളത്.
അതിനാലാണ് പാർടി നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വാർത്താ നിർമ്മിതികൾക്കെതിരായി നിയമനടപടി കൈക്കൊള്ളാൻ ഞാൻ ഉൾപ്പെടെയുള്ളവർ പാർടി സംസ്ഥാന കമ്മിറ്റിയിൽ ഐകകണ്ഠേന തീരുമാനിച്ചത്.