തിരുവനന്തപുരം: തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാമെങ്കിലും, വേറെ മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് തെറ്റായിപ്പോയി എന്നറിയാം. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. നടപടികളെ ഭയപ്പെടുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല.
പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്‌പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പിന്റെ മേധാവി എന്ന നിലയില്‍ വകുപ്പിന്റെ ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.
ഇന്നലെയും തിങ്കളാഴ്ചയും അന്വേഷണ സമിതിക്ക് മുമ്പില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്.
മെഡിക്കൽ കോളജിലെ സഹപ്രവര്‍ത്തകരും അന്വേഷണ സമിതിക്ക് മൊഴി കൊടുത്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിക്ക് തന്റെ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്. തുറന്നുപറച്ചില്‍ കൊണ്ട് തീര്‍ച്ചയായും ഗുണമുണ്ടായി.
ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓപ്പറേഷന്‍ മാറ്റിവെച്ചവര്‍ ഇന്ന് ഡിസ്ചാര്‍ജ് ആയി പോകുകയാണ്. ഏറെ സന്തോഷകരമാണ്. അവരുടെ പുഞ്ചിരിയാണ് ഏറെ സമാധാനമെന്നും ഡോ. ഹാരിസ് പറഞ്ഞു.
പരിമിതികള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.
ആരോഗ്യവകുപ്പ് ശ്രദ്ധിക്കണമെന്നു മാത്രമാണ് വിചാരിച്ചത്. രോഗികള്‍ക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്നു മാത്രമാണ് കരുതിയത്.
ബ്യൂറോക്രസിയെ മാത്രമാണ് പോസ്റ്റില്‍ കുറ്റം പറഞ്ഞത്. സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍ എന്തുകൊണ്ടോ വിചാരിച്ചതിനും അപ്പുറത്തേക്ക് കടന്നുപോകുകയും വലിയ മാനങ്ങളിലേക്ക് പോകുകയും ചെയ്തു.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിപിഎം പാര്‍ട്ടി എന്നിവര്‍ തനിക്ക് എപ്പോഴും എല്ലാ പിന്തുണയും നല്‍കിയവരാണ്. അവര്‍ക്കെതിരെ തന്റെ പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ വളരെ വേദന തോന്നിയെന്നും ഡോ. ഹാരിസ് പറഞ്ഞു.