/sathyam/media/media_files/2025/07/02/images774-2025-07-02-20-20-10.jpg)
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ ചിത്ര വിവാദത്തിൽ രജിസ്ട്രാർ ഡോ.കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത് കടുത്ത നടപടിയുമായി വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ.
സമീപകാലത്ത് ആദ്യമായാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുന്നത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതായും പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
യൂണിവേഴ്സിറ്റി നിയമ പ്രകാരമുള്ള വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് വിസി ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവിറക്കി. സീനിയർ ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നൽകി.
കേരള യൂണിവേഴ്സിറ്റിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ്ആർലേക്കർ പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളിൽ രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ് ചാൻസലർ ഗവർണർക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെൻന്റ്ചെയ്തുകൊണ്ടുള്ള വിസിയുടെ നടപടി.
രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു.
ഗവർണർ പങ്കെടുക്കേണ്ട ചടങ്ങിൽ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം പ്രവർത്തിച്ചത്.
ക്രിമിനൽ സ്വഭാവമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന വിഷയമായതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണ്- റിപ്പോർട്ടിൽ പറയുന്നു.
രജിസ്ട്രാർക്ക് "കൃത്യമായ ഉത്തരവാദിത്തബോധം ഉണ്ടായില്ല." ഒരു മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ, വിശ്വാസയോഗ്യമായ റിപ്പോർട്ടോ ഇല്ലാതെയാണ് രജിസ്ട്രാർ പ്രവർത്തിച്ചത്.
രജിസ്ട്രാർ, സെക്യൂരിറ്റി ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിവർ രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടുകളിൽ ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല.
വേദിയിൽ എത്തിയിട്ടും രജിസ്ട്രാർക്ക് താൻ അത്തരമൊരു ചിഹ്നം കണ്ടുവെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്താനും സാധിച്ചില്ല.
ദേശീയഗാനം ആലപിക്കുമ്പോഴും ഗവർണർ വേദിയിലായിരിക്കുമ്പോഴും ഹാളിൽ ചടങ്ങ് നടത്താനുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി ധിക്കാരപരമായിരുന്നു.
ഇത് സർവകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണ്. ഗവർണർ പദവിയോടുള്ള അനാദരവാണ്- വി.സിയുടെ റിപ്പോർട്ടിൽ പറയുന്നു.
സസ്പെൻഷന് ഇടയാക്കിയ വീഴ്ചകൾ ഇവയാണ്- രജിസ്ട്രാർക്ക് "കൃത്യമായ ഉത്തരവാദിത്തബോധം ഉണ്ടായില്ല." ഒരു മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ, വിശ്വാസയോഗ്യമായ റിപ്പോർട്ടോ ഇല്ലാതെയാണ് രജിസ്ട്രാർ പ്രവർത്തിച്ചത്.
രജിസ്ട്രാർ, സെക്യൂരിറ്റി ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിവരിൽ നിന്നുള്ള ഒരു റിപ്പോർട്ടിലും ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല.
വേദിയിൽ സന്നിഹിതനായിരുന്നിട്ടും, രജിസ്ട്രാർക്ക് താൻ അത്തരമൊരു ചിഹ്നം കണ്ടുവെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്താനും സാധിച്ചില്ല.
ദേശീയഗാനം ആലപിക്കുമ്പോഴും ഗവർണർ വേദിയിലായിരിക്കുമ്പോഴും ഹാളിനുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി ധിക്കാരപരമായിരുന്നു.
ഇത് സർവകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും വി.സിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. യൂണിവേഴ്സിറ്റി നിയമപ്രകാരം ഹാളിൽ മതപരമായ പ്രാർത്ഥനകളും പ്രസംഗങ്ങളും മാത്രമാണ് നിരോധിച്ചിട്ടുള്ളത്.
ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിക്കാൻ യൂണിവേഴ്സിറ്റി ചട്ടത്തിൽ വ്യവസ്ഥ ഇല്ലെന്നും വിസിയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ഭാരതാംബയുടെ ചിത്രം മാലയിട്ട് പ്രദർശിപ്പിച്ചതിനാൽ ചടങ്ങ് അട്ടിമറിക്കാൻ ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തിൽ രജിസ്ട്രാർ പ്രവർത്തിച്ചുവെന്ന സംഘാടകരായ ശ്രീ പദ്മമനാഭ സേവാ സമിതിയുടെ പരാതിയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഫോട്ടോകൾ, ആഭ്യന്തര രേഖകൾ, സംഘാടകരുടെ പരാതി തുടങ്ങിയ അനുബന്ധ വിവരങ്ങളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ മതപരമായ ചിഹ്നം സംബന്ധിച്ച വാദങ്ങൾ ഈ രേഖകളൊന്നും സ്ഥിരീകരിക്കുന്നില്ലെന്ന് വിസി ചൂണ്ടിക്കാട്ടി.
പരിപാടിയ്ക്ക് അനുമതി റദ്ദാക്കിയതിനു വ്യക്തമായ കാരണങ്ങൾ ഇല്ല. ഗവർണർ സെനറ്റ് ഹാളിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയിൽ രാജ്ഭവന് അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.