കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്കാരിക കേരളം. സാംസ്‌കാരിക വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് വജ്രജൂബിലി ഫെലോഷിപ്പ് നടപ്പാക്കുന്നു

കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.

New Update
images(787)

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്.

Advertisment

കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.


സാംസ്‌കാരിക വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ശ്രദ്ധേയമായ ഒരു പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. 


ക്ലാസിക്കൽ കലകൾ, അഭിനയ കല, ചിത്രകല, ശില്പകല, ഫോക്ലോർ കലാരൂപങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സൗജന്യ പരിശീലനം നൽകുന്ന പദ്ധതിക്ക് വർധിച്ചുവരുന്ന ജനപിന്തുണ ഒരു ഉദാഹരണമാണ്. 

2021-22 സാമ്പത്തിക വർഷത്തിൽ 12 കോടി രൂപയായിരുന്ന വജ്രജൂബിലി പദ്ധതിയുടെ ബജറ്റ് വിഹിതം, 2022-23 വർഷം മുതൽ 13 കോടി രൂപയായി വർധിപ്പിച്ചു. നിലവിൽ ആയിരത്തോളം കലാകാരന്മാരാണ് ഗുണഭോക്താക്കൾ.


സിനിമാരംഗത്ത് വനിതകളെയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പ് ധനസഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. 


ഈ പദ്ധതിപ്രകാരം, ഓരോ വർഷവും 4 സിനിമകൾക്ക് 1.5 കോടി രൂപ വീതം നിർമ്മാണത്തിന് ധനസഹായം നൽകിവരുന്നു. ഇതിനോടകം 8 ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും, ഒരു ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലും, മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. 

പുതിയ 4 ചിത്രങ്ങൾ കൂടി പദ്ധതിപ്രകാരം തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത സംരംഭമാണിത്.


അമച്വർ നാടക സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സ്‌കീമിലേക്ക് ഓരോ വർഷവും അപേക്ഷകൾ പരിഗണിച്ച് ധനസഹായം നൽകുന്നുണ്ട്. 


കലാസംഘത്തിന്റെ മുൻപരിചയത്തിന്റെയും സ്‌ക്രിപ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ധനസഹായം. യുവകലാകാരന്മാർക്കായുള്ള 1000 ഫെലോഷിപ്പുകൾ തുടരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് യുവപ്രതിഭകൾക്ക് കലാരംഗത്ത് മുന്നേറാനുള്ള അവസരങ്ങൾ ഉറപ്പാക്കുന്നു.

നാട്ടിൻപുറങ്ങളിലെ കലാകാരന്മാരുടെയും കരകൗശല തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ റൂറൽ ആർട്ട് ഹബ് എന്ന പേരിൽ പുതിയ പദ്ധതിയുമുണ്ട്. 


നാടൻ കലാകാരന്മാരുടെയും കൈത്തൊഴിലുകാരുടെയും കഴിവുകളിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ വിപണി സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യം. 


ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും സഹായമാണ്.

നാലിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പാഠ്യേതര കലാ, സാംസ്‌കാരിക, ശാസ്ത്ര, സാമൂഹ്യ മേഖലകളിൽ താൽപ്പര്യം വളർത്താൻ ബാലകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് സാംസ്‌കാരിക വകുപ്പ്. 


കുട്ടികളിൽ പൗരബോധം വളർത്തിയെടുക്കാനും, യുവതലമുറയിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.


പരമ്പരാഗത കലാരൂപങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുമായി സാംസ്‌കാരിക വകുപ്പ് മുന്നോട്ട് പോകുകയാണ്. ‘മഴമിഴി’, ‘സമം’ തുടങ്ങിയ പരിപാടികൾ വലിയ സ്വീകാര്യത നേടി. 

വൈക്കം സത്യഗ്രഹം, സർവമത സമ്മേളനം എന്നിവയുടെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ചു. രാജ്യത്ത് ആദ്യമായി സർക്കാർ നേതൃത്വത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോം പുറത്തിറക്കിയതും തിയേറ്ററുകൾ നവീകരിച്ചതും സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി. 

കൂടാതെ, ജില്ലകൾതോറും സാംസ്‌കാരിക സമുച്ചയങ്ങൾ എന്ന പദ്ധതി പ്രകാരം കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്യുകയും, പാലക്കാട്ടും കാസർഗോഡും സമുച്ചയങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഒരു പുതിയ അധ്യായം കുറിക്കുന്നു.

Advertisment