കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഓഫീസ് ഒഴിഞ്ഞ് ഇറങ്ങിപ്പോകണമെന്ന് വി.സിയുടെ നോട്ടീസ്. ഓഫീസിൽ തുടരുന്നത് അനധികൃതം. ആവർത്തിച്ചാൽ കർശന നടപടി. രജിസ്ട്രാർ ഓഫീസിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ വി.സി പോലീസിനെ വിളിക്കും. രജിസ്ട്രാറെ ബലപ്രയോഗത്തിലൂടെ പുറത്തിറക്കുമോ. രജിസ്ട്രാറെ തിരിച്ചെടുത്ത സമാന്തര സിൻഡിക്കേറ്റ് യോഗത്തിന് നിയമസാധുതയില്ലെന്ന് ഗവർണർ. കേരള യൂണിവേഴ്സിറ്റിയിലെ ഭാരതാംബ ചിത്രവിവാദം കൈവിട്ടു പോവുമ്പോൾ

ഡോ.അനിൽകുമാർ ഓഫീസൊഴിഞ്ഞ് പുറത്തുപോവാൻ വി.സി നോട്ടീസ് നൽകിയതോടെ രജിസ്ട്രാർ വീണ്ടും പുറത്തായി. പുറത്തുപോയില്ലെങ്കിൽ പൊലീസ് സഹായം തേടാം.

New Update
images(1002)

തിരുവനന്തപുരം: കേരള സർവകലാശാല മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സംഘർഷഭരിതമായ ദിനങ്ങളിലേക്കാണ് ഇനി കടക്കുന്നത്.

Advertisment

സസ്പെൻഡ് ചെയ്യപ്പെട്ട കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ്. അനിൽകുമാർ  യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറുന്നത് വിലക്കിക്കൊണ്ട് വി സി ഡോ: സിസാ തോമസ് നോട്ടീസ് നൽകിയതോടെ കാര്യങ്ങൾ സങ്കീർണമാവുകയാണ്.


ഭാരതാംബ ചിത്രവിവാദത്തിൽ വൈസ്ചാൻസലർ സസ്പെൻഡ് ചെയ്തിരുന്ന ഡോ.അനിൽകുമാറിനെ സിൻഡിക്കേറ്റിന്റെ സമാന്തര യോഗമാണ് തിരിച്ചെടുത്തത്. 


സമാന്തരയോഗത്തിലെ തീരുമാനത്തിന് കടലാസിന്റെ വിലപോലുമില്ലെന്നും അതിനാൽ ഡോ.അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണെന്നുമാണ് ഗവർണറുടെ നിലപാട്.

ഇക്കാര്യം വ്യക്തമാക്കി വി.സിക്ക് വീണ്ടും ഉത്തരവിറക്കാമെന്നും ഗവർണർ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് വി.സിയുടെ നോട്ടീസ്.

സസ്പെൻഡ് ചെയ്തതിനെതിരേ ഡോ.അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിൻഡിക്കേറ്റിന്റെ സമാന്തര യോഗം തിരിച്ചെടുക്കാൻ തീരുമാനിച്ചതോടെ ഹൈക്കോടതിയിലെ ഹർജി അദ്ദേഹം പിൻവലിക്കുകയായിരുന്നു.


സിൻഡിക്കേറ്റ് തീരുമാനത്തിന്റെ നിയമസാധുത ഉചിതമായ അധികാര കേന്ദ്രത്തിന്  പരിശോധിക്കാവുന്നതാണെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസി നോട്ടീസ് നൽകിയത്. 


ജൂലൈ 6 ന്  വിസി യുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം  അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ  തീരുമാനിച്ചിട്ടില്ലെന്നും  സസ്പെൻഷൻ തുടരുകയാണെന്നും  അനധികൃതമായി സർവ്വകലാശാല ക്യാമ്പസിൽ സന്ദർശിച്ച് രജിസ്ട്രാറുടെ  ഓഫീസ്  കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് ആവർത്തിച്ചാൽ  സർവ്വകലാശാല  ചട്ടപ്രകാരമുള്ള  അച്ചടക്ക നടപടികൾക്ക് വിധേയനാകുമെന്നും  നോട്ടീസിൽ വിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വൈസ്ചാൻസലറുടെ ചുമതലവഹിക്കുന്ന ഡോ.സിസാതോമസ് സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടശേഷം, ഡോ.പി.എം.രാധാമണിയുടെ അദ്ധ്യക്ഷതയിൽ സമാന്തര യോഗം ചേർന്നാണ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്.


ഈ യോഗത്തിന്റെ മിനുട്ട്സും ഡോ.അനിൽകുമാറിന് ചുമതലയേൽക്കാൻ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ ഇറക്കിയ ഉത്തരവും അഡ്‌മിനിസ്ട്രേറ്റീവ് സെക്ഷനിൽ നിന്ന് പിടിച്ചെടുത്ത് വി.സി ഇന്നലെ ഗവർണർക്ക് കൈമാറിയിരുന്നു. 


