തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദവും ജനോപകാരപ്രദവുമായ ഹരിതോർജ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
അനെർട്ടിന്റെ നൂതന ഹരിതോർജ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2016 ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗും, വ്യവസായ മേഖലയിൽ പവർക്കെട്ടും നിലവുണ്ടായിരുന്നു.
എന്നാൽ, 9 വർഷത്തെ ഇടതു മുന്നണി ഭരണകാലത്ത് വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചും, പ്രസരണ മേഖലയിൽ മുടങ്ങി കിടന്ന പദ്ധതികൾ പോലും പൂർത്തീകരിച്ച് സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി വർധിപ്പിച്ചും പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതെ എല്ലാവർക്കും വൈദ്യുതി എത്തിച്ചുകൊണ്ടുള്ള ഒരു നവകേരളം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പുനരുപയോഗ ഊർജ്ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചതോടെ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളിൽ ഒന്നായ സൗര പുരപ്പുറ സോളാർ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ സർക്കാരിനായി.
ഇപ്പോൾ രാജ്യത്തിന് തന്നെ മാതൃകയായി പുരപ്പുറ സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിൽ നാളിതുവരെ 1576 മെഗാവാട്ട് കൈവരിക്കാൻ കഴിഞ്ഞു.
2016-ൽ സൗരോർജത്തിൽ നിന്നും ആകെ സ്ഥാപിതശേഷി 16.49 മെഗാവാട്ട് മാത്രം ആയിരുന്നു.
സംസ്ഥാനത്തെ കർഷകർക്ക് മാത്രമല്ല, ആദിവാസി ഗോത്ര വിഭാഗക്കാർക്കും ഉപകാരപ്പെടുന്ന നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനോടൊപ്പം വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നവരുടെ ഉപയോഗത്തിലേക്ക് സൗജന്യ നിരക്കിൽ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരിന് വേണ്ടി ആധുനിക സംവിധാനങ്ങളോടെ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ വരുന്ന ഉപഭോക്താക്കൾക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമായി അനർട്ട് ആസ്ഥാന കാര്യാലയത്തിൽ സജ്ജമാക്കിയ കസ്റ്റമർ ലോഞ്ച് ഇത്തരത്തിലുള്ള സംരംഭകർക്ക് മാതൃകയാക്കാവുന്നതാണ്.
ഇത്തരത്തിൽ കസ്റ്റമർ ലോഞ്ച് വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്നത് വാഹന യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.