തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോക്ടർ ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്.
സത്യം തുറന്നു പറഞ്ഞതിനാണോ ഡോ. ഹാരിസിനെതിരെ നടപടി എടുക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. മന്ത്രിമാര്‍ ക്യൂ നിന്ന് ഡോക്ടറെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
ഒരു വശത്ത് സത്യസന്ധനാണെന്ന് പറയുമ്പോഴാണ് മറുഭാഗത്ത് ഭീഷണിപ്പെടുത്തുന്നത്. ഡോ. ഹാരിസ് യൂറോളജി വിഭാഗത്തിലെ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്.
ബാക്കിയുള്ള വകുപ്പുകളിലും മറ്റു മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇതുതന്നെയാണ് സ്ഥിതി. എല്ലായിടത്തും മരുന്ന് ക്ഷാമമാണ്. സര്‍ജറിക്കുള്ള നൂലും കത്രികയും രോഗി വാങ്ങണം.
ഇത്രയും ഗതികേട് ഏതെങ്കിലും കാലത്ത് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിട്ടുണ്ടോ? നിലവില്‍ 1100 കോടിയോളം രൂപയാണ് സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നല്‍കാനുള്ളത്.
പണമില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
സത്യം തുറന്നു പറഞ്ഞതിന് ഡോക്ടര്‍ക്കെതിരെ നടപടി എടുത്താല്‍ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.