ശത്രുക്കളെ വിറപ്പിക്കാനുള്ള നാവികസേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് തമാലിന് കരുത്തു പകരുന്നത് കെൽട്രോണിന്റെ യന്ത്രങ്ങൾ. കടലാഴം അളക്കുന്ന ഉപകരണവും കടലിനടിയിലെ ആശയവിനിമയ സംവിധാനവും നിർമ്മിച്ചത് കെൽട്രോൺ. പ്രതിരോധ രംഗത്ത് കേരളത്തിന്റെ കരുത്തായി കെൽട്രോൺ വളരുന്നു. രാജ്യത്താദ്യമായി കളർ ടി.വിയുണ്ടാക്കിയ കെൽട്രോൺ ഇനി രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ കരുത്തായി മാറുമ്പോൾ

ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന്റെ 26% തദ്ദേശീയമായി നിർമിച്ചതാണ്. ഇതിലാണ് കെൽട്രോണും ഇടംപിടിച്ചത്. 39,000 ടൺ കേവുഭാരമുള്ള കപ്പലിന് 125 മീറ്ററാണു നീളം. 

New Update
images(7)

തിരുവനന്തപുരം: ശത്രുക്കൾക്ക് കടുത്ത ഭീഷണിയുയർത്താൻ നാവികസേനയുടെ ഭാഗമായ പുതിയ അത്യാധുനിക യുദ്ധക്കപ്പൽ ഐ.എൻ.എസ് തമാൽ കേരളത്തിനും അഭിമാനത്തിന് വകയുള്ളതാണ്. 

Advertisment

യുദ്ധപ്പലിൻ്റെ നിർമ്മാണ പ്രക്രിയയിലും സുപ്രധാന ചുമതല നിർവഹിച്ചത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ്.

4000T മൾട്ടി റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ ഐഎൻഎസ് തമാലിൻ്റെ നിർമ്മാണത്തിൽ പ്രധാന ഭാഗങ്ങളായ എക്കോസൗണ്ടറും (ആഴം അളക്കുന്ന ഉപകരണം) അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റവും നിർമ്മിച്ചതും ഇൻസ്റ്റാൾ ചെയ്തതും കെൽട്രോൺ ആണ്. 


ഇന്ത്യൻ നേവിക്കായി കെൽട്രോണിൻ്റെ വിദഗ്ധ ടീം റഷ്യയിൽ പോയി വിജയകരമായി ടെസ്റ്റുകൾ പൂർത്തീകരിച്ചതിന് ശേഷമാണ് ഇൻസ്റ്റലേഷൻ പ്രക്രിയ നടത്തിയത്. കെൽട്രോണിനും കേരളത്തിനും അഭിമാന നിമിഷമാണിത്.


റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ വച്ചാണ് ഐഎൻഎസ് തമൽ കമ്മീഷൻ ചെയ്തത്. ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷിയിലും ഇന്തോ-റഷ്യൻ സഹകരണത്തിലും ഒരു സുപ്രധാന നാഴികക്കല്ലായി ഇതിനെ കണക്കാക്കുന്നു. 

ആത്മനിർഭർ ഭാരത്, മെയ്‌ക്ക്-ഇൻ-ഇന്ത്യ സംരംഭങ്ങൾക്ക് കീഴിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന അവസാനത്തെ യുദ്ധക്കപ്പലാണിത്. വായുവിലും ജലോപരിതലത്തിലും സമുദ്രത്തിന്റെ അടിത്തട്ടിലും ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിലും ഉൾപ്പെടെ പ്രവർത്തിക്കാൻ കഴിയുന്നതരത്തിലാണ് ഐ.എൻ.എസ് തമലിന്റെ രൂപകൽപന. 


സെപ്റ്റംബറിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന യുദ്ധക്കപ്പൽ നാവികസേനയുടെ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാകും.


ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന്റെ 26% തദ്ദേശീയമായി നിർമിച്ചതാണ്. ഇതിലാണ് കെൽട്രോണും ഇടംപിടിച്ചത്. 39,000 ടൺ കേവുഭാരമുള്ള കപ്പലിന് 125 മീറ്ററാണു നീളം. 

വെർട്ടിക്കൽ ലോഞ്ച് ഹ്രസ്വദൂര എയർ ടു എയർ മിസൈൽ (വിഎൽഎസ്ആർഎഎഎം), മധ്യദൂര സർഫസ് ടു എയർ മിസൈൽ (എംആർഎസ്എഎം) എന്നിവയുൾപ്പെടുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളും കപ്പലിലുണ്ട്.


