തിരുവനന്തപുരം: 20,000 കോടി രൂപയോളം നികുതിയിനത്തിൽ സർക്കാരിന് കിട്ടുന്ന വ്യവസായമാണ് മദ്യവ്യവസായം. 2022- 23 വർഷത്തിൽ എക്സൈസ് ഡ്യൂട്ടിയിനത്തിൽ മാത്രം 2876 കോടിയാണ് സർക്കാരിന് കിട്ടിയത്.
വിൽപ്പന നികുതിയിനത്തിൽ 14843 കോടിയും സർക്കാരിന് കിട്ടി. രണ്ട് നികുതികളിൽ നിന്നുമായി 17,719 കോടിയാണ് ഖജനാവിലേക്ക് 2022-23 സാമ്പത്തിക വർഷം എത്തിയത്.
വിലകുറഞ്ഞ മദ്യം കൂടുതലായി വിപണിയിലിറക്കുകയാണ് സർക്കാർ. നിലവിൽ ജനപ്രിയ മദ്യമായ ജവാൻ മാത്രമാണ് സർക്കാരിന്റെ വിലകുറഞ്ഞ മദ്യം. വിലകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ പ്ളാന്റ് നിർമാണം ജൂലായ് 7 ന് തുടങ്ങും.
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. പത്ത് മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കി മദ്യ ഉത്പാദനം തുടങ്ങുകയാണ് ലക്ഷ്യം.25.90 കോടിയാണ് നിർമാണ ചെലവ്.
റം ആണോ ബ്രാൻഡിയാണോ ഉത്പാദിക്കുകയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഏതായാലും വില കുറവായിരിക്കും.
മദ്യ വിൽപനയിൽ മൂന്നു ശതമാനത്തിലേറെ പ്രതിവർഷ വർദ്ധനവുണ്ട്. ബിവറേജസ് കോർപറേഷന്റെ വരുമാനത്തിൽ 340 കോടി രൂപയുടെ വർധനയാണ് 2023ലുണ്ടായത്.
സർക്കാർ ഉടമസ്ഥതയിലുള്ള, തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ‘ജവാൻ’ എന്ന റമ്മിന്റെ പ്രതിദിന ഉൽപാദനം 8000 കെയ്സിൽനിന്ന് 12,000 കെയ്സ് ആയി വർധിപ്പിച്ചിരുന്നു.
ഇത് 15000 കെയ്സ് ആക്കി ഉടൻ ഉയർത്തും. കേരളത്തിന്റെ തനതു വരുമാനമായ 77,164.84കോടിയിൽ 23ശതമാനവും മദ്യത്തിൽ നിന്നുള്ളതാണ്.
പാലക്കാട്ടെ പ്ലാന്റിൽ സ്വയം നിയന്ത്രിതമായി പ്രവർത്തിക്കുന്ന ആധുനികമായ മൂന്ന് ബ്ളെൻഡിംഗ് ആൻഡ് ബോട്ടിലിംഗ് ലൈനുകളാണ് സ്ഥാപിക്കുന്നത്.
ഓരോ ലൈനിലും പ്രതിദിനം 4500 കെയ്സ് വരെ ഉത്പാദിപ്പിക്കാം. ഒരു ദിവസം പരമാവധി 13,500 കെയ്സ് മദ്യം. പ്രതിദിനം വേണ്ടത് ഒരു ലക്ഷം ലിറ്റർ ശുദ്ധജലമാണ്.
ഭൂഗർഭജലം ഉപയോഗിക്കില്ല. ആറു കിലോമീറ്റർ ദൂരത്തുള്ള ജലസംഭരണിയിൽ നിന്ന് പൈപ്പ് വഴി വെള്ളമെത്തിക്കുന്നതടക്കം പല മാർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും മഴവെള്ള സംഭരണിയാണ് പ്രധാനമായി പരിഗണിക്കുന്നത്.
പൊതുമേഖലാ സ്ഥാനപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിക്കാണ് നിർമാണ ചുമതല.
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് കീഴിലുള്ള മലബാർ ഡിസ്റ്രിലറീസ് ലിമിറ്റഡിനാണ് ഉടമസ്ഥത. പ്ലാന്റ് നിർമ്മാണത്തിന് ബെവ്‌കോ ഫണ്ട് ഉപയോഗിക്കും. ഉത്പാദനം തുടങ്ങുന്ന മുറയ്ക്ക് മദ്യം വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് തുല്യഗഡുക്കളായി കോർപ്പറേഷന്റെ വായ്പ തിരിച്ചടയ്ക്കണം.
വിദേശമദ്യത്തിന്റെ വിൽപ്പന നികുതി നാലു ശതമാനം വർധിപ്പിച്ചിരുന്നു. 247% നികുതി 251% ആയി വർധിച്ചു. ഇതോടെ വിൽപ്പന വിലയിൽ രണ്ടു ശതമാനം വർധനയുണ്ടായി.
വിവിധ ബ്രാൻഡുകൾക്ക് കുപ്പിക്ക് 10 രൂപ മുതൽ 20 രൂപവരെയാണ് വർധിച്ചത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
2020–21 സാമ്പത്തികവർഷം മദ്യനികുതിയായി ലഭിച്ചത് 10,392 കോടിരൂപയാണ്. 2021–22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടിരൂപയായി. 5 വർഷത്തിനിടെ ലഭിച്ചത് 54,673 കോടിരൂപയുടെ നികുതി വരുമാനമാണ്.