തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞത്.
തുറന്നു പറച്ചിലിന് ശിക്ഷാനടപടി പ്രതീക്ഷിച്ചിരുന്നു. എല്ലാ വാതിലും കൊട്ടിയടച്ചപ്പോഴാണ് തുറന്നു പറയാന്‍ നിര്‍ബന്ധിതനായത്.
സര്‍ക്കാരിനെയോ ആരോഗ്യമന്ത്രിയേയോ കുറ്റപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തിയതെന്നും ഡോ. ഹാരിസ് പറഞ്ഞു.
ബ്യൂറോക്രസിയുടെ ചുവപ്പുനാടയ്ക്കും മെല്ലെപ്പോക്കിനുമെതിരെ, സംവിധാനം നന്നാകാനാണ് പ്രതികരിച്ചത്. ഇപ്പോഴും ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തുന്നത്.
ബ്യൂറോക്രസിക്ക് ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ പ്രതിസന്ധി പരിഹരിച്ചു. രോഗികളുടെ സര്‍ജറി കഴിഞ്ഞു. അവരെ ഇന്നോ നാളെയോ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
പക്ഷെ ഉപകരണങ്ങളുടെ ക്ഷാമം പലതും നിലവിലുണ്ട്. വിദഗ്ധ സമിതിയെ തെളിവുകള്‍ സഹിതം സൂചിപ്പിച്ചതാണ്. അന്ന് അവര്‍ ചില പ്രതിവിധികള്‍ നിര്‍ദേശിച്ചിരുന്നു. അത് നടപ്പിലാകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡോ. ഹാരിസ് പറഞ്ഞു.
ഇത്തരം പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. ഇത്തവണ തന്റെ കരിയറും ജോലിയുമെല്ലാം ത്യജിക്കുന്ന തരത്തില്‍, വലിയ റിസ്‌കെടുത്താണ് മുന്നോട്ടു വന്നത്.
ഇങ്ങനെ ആരും മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല. തനിക്കും ഇങ്ങനെ ഇനി വരാനാകുമോയെന്ന് അറിയില്ല.
താനില്ലാതായാലും പ്രശ്‌നങ്ങള്‍ ഇല്ലാതാകില്ലല്ലോ. അത് പരിഹരിക്കാനുള്ള നടപടി ഉണ്ടാകണം. മുമ്പോട്ടു പോകാന്‍ പല മാര്‍ഗങ്ങളും ശ്രമിച്ച് പരാജയപ്പെടുമ്പോഴാണല്ലോ പലരും ആത്മഹത്യ ചെയ്യുന്നത്. അതുപ്രകാരം തന്റേത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് പറയാമെന്ന് ഡോ. ഹാരിസ് പറഞ്ഞു.