ഐഎൻഎസ് തമാൽ 30 നോട്ട് (ഏകദേശം 55 കിലോമീറ്റർ/മണിക്കൂർ) വേഗതയിൽ സഞ്ചരിക്കാനും ഒരു വിന്യാസത്തിൽ 3,000 കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കാനും പ്രാപ്തമാണ്. 


ഇന്ത്യൻ നേവിക്കായി ലോകത്ത് എവിടെ യുദ്ധകപ്പൽ നിർമ്മിച്ചാലും കെൽട്രോണിന്റെ ഉപകരണങ്ങളാണ് കരുത്താകുക. 

ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽവന്ന സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) രൂപവത്കരണത്തിന്റെ 50 വർഷം പിന്നിടുമ്പോൾ 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയാണ് കെൽട്രോണിന്റെ മുഖ്യ കരുത്ത്. 

നാവികസേനക്കുവേണ്ടി ഒട്ടനവധി ഉൽപന്നങ്ങൾ കെൽട്രോൺ നിർമിച്ചു നൽകിവരുന്നുണ്ട്. കെൽട്രോണിന്റെ സ്വന്തം സാങ്കേതികവിദ്യയും കൂടാതെ സി-ഡാക്കിന്റെയും എൻ.പി.ഒ.എൽ-ന്റെയും സാങ്കേതികവിദ്യയും ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ - ടോവ്ഡ് അറെ സിസ്റ്റം, ട്രാൻസർ, സോണോബൈ, സോണാർ പവർ ആംപ്ലിഫൈർ, സോനാർ അരെ, എക്കോ സൗണ്ടർ, ഇ.എം ലോഗ്, അണ്ടർ വാട്ടർ ടെലിഫോണി തുടങ്ങിയവ കെൽട്രോൺ തദ്ദേശീയമായി നിർമിച്ച് ഇന്ത്യൻ നേവിക്ക് നൽകുന്നുണ്ട്.  


ഐ.എസ്.ആർ.ഒ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്പേസ് ഇലക്ട്രോണിക്സിന് വേണ്ട ഉപകരണങ്ങൾ നിർമിച്ചുനൽകുന്നു. 


ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഏകദേശം 40 എണ്ണം കെൽട്രോൺ നൽകിവരുന്നതാണ്.

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്സ്മെൻറ് സിസ്റ്റം രാജ്യത്ത് ആദ്യമായി നടപ്പാക്കി ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റത്തിൽ ഒരു വിപ്ലകാത്മക മാറ്റത്തിന് കെൽടോൺ തുടക്കമിട്ടു. 

കെൽട്രോൺ നടപ്പാക്കിയ ഈ അത്യാധുനിക പദ്ധതിയുടെ ഫലപ്രാപ്തിയും വിജയവും മനസ്സിലാക്കി ഇതര സംസ്ഥാന സർക്കാറുകളും ഏജൻസികളും കെൽട്രോണിനെ സമീപിച്ചിട്ടുണ്ട്. 


ഐ.ടി അധിഷ്ഠിത ഇ-ഗവേണൻസ് നടപ്പാക്കി കെൽട്രോൺ പുതുമാതൃക സൃഷ്ടിച്ചു. 


കോവിഡ് കാലത്ത് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ ജയിൽ, കോടതി എന്നിവയെ ബന്ധിപ്പിക്കുന്ന വിഡിയോ കോൺഫറൻസിങ് സിസ്റ്റം, ഡാറ്റ സെൻററുകൾ, ക്ലൗഡ് ഡാറ്റ സെർവറുകൾ തുടങ്ങിയ ഐ.ടി ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ, വിവിധതരം സോഫ്റ്റ് വെയർ സൊല്യൂഷനുകൾ സ്മാർട്ട് ക്ലാസ് റൂം/ഹൈ ടെക് ലാബ് പദ്ധതികൾ തുടങ്ങിയവ കെൽടോണിന്റേതാണ്. 

രാജ്യത്തെ മിക്ക നഗരങ്ങളും സ്മാർട്ട് സിറ്റി ആകുന്നതിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങൾ കെൽട്രോൺ സ്ഥാപിക്കുന്നുണ്ട്. അഹ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊച്ചി, തിരുപ്പതി എന്നിവിടങ്ങളിൽനിന്ന് അതിനുള്ള ഓർഡറുകൾ നേടിയെടുത്തു.

Advertisment