/sathyam/media/media_files/2025/07/02/images773-2025-07-02-19-39-28.jpg)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി നിർത്തിയിട്ടിരിക്കുന്ന അമേരിക്കൻ നിർമ്മിത എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ ഹൈഡ്രോളിക് തകരാർ പരിഹരിക്കാനായില്ലെങ്കിൽ കൂറ്റൻ ചരക്കുവിമാനമെത്തിച്ച് വിമാനം കയറ്റിക്കൊണ്ടു പോവും.
സാങ്കേതിക തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും എൻജിനിയർമാരടങ്ങിയ 40അംഗ സംഘം ഉടനെത്തും. ഇവരുടെ യാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്.
വിമാനത്തിന് ഗുരുതര ഹൈഡ്രോളിക് തകരാറാണ്. കടലിൽ നൂറ് നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്.എം.എസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിൽ നിന്ന് ബ്രിട്ടീഷ് എൻജിനിയർമാരെത്തി പലവട്ടം ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല.
വിദഗ്ദ്ധ സംഘമെത്തിയിട്ടും തകരാർ പരിഹരിക്കാനായില്ലെങ്കിൽ ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ ഇതിനെ എയർലിഫ്‌റ്റ് ചെയ്യാനാണ് തീരുമാനം. യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ- 4ൽ കിടക്കുകയാണ്.
എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് സൈന്യം അനുവദിച്ചിട്ടില്ല. വിമാനത്തിന് സി.ഐ.എസ്.എഫിന്റെ സായുധ സുരക്ഷ തുടരുന്നുണ്ട്.
കഴിഞ്ഞ മാസം 15നാണ് ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കൻ നിർമ്മിത എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
യുദ്ധ വിമാനം വിദേശത്ത് കുടുങ്ങിപ്പോവുന്നത് അസാധാരണമാണ്. 1000കോടിയോളം രൂപയാണ് വിമാനത്തിന്റെ വില.
അറ്റകുറ്റപ്പണിക്കായി വിദഗ്ദ്ധസംഘം എത്തുക ബ്രിട്ടീഷ് സൈന്യത്തിന്റെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാവും. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റുരാജ്യങ്ങൾക്ക് കൈമാറാത്തതിനാൽ തകരാറുണ്ടായാൽ അവരെത്തന്നെ ആശ്രയിക്കണം.
അതിനാലാണ് അറ്റകുറ്റപ്പണിയും പരിശോധനകളും വൈകിയത്. ഹാങ്ങറിലെത്തിച്ച് തകരാർ പരിഹരിക്കാനായില്ലെങ്കിൽ സൈനിക ചരക്കുവിമാനമായ ഗ്ലോബൽ മാസ്റ്ററിൽ തിരികെക്കൊണ്ടുപോകാനും നീക്കമുണ്ട്.
വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15-നകം വിമാനം ഇവിടെനിന്നു കൊണ്ടുപോകുമെന്നാണു സൂചന.
വിമാനം ഹാങ്ങർ യൂണിറ്റിലേക്കു വലിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങൾ ബ്രിട്ടണിൽനിന്ന് എത്തിക്കും. എഫ്-35 പറന്നുയർന്ന എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പൽ സിംഗപ്പൂർ തീരത്തേക്കു മടങ്ങിപ്പോയിട്ടുണ്ട്.
തിരുവനന്തപുരത്തെ ബ്രിട്ടീഷ് യുദ്ധവിമാനം ബ്രിട്ടീഷ് പാർലമെന്റിൽ പോലും ചർച്ചാവിഷയമായിട്ടുണ്ട്.
എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി ലൂക്ക് പൊള്ളാർഡ് പാർലമെന്റിൽ പറഞ്ഞു.
പ്രതിപക്ഷത്തെ കൺസർവേറ്റീവ് എംപി ബെൻ ഒബേസാണ് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഹൗസ് ഓഫ് കോമൺസിൽ ഉന്നയിച്ചത്. സർക്കാർ നടപടികളെക്കുറിച്ചും എഫ്-35 എന്ന് തിരികെയെത്തിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
നാറ്റോയുടെ സഖ്യകക്ഷിയല്ലാത്ത ഒരു രാജ്യത്ത്, ജനവാസമേഖലയിൽ ഇത്രയും അത്യാധുനിക വിമാനം ഏറെക്കാലം നിർത്തിയിട്ടിരിക്കുന്നതിൽ പാർലമെന്റിൽ അംഗങ്ങൾ ആശങ്കയറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സേനയുടെ ഭാഗത്തുനിന്ന് ഏറ്റവും മികച്ച പിന്തുണയാണ് എഫ്-35 ലാൻഡുചെയ്ത സമയത്തു ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ മണ്ണിൽ കനത്ത സുരക്ഷയിലാണ് വിമാനമെന്നും റോയൽ എയർഫോഴ്‌സ് സംഘാംഗങ്ങൾ എപ്പോഴും എഫ്-35ന് ഒപ്പമുണ്ടെന്നും മന്ത്രി പാർലമെന്റിൽ അറിയിച്ചു.
അതിനിടെ, ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ ചിത്രവുമായി കേരളാ ടൂറിസം പരസ്യം പുറത്തിറക്കിയതും കൗതുകമായി.
‘കേരളം അതിസുന്ദരം, എനിക്കു തിരിച്ചുപോകേണ്ട’ - പറയുന്നതു മറ്റാരുമല്ല, സാങ്കേതികത്തകരാറു മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് റോയൽ നേവിയുടെ എഫ് 35 പോര്‍വിമാനമാണ്.
കേരള ടൂറിസം വകുപ്പിന്റേതാണ് ലോകോത്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാവുന്ന പരസ്യതന്ത്രം. ‘കേരളം അതിമനോഹരമായ സ്ഥലമാണ്. എനിക്കു തിരിച്ചുപോകേണ്ട, തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു’ എന്ന പരസ്യവാചകമാണ് യുദ്ധവിമാനത്തിന്റെ ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്നത്.
ഈ പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കേരളാ ടൂറിസത്തിന്റെ ഫേസ് ബുക്ക് പേജിൽ ഈ പരസ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ യുദ്ധവിമാനം ഒ.എൽ.എക്സിൽ വിൽക്കാനിട്ട പരസ്യമെന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചിരുന്നു.