തിരുവനന്തപുരം: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.
ജനുവരിയിലാണ് ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വരുന്നത്.
മെയ് മാസത്തിലുണ്ടായ സംഭവങ്ങളെത്തുടര്‍ന്നാണ് അവര്‍ അറസ്റ്റിലാകുന്നത്.
മെയില്‍ അറസ്റ്റിലാകുമെന്ന് ജനുവരിയിലേ കാണാന്‍ കഴിയുന്ന ദൂരക്കാഴ്ച ആര്‍ക്കാണ് ഉള്ളതെന്ന് മന്ത്രി റിയാസ് ചോദിച്ചു.
ഇനിയിപ്പോ വരുന്നവരെല്ലാം മെയിലോ ജൂണിലോ ഇന്നയിന്ന പ്രശ്‌നങ്ങളില്‍പ്പെടും എന്ന ദൂരക്കാഴ്ച ആര്‍ക്കും ഉണ്ടാകില്ലല്ലോ?. അതു മാത്രമല്ല, ഇത്തരമൊരു സംഭവം രാജ്യത്ത് ഉണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് കേന്ദ്ര ഏജന്‍സികളാണ്.
എന്നാല്‍ അത്തരമൊരു വിവരവും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ജ്യോതി മല്‍ഹോത്ര സംസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തതില്‍ അന്വേഷണം വേണമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും ജ്യോതി മല്‍ഹോത്ര പോയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവര്‍ പോയിട്ടുണ്ട്.
അവിടെയൊക്കെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് സൗകര്യം ഒരുക്കിക്കൊടുക്കാന്‍ അതത് സര്‍ക്കാരുകള്‍ ഇടപെട്ടു എന്നാണോ അവരുടെ വാദമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.