തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവീസിൽ നിന്നും വിരമിക്കും. 2023 ജൂൺ 30 മുതൽ 2 വർഷമാണ് അദ്ദേഹം പൊലീസ് മേധാവിയായി പ്രവർത്തിച്ചത്.
ഫയർ ആൻഡ് റെസ്ക്യു ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്.
ആന്ധ്രയിലെ കടപ്പ സ്വദേശിയാണ്. വിരമിക്കുന്ന പൊലീസ് മേധാവി ഡോ. ദർവേഷ് സാഹിബിന് പൊലീസ് സേന നൽകുന്ന വിടവാങ്ങൽ പരേഡ് ഇന്നു രാവിലെ 8.30ന് എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും.
കേരള പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഉച്ചയ്ക്ക് 12ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സർക്കാർ ഇന്നു തീരുമാനിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗമാണ് പുതിയ ഡിജിപിയെ നിശ്ചയിക്കുക.
സംസ്ഥാന കേഡറിലെ മൂന്ന് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ്, പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ് സി അംഗീകരിച്ച് നല്‍കിയിട്ടുള്ളത്.
സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷല്‍ ഡയറക്ടര്‍ രവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.