താൻ സിൻഡിക്കേറ്റ്  യോഗം പിരിച്ചുവിട്ടതിന്റെ യഥാർത്ഥ മിനുട്ട്സും സിസാതോമസ് ഗവർണർക്ക് കൈമാറി. ഇടത് സിൻഡിക്കേറ്രംഗങ്ങൾ നടത്തിയത് നിയമസാധുതയില്ലാത്ത യോഗമാണെന്ന് വിലയിരുത്തിയാണ് സമാന്തരയോഗവും അതിലെ തീരുമാനങ്ങളും അസാധുവാണെന്ന് ഗവർണർ വിലയിരുത്തിയത്.

ഡോ.അനിൽകുമാർ ഓഫീസൊഴിഞ്ഞ് പുറത്തുപോവാൻ വി.സി നോട്ടീസ് നൽകിയതോടെ രജിസ്ട്രാർ വീണ്ടും പുറത്തായി. പുറത്തുപോയില്ലെങ്കിൽ പൊലീസ് സഹായം തേടാം.

സിൻഡിക്കേറ്റിലെ ഏതുതീരുമാനവും അംഗീകരിക്കാനും നടപ്പാക്കാനും വി.സി രണ്ടുവട്ടം ഒപ്പുവയ്ക്കേണ്ടതുണ്ട്. തീരുമാനം അംഗീകരിച്ചശേഷവും വി.സിക്ക് നടപ്പാക്കാതിരിക്കാൻ അധികാരമുണ്ട്.


എന്നാൽ വി.സി പിരിച്ചുവിട്ടശേഷം ചേർന്ന സമാന്തരയോഗം പൂർണമായി നിയമവിരുദ്ധമാണെന്നാണ് ഗവർണർക്കുള്ള നിയമോപദേശം. രജിസ്ട്രാറുടെ ചുമതല വി.സി കൈമാറിയ പ്ലാനിംഗ് ഡയറക്ടർ ഡോ.മിനികാപ്പന് ഇതുവരെ ചുമതലയേൽക്കാനായിട്ടില്ല. 


ചുമതലനൽകി വി.സി ഉത്തരവിറക്കിയെങ്കിലും അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിറക്കാത്തതിനാൽ മിനിക്ക് രജിസ്ട്രാറുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും നൽകിയിട്ടുമില്ല. അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാർ അവധിയിലാണ്.

രജിസ്ട്രാറുടെ ഓഫീസിലെത്തിയ ഡോ.കെ.എസ്.അനിൽകുമാർ ഫയലുകൾ പരിശോധിക്കുന്നത് വി.സി തടഞ്ഞിട്ടുണ്ട്. ഡിജിറ്റൽ ഫയൽ സംവിധാനത്തിൽ നിന്ന് അനിൽകുമാറിന്റെ യൂസർ ഐ.ഡിയും പാസ്‌വേർഡും നേരത്തേ വി.സി റദ്ദാക്കിയിരുന്നെങ്കിലും അത് തിരികെ ലഭിച്ചതോടെ ഫയൽനോട്ടം തുടങ്ങി.

പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബിരുദംനേടിയ വിദ്യാർത്ഥിനിക്ക് ബിരുദ അംഗീകാര സർട്ടിഫിക്കറ്റ് നൽകാനുള്ള ഫയൽ അക്കാഡമിക് വിഭാഗം ഡോ.അനിൽകുമാറിനയച്ചിരുന്നു.


ഇത് മടക്കിവിളിച്ച വി.സി, അനിൽകുമാറിനെ ഒഴിവാക്കി തനിക്ക് നേരിട്ട് ഫയലുകൾ അയയ്ക്കാൻ ജോയിന്റ് രജിസ്ട്രാർമാരോട് നിർദ്ദേശിച്ചു. 


വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റിന് വി.സിയാണ് അംഗീകാരം നൽകിയത്. സസ്പെൻഷനിലുള്ള ഡോ.അനിൽകുമാർ അയയ്ക്കുന്ന ഫയലുകളൊന്നും അംഗീകരിക്കേണ്ടെന്നാണ് വി.സിയുടെ നിർദ്ദേശം.

അതിനിടെ, വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് സർവകലാശാല വളപ്പിനും  മന്ദിരത്തിനും അപ്രതീക്ഷിതമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചു കൊണ്ടുള്ള അക്രമ സംഭവങ്ങളിൽ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു  ഡിജിപിക്ക് വി സി പരാതി നൽകി.

ഒരുപറ്റം എസ്എഫ്ഐ വിദ്യാർത്ഥികൾ സർവ്വകലാശാല ഭരണ വിഭാഗത്തിന്റെ  പ്രധാന പ്രവേശന കവാടം  ബലപ്രയോഗത്തിലൂടെ ഉപരോധിച്ച് ഓഫീസ് പ്രവർത്തനം തടസ്സ പെടുത്തിയതായും, സർവകലാശാലയുടെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയതായും കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കേണ്ടതാണെന്നും  പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment