തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ കെ.എസ് അനിൽകുമാർ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.
സസ്പെൻഷൻ നടപടി മറികടന്ന് രജിസ്ട്രാർ സർവകലാശാലയിൽ എത്തിയേക്കും . വിസി ചുമതല നൽകിയ സിസ തോമസും സർവകലാശാല ആസ്ഥാനത്ത് എത്തും.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ സർവകലാശാല ചട്ട പ്രകാരം അനുമതി ഇല്ലെന്നാണ് സിൻഡിക്കേറ്റ് വ്യക്തമാക്കുന്നത്.
ഗവർണറുടെ ആവശ്യപ്രകാരമുള്ള വിസിയുടെ നടപടിയെ രജിസ്ട്രാർ കോടതിയിൽ ചോദ്യം ചെയ്യും. സിൻഡിക്കേറ്റും നിയമനടപടിക്ക് ഒരുങ്ങുകയാണ് .
ഗവർണറുടെ തീരുമാനപ്രകാരമുള്ള നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും നിയമപരമായി ചോദ്യം ചെയ്യും. ഇതോടെ ഭാരതാംബ ചിത്ര വിവാദം ഗവർണർ,സർക്കാർ പോര് കടുപ്പിക്കുമെന്ന സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ ദിവസമാണ് കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റേതാണ് നടപടി.
നേരത്തെ രജിസ്ട്രാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ചാൻസിലർ കൂടിയായ ഗവർണർ ശിപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി.
രജിസ്ട്രാർക്കെതിരെ വിസി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ ഗവർണർ നിർദേശിക്കുന്നത്.
അതേസമയം രജിസ്ട്രാർക്കെതിരെ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് സിൻഡിക്കേറ്റുമായി ചർച്ച ചെയ്തിട്ടില്ല എന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നു