തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ ഉപഭോക്താക്കളെ സാമ്പത്തികമായി തകർക്കുന്ന ശിപാർശകൾ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചത് പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഇത്തരത്തിലുള്ള ശിപാർശ നടപ്പാക്കിയാൽ സോളാർ ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാന ലംഘനവും ലോകമെമ്പാടും നടക്കുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുനയൊടിക്കലുമാകുമെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ - സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിച്ച് വൈദ്യുത ഉൽപാദനം നടത്തുകയും സ്വകാര്യ കമ്പനിയുടെ കാലാവധി കഴിയുകയും ചെയ്ത മണിയാർ പദ്ധതി കാർബൊറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനിയിൽ നിന്ന് തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അതിഭീമമായ നഷ്ടം വരുത്തിവെക്കുന്ന ഹ്രസ്വകാല വൈദ്യുത കരാറുകൾ അവസാനിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന ദീർഘകാല കരാറുകളിൽ ഏർപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.
പൂർത്തീകരിച്ച ജലവൈദ്യുതപദ്ധതികൾ പ്രവർത്തനക്ഷമമാക്കണമെന്നും, ജലവിനിയോഗത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.