തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്‍റെ ലഹരിവേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 10 ഗ്രാമോളം എംഡിഎംഎ പിടികൂടി രണ്ട് പേരെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റജിലാലിന്റെ നേതൃത്വത്തിൽ 4.55 ഗ്രാം എംഡിഎംഎയുമായി കൃഷ്ണചന്ദ്രൻ എന്നയാളെയും, സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ 5 ഗ്രാം എംഡിഎംഎയുമായി ആലിഫ് മുഹമ്മദ് എന്നയാളെയുമാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികളെ പൊക്കിയത്.
കൃഷ്ണചന്ദ്രനെ വഴുതക്കാടുള്ള വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
പരിശോധനയിൽ 4.55 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
നഗരത്തിൽ ചില്ലറ വിൽപ്പന നടത്താനെത്തിയവരാണ് പിടിയിലായവരെന്ന് എക്സൈസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പത്മകുമാർ, ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് മോഹൻ, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.