തിരുവനന്തപുരം : ദേശീയ പണിമുടക്കിനെതിരെ സർക്കാർ പ്രഖ്യാപിച്ച ഡയസ്‌നോണിനുമുണ്ട് ഒരു സമര ചരിത്രം. ജോലിക്കെത്താത്ത ജീവനക്കാർ ശമ്പളം നൽകാതിരിക്കാനാണ് സർക്കാരിന്റെ ഡയസ്‌നോൺ നടപ്പാക്കൽ.
ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതേ ഡയസ്‌നോണിനെതിരെ സമരം ചെയ്ത സി.പി.എം ഇപ്പോൾ പണിമുടക്കിനെ നേരിടാൻ ഈ നടപടി തന്നെ നടത്തുന്നുവെന്നതും വിരോധാഭാസമായി നിലനിൽക്കുന്നു.
ഡയസ്നോൺ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്- പണിയെടുക്കാത്തവർക്ക് വേതനമില്ല എന്നാണ്. പണിമുടക്കിൽ പങ്കെടുക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥൻ/ഉദ്യേഗസ്ഥ അനധികൃതമായി ജോലിക്ക് ഹാജാരാകാതിരുന്നാൽ, ഈ കാലയളവ് ഡയസ്നോണായി പരിഗണിക്കും.
ഇനി ഡയസ്‌നോണിനെതിരായത സി.പി.എമ്മിന്റെ സമരചരിത്രത്തിലേക്ക് കണ്ണോടിക്കാം. സംസ്ഥാനത്ത് ഡയസ്നോൺ ആദ്യമായി നടപ്പാക്കിയത് സി.അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ്.
1973 ജനുവരി ഒന്നു മുതൽ ശമ്പള വർദ്ധന ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാരുടെ സമരത്തെ നേരിടാനാണ് അന്ന് കോൺഗ്രസ് പിന്തുണയോടെ ഭരിക്കുന്ന സർക്കാർ ഡയസ്‌നോൺ നടപ്പാക്കിയത്.
സംസ്ഥാനത്തിന്റെ വരുമാനം മുഴുവൻ ശമ്പളത്തിനായി ചെലവഴിക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ ജീവനക്കാരുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോന്റെ പ്രഖ്യാപനം.
എന്നാൽ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ പണിമുടക്ക് പ്രഖ്യാപിച്ച അന്നു മുതൽ തന്നെ സർക്കാർ ഡയസ്നോണും പ്രഖ്യാപിച്ചു.
ശമ്പളം വാങ്ങി സമരം നടത്തുന്ന പതിവ് സമ്പ്രദായത്തിന് എതിരെ സർക്കാർ സ്വീകരിച്ച നിലപാട് പ്രതിപക്ഷത്തേയും സമരക്കാരെയും ഒരേ പോലെ അമ്പരപ്പിച്ചു.
അന്ന് സർക്കാർ ഓഫീസുകളിൽ ജോലിക്ക് കയറാൻ എത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. സമരാനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാരിന്റെ നടപടികൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പൗരാവകാശ സമിതി രൂപീകരിച്ച് സമരം ചെയ്യുന്ന ജീവനക്കാരെ പാർട്ടി പിന്തുണച്ചു.
അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിന് മുന്നിൽ സമരസമിതിക്കാർ കൂട്ട നിരാഹാരം തുടങ്ങി.
സമരം കടുത്തതോടെ വ്യാപകമായ അക്രമവും അതിനെതിരെ ലാത്തിചാർജും നടന്നു. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 21ന് സംസ്ഥാനത്ത് സി.പി.എമ്മിന്റെ തേൃത്വത്തിൽ ബന്ദ് നടത്തി.
അന്നത്തെ അക്രമത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി അക്രമത്തെയും സമരത്തെയും അടിച്ചമർത്തുമെന്നായിരുന്നു മുഖ്യമന്ത്രി അച്യുതമേനോന്റെ നിലപാട്.
പിന്നീട് ഗതികെട്ട് മാർച്ച് മൂന്നിന് ചില ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് കാട്ടി സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ പിന്നീട് എല്ലാ സമരകാലത്തും ഡയസ് നോൺ നിലവിൽ വന്നു. 2022ൽ നടന്ന ദേശീയ പണിമുടക്കിൽ പിണറായി സർക്കാരും ഡയസ്‌നോൺ ഏർപ്പെടുത്തിയിരുന്നു.
ഡയസ്-നോൺ കാലയളവിൽ ജീവനക്കാരന് ശമ്പളത്തിനും ബത്തയ്ക്കും അർഹതയില്ലായിരിക്കും. അതേ പോലെ ഈ കാലയളവ് ആർജിത അവധിക്കും യോഗ്യകാലമായി പരിഗണിക്കുകയില്ല. പ്രൊബേഷൻ കാലയളവിനെ ഡയസ്-നോൺ ബാധിക്കുമെങ്കിലും പെൻഷനെ ബാധിക്കുന്നതല്ല.