തിരുവനന്തപുരം: കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഡയപ്പർ തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകും.
മെൻസ്‌ട്രൽ കപ്പ് ഉപയോഗിക്കാൻ കഴിയാത്ത ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ (ബിആർസി) അന്തേവാസികൾക്ക് സാനിറ്ററി പാഡ് വാങ്ങി നൽകുന്നതിനും തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.
തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നു തുക വകയിരുത്തിയോ ത്രിതല പഞ്ചായത്തുകളുടെ സംയുക്‌ത പദ്ധതിയായോ ഇതു നടപ്പിലാക്കാവുന്നതാണ്.
സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും സംസ്കരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടിയും തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് വലിയ സഹായമാണ് സർക്കാർ തീരുമാനം. മൂന്നു ഡയപ്പർ എങ്കിലും കിടപ്പുരോഗികൾക്ക് ദിവസേന മാറ്റേണ്ടതുണ്ട്. കുറഞ്ഞത് 300 രൂപ മുതലാണ് പത്ത് എണ്ണമടങ്ങിയ ഒരു പായ്‌ക്കറ്റിന്റെ വില.
സെറിബ്രൽ പാൾസി ബാധിച്ചവർക്ക് ഡയപ്പർ വാങ്ങി നൽകാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നേരത്തെ അനുമതി നൽകിയിരുന്നു.
കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി വാട്ടർബെഡ്, എയർബെഡ്, വീൽചെയർ, കമ്മോഡ് ചെയർ, ചെയർ കുഷൻ തുടങ്ങിയവ നൽകുന്നതിനും അനുമതിയുണ്ട്.
എല്ലാ സ്‌ത്രീകൾക്കും നൂറു ശതമാനം സബ്‌സിഡിയിൽ മെൻസ്‌ട്രൽ കപ്പ് നൽകുന്നതിന് 2022ൽ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു.
ഇതനുസരിച്ച് ആവശ്യമായ ബോധവൽക്കരണത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക് ബിആർസികളിലെ അന്തേവാസികൾക്കും മെൻസ്‌ട്രൽ കപ്പ് നൽകാവുന്നതാണ്.
എന്നാൽ മാനസികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും മെൻസ്‌ട്രൽ കപ്പ് ഉപയോഗിക്കാൻ കഴിയാത്തതിനാലാണ് ബിആർസികളിലെ അന്തേവാസികൾക്ക് സാനിറ്ററി പാഡ് വാങ്ങി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്.