തിരുവനന്തപുരം: വ്യാജ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തശേഷം കസ്റ്റഡി മർദനത്തിനിരയായെന്ന് ദളിത് യുവതിയുടെ പരാതി. വ്യാജ മോഷണക്കേസിൽ അറസ്റ്റിലായ ബിന്ദുവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയൽ, മകൾ നിഷ, കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവരെ പ്രതിയാക്കിയാണ് കേസ്.
പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ നിർദേശ പ്രകാരം ഇന്നാണ് നെടുമങ്ങാട് സ്വദേശിയായ ബിന്ദു പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.
ബിന്ദു മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഓമന പരാതി നൽകിയത്. പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തുകയായിരുന്നു.
മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു.