സസ്പെന്‍ഷനില്‍ ഉള്ളയാള്‍ എങ്ങനെ ഫയല്‍ അയയ്ക്കും?'. തിരിച്ചയച്ച് വിസി. രജിസ്ട്രാര്‍ ഡോ. മിനി കാപ്പന്‍ അയച്ച 25 ഫയലുകളും വിസി മോഹന്‍ കുന്നുമ്മല്‍ ഒപ്പിട്ടു

വിസിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ് നിയമിച്ച രജിസ്ട്രാര്‍ അനില്‍കുമാറിനെ ഗൗനിക്കാതെയുള്ള പ്രവര്‍ത്തനമാണ് വിസി മോഹന്‍ കുന്നുമ്മല്‍ നടത്തുന്നത്.

New Update
kerala university tvm

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍- രജിസ്ട്രാര്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു.

Advertisment

രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഇന്നും സര്‍വകലാശാല ഓഫീലെത്തി.

 എന്നാല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ മുഖേന തനിക്ക് ഒരു ഫയലും അയക്കരുതെന്ന് വിസി മോഹന്‍ കുന്നുമ്മല്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ മൂന്നു ഫയലുകള്‍ വൈസ് ചാന്‍സലറുടെ പരിഗണനയ്ക്ക് അയച്ചു.

രജിസ്ട്രാര്‍ അനില്‍കുമാര്‍ അടിയന്തര പ്രാധാന്യത്തോടെ അയച്ച മൂന്നു ഫയലുകളും വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ തിരിച്ചയച്ചു.

 സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ എങ്ങനെ തനിക്ക് ഫയല്‍ അയക്കുമെന്നാണ് വിസി ചോദിച്ചത്.

 അതേസമയം, താന്‍ നിയമിച്ച രജിസ്ട്രാര്‍ ഡോ. മിനി കാപ്പന്‍ അയച്ച 25 ഫയലുകളും വിസി മോഹന്‍ കുന്നുമ്മല്‍ ഒപ്പിടുകയും ചെയ്തു.

 വിസിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ് നിയമിച്ച രജിസ്ട്രാര്‍ അനില്‍കുമാറിനെ ഗൗനിക്കാതെയുള്ള പ്രവര്‍ത്തനമാണ് വിസി മോഹന്‍ കുന്നുമ്മല്‍ നടത്തുന്നത്.

അതിനിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

കേരള സര്‍വകലാശാലയില്‍ പ്രതിസന്ധിയുണ്ട്. ഉദ്യോഗസ്ഥരില്‍ ആര്‍ക്കാണ് ചുമതലയെന്ന് വ്യക്തതയില്ലായ്മയുണ്ട്.

 സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണം. സര്‍വകലാശാലയില്‍ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.

അതിനാല്‍ സര്‍വകലാശാലയ്ക്ക് കേന്ദ്രസേനയുടെ സുരക്ഷ വേണം.

Advertisment